
സ്വന്തം ലേഖകൻ
കോട്ടയം: കാലവർഷ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുള്ള തയ്യാറെടുപ്പുകൾക്ക് ജില്ലയിൽ തുടക്കമായി. കോവിഡ്-19 നെതിരായ പ്രതിരോധ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം വിലയിരുത്തി.
ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തുമ്പോൾ മുൻ വർഷങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ ഭേദഗതികൾ വരുത്തും. മുൻപ് പ്രളയം കൂടുതലായി ബാധിച്ച മേഖലകളിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സമീപ സ്ഥലങ്ങളിൽതന്നെ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങൾ കണ്ടെത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായമായവർക്കും കോവിഡ് ക്വാറൻറയിനിലുള്ളവർക്കും പ്രത്യേകം ക്യാമ്പുകൾ ക്രമീകരിക്കും. സ്‌കൂളുകൾ, ഓഡിറ്റോറിയങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയാകും കൂടുതലായി ഉപയോഗിക്കുക.
മെയ് 31നു മുൻപ് ജില്ലയിലെ മുഴുവൻ തോടുകളിലെയും ആറുകളിലെയും തടസങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കാൻ ജലസേചന വകുപ്പിനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. കലുങ്കുകൾക്കിടയിലെയും കൾവർട്ടുകളിലെയും മാലിന്യ നീക്കത്തിന് പൊതുമരാമത്ത് നിരത്ത് വിഭാഗത്തെ ചുമതലപ്പെടുത്തി. മുൻവർഷങ്ങളിൽ പ്രളയം ബാധിച്ച പഞ്ചായത്തുകളിൽ ദുരന്ത നിവാരണ യോഗങ്ങൾ ചേർന്ന് നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, അസിസ്റ്റൻറ് കളക്ടർ ശിഖാ സുരേന്ദ്രൻ, എ.ഡി.എം അനിൽ ഉമ്മൻ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.