
സ്വന്തം ലേഖകൻ
കോട്ടയം: പരിശോധനയ്ക്കായി കൗൺസിലർ സ്വന്തം ഓട്ടോറിക്ഷയിൽ കൊണ്ടു പോയ രോഗിയ്ക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ ഏറ്റുമാനൂർ നഗരസഭ ഓഫിസ് ഇന്ന് അടയ്ക്കും. നഗരസഭയിലെ സ്വതന്ത്ര അംഗമാണ് കഴിഞ്ഞ ദിവസം സ്വന്തം ഓട്ടോറിക്ഷയിൽ ക്വാറന്റയിനിൽ കഴിഞ്ഞിരുന്നവരെ പരിശോധനയ്ക്കായി എത്തിച്ചത്.
ഇദ്ദേഹം പരിശോധനയ്ക്കായി എത്തിച്ചവരിൽ ഒരാൾക്ക് ഇന്നു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ക്വാറന്റയിനിൽ കഴിഞ്ഞിരുന്നയാളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടും ഇദ്ദേഹം ക്വാറന്റയിനിൽ പോകാൻ തയ്യാറായിരുന്നില്ല. ഇതിനിടെ ക്വാറന്റയിനിൽ കഴിഞ്ഞയാളെ പരിശോധനയ്ക്കായി എത്തിച്ച ശേഷം ഇദ്ദേഹം നഗരസഭ ഓഫിസിൽ എത്തുകയും ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭ ഓഫിസിൽ ഇദ്ദേഹം കയറിയിറങ്ങി നടന്നത് വിവാദമായതോട് ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയിരുന്നു. ഇതിനു ശേഷമാണ് ഇദ്ദേഹം മുൻകരുതൽ എന്ന നിലയിൽ ക്വറന്റയിനിൽ പോകാൻ തയ്യാറായത്. ഇടതു പക്ഷത്തു നിന്നു വിജയിച്ച ഈ കൗൺസിലർ ഇപ്പോൾ സ്വതന്ത്ര അംഗമായാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
ഇതേ തുടർന്നു കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിനൊപ്പം പരിശോധനയ്ക്കായി പോയ വ്യക്തിയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. ഇതിനു ശേഷം നഗരസഭ അംഗം ക്വാറന്റയിനിൽ പോയതോടെയാണ് നഗരസഭ ഓഫിസ് ചൊവ്വാഴ്ച ഉച്ചവരെ അടച്ചിടാൻ തീരുമാനിച്ചത്. നഗരസഭ ഓഫിസ് അണു വിമുക്തമാക്കിയ ശേഷം പ്രവർത്തനം തുടരുന്നതിനും തീരുമാനമായി.