
കോട്ടയം: നഗരത്തിലെ മാലിന്യ സംസ്കരണം പൂർത്തിയായെന്നു പ്രഖ്യാപിച്ചിട്ട് 2 മാസമായി. ഇപ്പോൾ ഉയരുന്ന ചോദ്യം നഗരസഭാ ഓഫീസിലെ മാലിന്യം ആര് നീക്കം ചെയ്യും എന്നതാണ്.
ഗോവ അടക്കം പലസ്ഥലങ്ങളിലും പോയി മാലിന്യ സംസ്കരണ രീതികൾ കണ്ട് പഠിച്ചിട്ടും സ്വന്തം ഓഫീസിലെ ചാക്കുകെട്ടുകൾ നീക്കo ചെയ്യുന്നത് എങ്ങനെയെന്ന് കോട്ടയം നഗരസഭാ അധികാരികൾക്ക് മനസിലായിട്ടില്ല.
കോട്ടയം നഗരസഭയുടെ ഹെഡ് ഓഫീസിലെ റവന്യു വിഭാഗത്തിലേക്ക് കയറി പോകുന്ന വരാന്തയിലും വഴിയിലുമായി സൂക്ഷിക്കുന്ന പഴയ ഫയലുകളും മാലിന്യങ്ങളും അടക്കമുള്ള നൂറിലധികം ചാക്ക് കെട്ടുകളാണ് പരിസരം വൃത്തിഹീനമാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റവന്യു വിഭാഗത്തിന് മുൻവശം. ജനറൽ, എൻജിനിയറിംഗ് വിഭാഗങ്ങളിലേക്ക് പോകുന്ന വരാന്തയിലുമായിട്ടാണ് ദിവസങ്ങളായി ചാക്കുകെട്ടുകൾ സൂക്ഷിക്കുന്നത്. ഉപയോഗമുള്ളതും ഇല്ലാത്തതുമായ ഫയലുകളും മാലിന്യങ്ങളുമാണ് ചാക്കുകെട്ടുകളിലുള്ളത്.
നഗരസഭാ ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്ക് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ചാക്കുകളിൽ വിലപ്പെട്ട രേഖകളാണെങ്കിൽ അവ നഷ്ടപ്പെടാതെ മറ്റ് എവിടെയെങ്കിലും സൂക്ഷിക്കണം. വിലപ്പെട്ടതല്ല എങ്കിൽ അവ നശിപ്പിക്കണം. ഇതൊന്നും ചെയ്യാതെ ഓഫീസ് വരാന്തയിൽ ഫയലുകൾ ചാക്കിൽ കെട്ടി സൂക്ഷിക്കുന്നത് കോട്ടയതല്ലാതെ മറ്റൊരിടത്തും കാണില്ല.
ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് ആരും പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ല. അതിനുവേണ്ടി ഗോവയിൽ പോവുകയും വേണ്ട.
മാലിന്യ സംസ്കരണം പഠിക്കാൻ നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഗോവയ്ക്ക് പോയിരുന്നു.
ഗോവ വേസ്റ്റ് മാനേജ്മെന്റ് കോർപറേഷൻ നടത്തുന്ന പഠന ക്ലാസിൽ പങ്കെടുത്ത് തിരികെ വന്നിട്ടും നഗരസഭാ ഓഫീസിനകത്തെ മാലിന്യം നീക്കം ചെയ്യാൻ പോലും കഴിയുന്നില്ലെങ്കിൽ എന്തു സംസ്കരണമാണ് ഇവർ പഠിച്ചത്. ഇങ്ങനെയാണേൽ പഠിച്ചിട്ട് വലിയ കാര്യമൊന്നുമില്ല.