കോവിഡിന് മുൻപേ ദുർബല: ഇപ്പോൾ വെന്റിലേറ്ററിൽ; കേരളത്തിലെ അച്ചടിമാധ്യമ ലോകം നിരങ്ങി നീങ്ങുന്നു; ഇന്ത്യൻ എക്‌സ്പ്രസ് കേരളത്തിലെ ബ്യൂറോകൾ അടച്ചു പൂട്ടുന്നു

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: കോവിഡിന് മുൻപെ തന്നെ ദുർബലമായ മാധ്യമ മേഖല കോവിഡ് കാലത്ത് വെന്റിലേറ്ററിലായി. കൊറോണയുടെ ആഘാതത്തെ തുടർന്നു മാധ്യമ മേഖലയിൽ വൻ തിരിച്ചടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

വർക്ക് ഫ്രം ഹോം അടക്കമുള്ളവ വ്യാപകമായതോടെ ആദ്യ ഘട്ടത്തിൽ ജീവനക്കാരുടെ എണ്ണം കുറച്ചും പേജുകൾ കുറച്ചും മറ്റുമാണ് പത്രമാധ്യമലോകം അതിനെ നേരിട്ടത്. കോവിഡിന് മുമ്പ് തന്നെ പല പത്രങ്ങളും ശമ്പളം കൊടുക്കാനില്ലാതെ വലയുകയായിരുന്നു. അതിൽ ദേശീയ പത്രങ്ങളും പ്രാദേശിക പത്രങ്ങളും ഉൾപ്പെടും. കഴിഞ്ഞ വർഷാവസാനം ഡെക്കാൻ ക്രോണിക്കിൾ കേരള, കർണാടക ഓഫീസുകൾ അടച്ചുപൂട്ടിയത് ഓർക്കുക. ജീവനക്കാരുടെ പിഎഫും, ഗ്രാറ്റിയുവിറ്റിയും ഇതുവരെ ഡെക്കാൻ ക്രോണിക്കിൾ കൊടുത്തുതീർത്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒരുവർഷമായി സാമ്പത്തിക മാന്ദ്യവും, ന്യൂസ്പ്രിന്റുകളുടെ ഉയർന്ന ചെലവും മൂലം ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് കേരളത്തിലെ സർക്കുലേഷനിൽ വലിയ കുറവാണുണ്ടായത്. ദക്ഷിണേന്ത്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് മെയ് 31 ഓടെ എട്ട് ബ്യൂറോ ഓഫീസുകൾ പൂട്ടാൻ നിർദ്ദേശിച്ചിരിക്കുകയാണ്.

ആലപ്പുഴ, തൃശൂർ, പത്തനംതിട്ട, കൊല്ലം, കോട്ടയം, പാലക്കാട്, കണ്ണൂർ, മലപ്പുറം ബ്യൂറോകളാണ് ഉടനടി പൂട്ടുന്നത്. ഇവിടുത്തെ ഫർണിച്ചറും മറ്റ് ഓഫീസ് സാധനങ്ങളും ആക്രിക്കാർക്ക് കൊടുക്കാനും നിർദ്ദേശത്തിൽ പറയുന്നു. ഈ ബ്യൂറോകൾ എല്ലാം വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. എഡിറ്റോറിയൽ-സർക്കുലേഷൻ വകുപ്പുകൾ അടക്കം രണ്ടു മൂന്നോ ജീവനക്കാരാണ് ഈ ബ്യൂറോകളിൽ ഉള്ളത്്. ഓഫീസുകളിൽ ഇപ്പോൾ സർക്കുലേഷൻ വിഭാഗത്തിലെ ജീവനക്കാർ മാത്രമാണ് ഉള്ളത്. റിപ്പോർട്ടർമാരും മറ്റും വീടുകളിൽ നിന്ന് ജോലി ചെയ്യുകയാണ്.

ജൂൺ 1 മുതൽ ഓഫീസുകൾ അടച്ചിടുകയാണെന്ന് വിവരം അവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ലേ ഓഫ് കൂടാതെ ചെലവ് ചുരുക്കാനാണോ, അതോ പിരിച്ചുവിടലിന് മുന്നോടിയായ നീക്കമാണോ ഇതെന്ന കാര്യം വ്യക്തമല്ല. ഏതായാലും അടച്ചിടുന്നതോടെ ഓരോ ബ്യൂറോയ്ക്കും ഒരുലക്ഷം വീതം ലാഭിക്കാൻ കഴിയുമെന്നാണ് മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യയിലും സമാനമായ അവസ്ഥയാണ് . കോഴിക്കോട്ടെയും തിരുവനന്തപുരത്തേയും എഡിഷനുകൾ പൂട്ടാനുള്ള ആലോചനകളിലാണ് അവർ.
ടൈംസ് ഓഫ് ഇന്ത്യയുടെ മലബാറിലെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയാണെന്ന് സൂചനയ്ക്ക് പിന്നാലെ തിരുവനന്തപുരം എഡിഷനും നിർത്തലാക്കുന്നുവെന്നാണ് വാർത്ത. ഇതോടെ തങ്ങളുടെ ജോലി നഷ്ടമാകുമെന്നാണ് മാധ്യമപ്രവർത്തകരുടെ ഭയം.

ടൈംസ് ഓഫ് ഇന്ത്യയുടെ മലബാർ എഡിഷൻ ജൂൺ ഒന്നോടെ നിർത്തുമൈന്നാണ് സൂചന. ഇതിന് പിന്നാല തിരുവനന്തപുരം എഡിഷനും. ഇന്ത്യയൊട്ടുക്ക് കേരളത്തിലെ രണ്ടെണ്ണം അടക്കം 15 നോൺ മെട്രോ എഡിഷനുകൾ അടയ്ക്കുകയാണ്. മെയ് ആദ്യം ഇക്കണോമിക് ടൈംസ് അതിന്റെ കേരളത്തിലെ എഡിറ്റോറിയൽ ഡിവിഷൻ പൂട്ടിയിരുന്നു. 14 മുതൽ 24 വരെ മാധ്യമപ്രവർത്തകർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്.

എഡിഷനുകൾ കൂടാതെ മലബാർ (കോഴിക്കോട്, വയനാട്), മധ്യ കേരള പ്രദേശങ്ങൾ (തൃശ്ശൂർ, പാലക്കാട്, കോട്ടയം, ആലപ്പുഴ) എന്നിവിടങ്ങളിലെ പത്ര വിതരണം നിലയ്ക്കും. സർക്കുലേഷൻ വിഭാഗത്തിലെ 12 ജീവനക്കാരെ ടൈംസ് ഓഫ് ഇന്ത്യ പുറത്താക്കി. കോഴിക്കോട് നട ക്കാവിനടുത്തുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ ഓഫീസ് ജൂൺ 1 നകം അടയ്ക്കുകയും അതിന്റെ എഡിറ്റോറിയൽ ഡിവിഷൻ മെയ് 20 ന് അടയ്ക്കുകയും ചെയ്യും. തിരുവനന്തപുരം ബ്യൂറോയുടെ പ്രവർത്തനം തുടരുമെന്നാണ് അറിയിപ്പ്.

കേരളത്തിലുടനീളം 15 ഓളം മാധ്യമപ്രവർത്തകർക്ക് ജോലി നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാരംഭ നമ്പർ 24 ആയിരുന്നു, മുതിർന്ന എഡിറ്റർമാരുടെ ഇടപെടലാണ് ഇത് കുറച്ചത്. ഇവരെ കൂടാതെ മാർക്കറ്റിങ്, പരസ്യ വകുപ്പുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെയും പുറത്താക്കും. പത്രപ്രവർത്തകർക്ക് പുറമെ മാർക്കറ്റിങ് വിഭാഗത്തിലെ 7 സ്റ്റാഫുകൾക്കും പത്തിലധികം കരാർ സ്റ്റാഫുകൾക്കും കോഴിക്കോട് ജോലി നഷ്ടപ്പെടും.

മാതൃഭൂമി ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാൻ തീരുമാനിച്ചതായും മാധ്യമം ശമ്പളം വെട്ടിക്കുറയ്ക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ എക്‌സ്പ്രസിലേയും ബിസിനസ് സ്റ്റാൻഡേർഡിലേയും ജീവനക്കാരോട് ശമ്പളം കട്ട് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ സൺഡേ മാഗസിൻ ജീവനക്കാരെ പിരിച്ചുവിട്ടു. ന്യൂസ് നേഷൻ 16 ഡിജിറ്റൽ ജീവനക്കാരെ ടെർമിനേറ്റ് ചെയ്തു. ക്വിന്റിലെ പകുതി ജീവനക്കാരോട് ശമ്പളം കൂടാതെ അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു.

കോവിഡ് കാലത്ത് പുതിയ റിക്രൂട്ട്മെന്റുകൾ ഇല്ലാതിരിക്കെ മുതിർന്ന മാധ്യമപ്രവർത്തരെല്ലാം ആശങ്കയിലാണ്. തുടക്കക്കാർക്ക് അവസരങ്ങൾ കിട്ടിയേക്കുമെങ്കിലും മുതിർന്നവർക്ക് ഉയർന്ന ശമ്പളം നൽകി നിയമിക്കാൻ മിക്ക മാനേജ്മെന്റുകൾ തയ്യാറായേക്കില്ല.

ഈ സാഹചര്യത്തിൽ മാധ്യമങ്ങൾ കൊവിഡ് കാലത്ത് നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. പരസ്യവരുമാനവും അടുത്തകാലത്തൊന്നും ഇല്ലാത്ത വിധത്തിൽ കുറഞ്ഞിട്ടുണ്ട്. ഇതും കൊറോണക്കാലത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.