കോവിഡ് 19 : അന്താരാഷ്ട്ര നഴ്സസ് ദിനം നഴ്സുമാര്‍ക്ക് അഭിനന്ദനവും നന്ദിയും അറിയിച്ച് ജില്ലാ കളക്ടര്‍
സ്വന്തം ലേഖകൻ
കോട്ടയം : ലോകമെമ്പാടും കോവിഡ്-19നെതിരായ പോരാട്ടത്തില്‍ പങ്കാളികളാകുന്ന കോട്ടയം ജില്ലയില്‍നിന്നുള്ള നഴ്സുമാര്‍ക്ക് അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ അഭിനന്ദനവും നന്ദിയും അറിയിച്ച് ജില്ല കളക്ടര്‍ പി. കെ. സുധീര്‍ ബാബു. ഫ്ളോറന്‍സ് നൈറ്റിംഗേലിന്‍റെ പിന്‍ഗാമികള്‍ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നില്‍ മനഃസ്സാന്നിധ്യം കൈവിടാതെ മുന്നോട്ടു പോകുവാന്‍ കഴിയട്ടെ എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ആശംസിക്കുന്നു.
പോസ്റ്റിന്‍റെ പൂര്‍ണ രൂപം ചുവടെ
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിന്‍റെ അംബാസഡര്‍മാരായി ലോകമെമ്പാടും പ്രവര്‍ത്തിക്കുന്നവരില്‍
കോട്ടയം ജില്ലയില്‍നിന്നുള്ള പ്രിയ നഴ്സുമാര്‍ക്ക്…
ലോകം നിങ്ങളുടെ സേവനത്തിന്‍റെയും സ്നേഹ സാമീപ്യത്തിന്‍റെയും തണലില്‍ കഴിയുന്ന വേളയിലാണ് നാളെ അന്താരാഷ്ട്ര നഴ്സസ് ദിനം ആചരിക്കുന്നത്. സ്വന്തം സുരക്ഷിതത്വം ഉള്‍പ്പെടെ ഒരുപാട് ആശങ്കകള്‍ മറന്നാണ് കോവിഡ്-19 നെതിരായ അതിജീവനപ്പോരാട്ടത്തില്‍ നിങ്ങള്‍ പങ്കുചേരുന്നത്.
ഗ്രാമങ്ങളിലെ ഫീല്‍ഡ് തല പ്രവര്‍ത്തനത്തില്‍ മുതല്‍ വിവിധ രാജ്യങ്ങളിലെ ആഗോള പ്രശസ്തമായ ആശുപത്രികളില്‍വരെയുള്ള നഴ്സുമാര്‍ കോട്ടയത്തിന്‍റെ കരുത്താണ്. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുംകൊണ്ട് പ്രതിസന്ധികളെ അതിജീവിച്ച അനുഭവമാണ് നിങ്ങളില്‍ ഏറെപ്പേര്‍ക്കുമുള്ളത്. അതുകൊണ്ടുതന്നെയാണ് ലോകം നിങ്ങളില്‍ പ്രതീക്ഷ വയ്ക്കുന്നത്.
കേരളത്തിന്‍റെ ആരോഗ്യ മേഖലയുടെ മുന്നോട്ടുള്ള ഓരോ ചുവടുവയ്പ്പിലും സ്വകാര്യ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന നഴ്സുമാര്‍ക്കും പങ്കുണ്ട്. സംസ്ഥാനത്തെ എല്ലാ ആതുര സേവന സ്ഥാപനങ്ങളിലും ഗ്രാമങ്ങളിലും വേദനയും ആശങ്കകളും അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം പകരുന്ന പുഞ്ചിരികള്‍ക്ക് ഈ കൊറോണക്കാലത്ത് തിളക്കമേറുകയാണ്.
വിദേശ രാജ്യങ്ങളില്‍ കോവിഡിന് കീഴടങ്ങിയവരില്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരും നിങ്ങള്‍ പരിചരിച്ചിരുന്നവരും പരിസരങ്ങളില്‍ ഉണ്ടായിരുന്നവരും ഉള്‍പ്പെടുന്നു. നിങ്ങളില്‍ രോഗം ബാധിക്കുകയും രോഗമുക്തി നേടുകയും ചെയ്തവരുമുണ്ടാകാം. കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍ പോലും മാറ്റിവച്ച് ഇപ്പോഴും സേവനം തുടരുന്ന ഓരോരുത്തരെയും ഈ ദിവസത്തില്‍ പ്രത്യേകം ഓര്‍മിക്കുന്നു.
സമാനതകളില്ലാത്ത സേവനത്തിന് ഈ നാടിനുവേണ്ടി അഭിനന്ദനവും നന്ദിയും അറിയിക്കുന്നു. ഫ്ളോറന്‍സ് നൈറ്റിംഗേലിന്‍റെ പിന്‍ഗാമികള്‍ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നില്‍ മനഃസ്സാന്നിധ്യം കൈവിടാതെ മുന്നോട്ടു പോകുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹപൂര്‍വ്വം
നിങ്ങളുടെ കളക്ടര്‍
പി.കെ. സുധീര്‍ ബാബു