
തേർഡ് ഐ ബ്യൂറോ
കോട്ടയം: പ്രതിരോധത്തിലും, ബഹിരാകാശത്തിലും അണ്വായുധം കൽക്കരി മേഖലകളിൽ എല്ലാം സ്വകാര്യ നിക്ഷേപത്തിനുള്ള സാധ്യത തുറന്നിട്ട് കേന്ദ്ര ധനമന്ത്രിയുടെ കൊവിഡ് പാക്കേജ് പ്രഖ്യാപനം. കോവിഡ് പാക്കേജിന്റെ നാലാംഘട്ടത്തിലാണ് സമസ്ത മേഖലയിലും സ്വകാര്യ വത്കരണ സാധ്യത തുറന്നിട്ടുള്ള പ്രഖ്യാപനം ധനമന്ത്രി നടത്തിയിരിക്കുന്നത്. ആദ്യ മൂന്നു ഘട്ടങ്ങളിലും സാധാരണക്കാരെ കരുതുന്ന പ്രഖ്യാപനം നടത്തിയ ധനമന്ത്രി നാലാം ഘട്ടത്തിൽ സ്വകാര്യ വത്കരണം എന്ന തുറുപ്പു ചീട്ട് തന്നെ പുറത്തെടുക്കുകയായിരുന്നു.
20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് നാലാം ഘട്ടം വിശദീകരിച്ച കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കൂടുതലും സ്വകാര്യ മേഖലയെയാണ് ആശ്രയിക്കാൻ പോകുന്നത് എന്നു വ്യക്തമാക്കുകയായിരുന്നു. തൊഴിലും വളർച്ചയും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് പ്രഖ്യാപിക്കുന്നത്. ആറ് വിമാനങ്ങൾ ലേലം ചെയ്യും. 12 വിമാനത്താവളങ്ങളിൽ സ്വകാര്യ നിക്ഷേപത്തിന് അനുമതി. വിമാനങ്ങളുടെ അറ്റകുറ്റപ്പണി ഇനി ഇന്ത്യയിൽ തന്നെ നടത്തും. 2300 കോടി രൂപ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ലഭ്യമാകും. 13000 കോടി രൂപയുടെ നിക്ഷേപം വിമാനത്താവളങ്ങളിൽ വരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബഹിരാകാശ ഉൽപ്പന്നങ്ങൾ പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിക്കാൻ ശ്രമിക്കും. രാജ്യത്തെ ബഹിരാകാശ മേഖല പൂർണ്ണമായും പ്രയോജനപ്പെടുത്തും. 60% ബഹിരാകാശ മേഖല മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത്. ഉപഗ്രഹ വിക്ഷേപണത്തിന് സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകും. നിലവിൽ ഐ.എസ്.ആർ.ഒയ്ക്ക് മാത്രമാണ് ഉപഗ്രഹ വിക്ഷേപണ നിയന്ത്രണമുള്ളത്. കേന്ദ്ര ഭരണ പ്രദേശത്തെ ഊർജ വിതരണ കമ്പനികൾ സ്വകാര്യ വത്കരിക്കും.
കേന്ദ്ര ഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം സർക്കാർ നിയന്ത്രണത്തിലായിരിക്കും. സബ്സിഡി ലഭിക്കുന്നവർക്ക് ഇനി അക്കൗണ്ടിലേക്ക് നേരിട്ട് നൽകും. ഊർജ വിതരണ കമ്പനികൾക്കായി പുതിയ നിയമം കൊണ്ടുവരുന്നതിനും തീരുമാനമായിട്ടുണ്ട്.
എന്നാൽ, രാജ്യത്തെ തന്ത്രപ്രധാനമായ പ്രതിരോധം അടക്കമുള്ള മേഖലകളിൽ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഇപ്പോൾ സ്വകാര്യ നിക്ഷേപങ്ങളെ ആകർഷിക്കുന്ന നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഇത് കടുത്ത പ്രതിഷേധത്തിന് വരും ദിവസങ്ങളിൽ ഇടയാക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.