video
play-sharp-fill

Tuesday, May 20, 2025
HomeLocalKottayamപോലീസ് എന്തേ ഇങ്ങനെ ? കഞ്ചാവ് ബീഡി വലിച്ചതിന് പിടികൂടി ക്രൂര മർദനം: ബൈക്കും ഫോണും...

പോലീസ് എന്തേ ഇങ്ങനെ ? കഞ്ചാവ് ബീഡി വലിച്ചതിന് പിടികൂടി ക്രൂര മർദനം: ബൈക്കും ഫോണും പിടിച്ചു വച്ചു: ഒടുവിൽ വാരിയെല്ല് തകർന്ന് മരണം: കോയിപ്രം സ്വദേശി സുരേഷിനെ പോലീസ് തല്ലി കൊന്നതോ?

Spread the love

പത്തനംതിട്ട: തരുണ്‍മൂര്‍ത്തിയുടെ ‘തുടരും’ സിനിമ പറഞ്ഞത് പത്തനംതിട്ടയിലെ പോലീസ് കഥയാണ്. റാന്നിയിലെ പോലീസ് കൊലപാതകം ബെന്‍സിന്റെ തലയില്‍ വച്ചു കെട്ടിയ കഥ.

ഇപ്പോഴിതാ കോന്നിയിലെ മാങ്കോസ്റ്റിന്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ അജ്ഞാതനെ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം ചെന്നു നില്‍ക്കുന്നത് കോയിപ്രം പോലീസ് സ്റ്റേഷനില്‍. മരിച്ചയാളുടെ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞതും ശരീരത്തുളള ഉരഞ്ഞ പാടുകളും ചന്തിക്ക് ചൂരല്‍ പ്രയോഗം കിട്ടിയതിന്റെ തെളിവുകളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നു. കൊടിയ പോലീസ് മര്‍ദനത്തിലേക്ക് ഈ സൂചനകള്‍ നീളുമ്പോള്‍ അന്വേഷണം രഹസ്യമാക്കി പോലീസുകാരെ രക്ഷിക്കാനുള്ള നീക്കം നടക്കുന്നുവെന്ന് സംശയം. തുടരും സിനിമയിലേതിനെ പോലെ പോലീസ് കൊലകള്‍ യഥാര്‍ത്ഥ്യമാണെന്ന് വിരല്‍ ചൂണ്ടുന്ന കേസ്.

കഞ്ചാവ് ബീഡി വലിച്ചതിന് കോയിപ്രം പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ച കോയിപ്രം വരയന്നൂര്‍ മുട്ടപ്പള്ളിയില്‍ കോളനി വാലുപറമ്പില്‍ വീട്ടില്‍ കെ.എം. സുരേഷിന്റെ (58) മൃതദേഹമാണ് മാര്‍ച്ച്‌ 22 ന് രാവിലെ കോന്നി സ്റ്റേഷന്‍ പരിധിയില്‍ പ്രമാടം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ഇളകൊള്ളൂര്‍ പാലം ജങ്ഷന് സമീപം ബിജുഫിലിപ്പിന്റെ മാങ്കോസ്റ്റിന്‍ തോട്ടത്തില്‍ കണ്ടെത്തിയത്. കോന്നി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നുവെന്ന് ഡോക്ടര്‍ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേലാസകലം ഉരഞ്ഞതിന്റെയും ചന്തിക്ക് ചൂരല്‍ കൊണ്ട് അടിയേറ്റതിന്റെയും പാടുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. പ്രമാടം പഞ്ചായത്തംഗം മനോജാണ് കോന്നി പോലീസ് സ്റ്റേഷനില്‍ അജഞാത മൃതദേഹം കണ്ട വിവരം അറിയിക്കുന്നത്. അസ്വാഭാവിക മരണത്തിന് കോന്നി പോലീസ് കേസ് എടുത്തു. പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തലുകളോടെ കേസിന്റെ ഗതി മാറി. എന്നാല്‍, വകുപ്പുകള്‍ അധികമായി ചേര്‍ത്ത് ഒരു എഫ്‌ഐആര്‍ ഉണ്ടായില്ല. പകരം രഹസ്യമായി അന്വേഷണം തുടങ്ങി. അതാണ് കോയിപ്രം പോലീസിലെത്തി നില്‍ക്കുന്നത്.

മാര്‍ച്ച്‌ 16 ന് വൈകിട്ട് ആറേമുക്കാലോടെ വരയന്നൂര്‍ സബ്കനാലിന് സമീപത്താണ് പോലീസ് പട്രോളിങ് പാര്‍ട്ടിയില്‍പ്പെട്ട ഗ്രേഡ് എസ്.ഐ. എസ്.ഷൈജു, സി.പി.ഓ അനന്തകൃഷ്ണന്‍ എന്നിവര്‍ സുരേഷിനെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. പോലീസിനെ കണ്ട് ഇയാള്‍ വലിച്ചു കൊണ്ടിരുന്ന ബീഡി എറിഞ്ഞു കളഞ്ഞു. അന്തരീക്ഷത്തില്‍ കഞ്ചാവിന്റെ മണം ഉള്ളതിനാല്‍ സംശയം തോന്നി സുരേഷ് കളഞ്ഞ ബീഡിക്കുറ്റി പട്രോളിങ് പാര്‍ട്ടി പരിശോധിച്ചു. കഞ്ചാവും ചുക്കയും ഇടകലര്‍ത്തിയ ബീഡിയായിരുന്നു ഇത്. തിരുവല്ലയില്‍ നിന്ന് വാങ്ങിയതാണെന്ന് പോലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് തിരുവല്ല ഡിവൈ.എസ്.പിയുടെ അനുമതിയോടെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു. എന്നാല്‍, ഇയാളുടെ ബൈക്ക്, മൊബൈല്‍ ഫോണ്‍ എന്നിവ കസ്റ്റഡിയില്‍ തന്നെ സുക്ഷിച്ചു.

മാര്‍ച്ച്‌ 19 ന് വീണ്ടും ചോദ്യം ചെയ്യാന്‍ കോയിപ്രം സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. 22 ന് കോന്നിയിലെ തോട്ടത്തില്‍ മൃതദേഹവും കണ്ടു. സംഭവം നടക്കുന്നതിന് രണ്ടു ദിവസം മുന്‍പ് രാത്രി മൂന്നു പേര്‍ വന്ന് സുരേഷിനെ വിട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോയെന്ന് മാതാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സുരേഷ് ഒരാളുടെ വാഹനത്തില്‍ ഡ്രൈവര്‍ ആയി പോകുന്നയാളാണ്. തന്നെ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് സുരേഷ് വാഹന ഉടമയോട് പറഞ്ഞതായി അദ്ദേഹം കോന്നി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷമായി സുരേഷ് ഭാര്യയുമായി പിണങ്ങി ജീവിക്കുകയാണ്.

 

മാര്‍ച്ച്‌ 19 ന് ഇയാളെ ചോദ്യം ചെയ്തു വിട്ടയച്ചുവെന്നാണ് കോയിപ്രം സ്റ്റേഷനില്‍ നിന്ന് അറിയിച്ചിട്ടുള്ളത് എന്നാണ് കോന്നി ഡിവൈ.എസ്.പി രാജപ്പന്‍ റാവുത്തര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കോയിപ്രം പോലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വാരിയെല്ലുകള്‍ ഒടിഞ്ഞതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. തൂങ്ങി മരിച്ചതിന് ഇട്ട എഫ്.ഐ.ആര്‍ മാത്രമാണ് നിലവിലുള്ളത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വകുപ്പുകള്‍ മാറ്റി എഫ്.ഐ.ആര്‍ ഇട്ടിട്ടില്ലെന്നും ഡിവൈ.എസ്.പി പറഞ്ഞു.

തൂങ്ങി മരണമാണ് സുരേഷിന്റേത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ശരീരത്തിലേറ്റ പരുക്കുകള്‍ക്ക് രണ്ടു മുതല്‍ ആറു ദിവസം വരെ പഴക്കമുണ്ടെന്നാണ് പറയുന്നത്. കോയിപ്രം പോലീസ് രണ്ടാമത് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിടം മുതലാണ് ദുരൂഹത ഉടലെടുത്തിരിക്കുന്നത്. ഇയാളെ ജീവനോടെ വിട്ടയച്ചോ അതോ പോലീസ് മര്‍ദിച്ചു കൊലപ്പെടുത്തിയോ എന്ന സംശയമാണ് ഉയരുന്നത്. കോയിപ്രത്തുകാരനായ സുരേഷ് എന്തിന് ജീവനൊടുക്കാന്‍ 25 കിലോമീറ്ററുകള്‍ അകലെ തനിക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്ത കോന്നിയിലെ തോട്ടം തെരഞ്ഞെടുക്കണമെന്ന ചോദ്യവും ബാക്കിയാണ്.

സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും വിവരം രഹസ്യമാക്കി വച്ചുള്ള അന്വേഷണമാണ് പോലീസിന്റെ ഭാഗത്തു നിന്നുള്ളത്. മരിച്ച സുരേഷിന്റെ വീട്ടുകാര്‍ക്കും സംഭവത്തിന്റെ ഗൗരവം മനസിലാകാത്തത് പോലീസിന് തുണയാണ്.
നിസാരമായ ഒരു കേസിന്റെ പേരില്‍ ബൈക്കും ഫോണും പിടിച്ചു വച്ചത് സുരേഷിന് മാനസിക വിഷമം സൃഷ്ടിച്ചിരുന്നു. തന്റെ വാഹനത്തിന്റെ ഉടമയോട് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. കോന്നി പോലീസ് എല്ലാവരുടെയും മൊഴി എടുത്തിട്ടുണ്ട്. പോലീസ് മര്‍ദനത്തിലേക്ക് തന്നെയാണ് ഇതുവരെയുള്ള അന്വേഷണം ചെന്നു നില്‍ക്കുന്നത്. സുരേഷിന് മര്‍ദനം ഏറ്റിരിക്കുന്നത് ആദ്യം കസ്റ്റഡിയില്‍ എടുത്ത മാര്‍ച്ച്‌ 16 നാണ്. അത് പോലീസില്‍ നിന്നുണ്ടായത് തന്നെയാണെന്ന് ഏറെക്കുറെ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങി മരണമാണ്. സുരേഷ് തൂങ്ങി മരിക്കാന്‍ എന്തിന് കോന്നി തെരഞ്ഞെടുത്തുവെന്ന സംശയവും ബാക്കിയാണ്.

കോയിപ്രം പോലീസ് ഒരു പാട് കാര്യങ്ങള്‍ മറയ്ക്കുന്നുണ്ട്. കഞ്ചാവ് ബീഡി വലിച്ചെന്ന കുറ്റത്തിനാണ് സുരേഷിനെ കസ്റ്റഡിയില്‍ എടുത്തത്. ക്രൂരമര്‍ദനം ഇയാള്‍ക്ക് നേരിടേണ്ടി വന്ന സാഹചര്യം വ്യക്തമല്ല. കേസുമായി യാതൊരു ബന്ധവുമില്ലാത്ത ഫോണും ബൈക്കും പിടിച്ചു വച്ചു. സുരേഷ് ആവശ്യപ്പെട്ടിട്ടും ഇത് തിരിച്ചു കൊടുത്തില്ല. സുരേഷ് മരിച്ചതോടെ സഹോദരനെ വിളിച്ചു വരുത്തി രഹസ്യമായി ഇതു രണ്ടും കൊടുത്തു വിടുകയായിരുന്നു. അതിന് ഒരു രേഖയും പോലീസ് സൂക്ഷിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments