
കൊയിലാണ്ടി- കാപ്പാട് തീരദേശപാത ഗതാഗത യോഗ്യമാക്കണം: മുസ്ലിം ലീഗ്
സ്വന്തം ലേഖകൻ
കൊയിലാണ്ടി: പൊട്ടിപൊളിഞ്ഞ കൊയിലാണ്ടി – കാപ്പാട് തീരദേശ പാത പുനര്‍നിര്‍മ്മിക്കണമെന്ന് കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു.
യു.ഡി.എഫ്. ഭരണകാലത്ത് ഒമ്ബതു കോടി രൂപ ചിലവ് ചെയ്‌ത് പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നര കിലോമീറ്റര്‍ പി.ഡബ്ല്യു.ഡിയും നാലു കിലോമീറ്റര്‍ ഹാര്‍ബര്‍ എഞ്ചിനിയറിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റ്‌ും നിര്‍മ്മിച്ചതാണ് പ്രസ്‌തുത റോഡ്. 2021 ജൂണ്‍ മാസമാണ് രൂക്ഷമായ കടലാക്രമണത്തില്‍ ഈ റോഡ് തകര്‍ന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊയിലാണ്ടി ഫിഷിങ് ഹാര്‍ബറിലേക്കും കാപ്പാട് ടൂറിസ്‌റ്റ് കേന്ദ്രത്തിലേക്കും എത്തിച്ചേരുന്ന ഈ റോഡിലൂടെ ദിവസേന നൂറു കണക്കിന് നാഷണല്‍ പെര്‍മിറ്റ് ലോറികളും, കാറുകളും മത്സ്യതൊഴിലാളികളും സഞ്ചരിക്കുന്ന ഏക മാര്‍ണ്മമാണ് 5.5 കിലോമീറ്റര്‍ നീളമുള്ള ഈ റോഡ്. രണ്ടു വര്‍ഷമായി തകര്‍ന്ന് കിടക്കുന്ന റോഡ് അടിയന്തിരമായി നടപടി സ്വീകരിച്ച് പുനര്‍നിര്‍മ്മിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഒന്നര വര്‍ഷം മുന്‍പ് ടൂറിസം മന്ത്രിയും സ്‌ഥലം എം.എല്‍.എയും സ്‌ഥലം സന്ദര്‍ശിക്കുകയും റോഡിന്റെ പണി യുദ്ധകാലടിസ്‌ഥാനത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടും നാളിതുവരെ ഒന്നും ചെയ്‌തതായി കാണുന്നില്ല. ഹാര്‍ബര്‍ എഞ്ചിനിയറിങ്ങ് ഡിപ്പാര്‍മെന്റ് വര്‍ക്ക് ആരംഭിക്കാന്‍ ആറു കോടിയുടെ എസ്‌റ്റിമേറ്റ് ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ട് മാസങ്ങളോളമായി.
ആയിരക്കണക്കിന് മത്സ്യതൊഴിലാളികളുടെ ജീവിതമാര്‍ണ്മം തകരാറിലേക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടന്ന് ഭരണാനുമതി നല്‍കി പ്രവര്‍ത്തി ആരംഭിക്കാത്ത പക്ഷം ശക്‌തമായ സമരവുമായി കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി മുന്നോട്ട് വരുമെന്ന് നേതാക്കള്‍ അറിയിച്ചു. യോഗത്തില്‍ വി.പി. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. സി.
ഹനീഫ, മഠത്തില്‍ അബ്‌ദുറഹിമാന്‍, അലി കൊയിലാണ്ടി, ടി. അഷ്‌റഫ്, മമ്മദ് ഹാജി, എന്‍.പി. മൊയ്‌ദീന്‍ കോയ, മുതുകുനി മുഹമ്മദലി, പി.വി. അഹമ്മദ്, ഹുസൈന്‍ ബാഫക്കി തങ്ങള്‍, റഷീദ് വെങ്ങളം സംസാരിച്ചു.