ആറു ദിവസം കൊണ്ട് 98 പേർക്കു കൊവിഡ്..! കോട്ടയം നഗരം അപകട സോണിൽ; എന്നിട്ടും ജാഗ്രതയില്ലാതെ അധികൃതർ; ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാത്രം ഒൻപത് പൊലീസ് ഉദ്യോഗസ്ഥർക്കു കൊവിഡ്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: സംസ്ഥാനത്തെമ്പാടും കൊവിഡ് പടർന്നു പിടിക്കുമ്പോൾ, കോട്ടയം നഗരസഭ പരിധിയിൽ കൊവിഡ് ഭീതി പടരുന്നു. ആറു ദിവസത്തിനിടെ നഗരസഭാ പരിധിയിൽ മാത്രം 98 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ നഗരസഭയുടെ വിവിധ വാർഡുകൾ അടച്ചിട്ടിരിക്കുകയാണ്.

ഇതുവരെ 11 വാർഡുകളാണ് കോട്ടയം നഗരസഭ പരിധിയിൽ മാത്രം കണ്ടെയ്ൻമെന്റ് സോണാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ രോഗബാധിതരാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന സൂചന. എന്നാൽ, ഇത്രയേറെ പേരിൽ രോഗബാധ വർധനയുണ്ടായിട്ടും മറ്റു സ്ഥലങ്ങളിലേതു പോലെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ, ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എട്ടു പേർക്കു കോവിഡെന്ന് സൂചന, സ്ഥിരീകരിക്കാതെ ജില്ലാ പോലീസ് മേധാവി. നിലവിൽ ഈസ്റ്റിനു പുറമേ കൺട്രോൾ റൂം, റെയിൽവേ പോലീസ് സ്റ്റേഷനിലും രോഗബാധിതരുണ്ട്. റെയിൽവേ പോലീസ് സ്റ്റേഷനിൽ അഞ്ചു പേർക്കു രോഗം സ്ഥിരീകരിച്ചതോടെ സ്റ്റേഷനിലെ മൂന്നു പേർ ഒഴികെ മുഴുവൻ പേരും ക്വാറന്റൈനിൽ പോയിരുന്നു. ഈസ്റ്റിൽ വൈക്കം സ്വദേശിയായ പോലീസുകാരനും വനിതാ എസ്.ഐയ്ക്കു രോഗം സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞയാഴ്ച മിക്ക ദിവസങ്ങളിലും പ്രതിദിനം ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതു കോട്ടയം നഗരസഭാ പരിധിയിലായിരുന്നു. നിലവിൽ നട്ടാശേരി, മുള്ളൻകുഴി, മൗണ്ട്കാർമൽ, കലക്ടറേറ്റ്, പതിനാറിൽച്ചിറ, കാരാപ്പുഴ, കോടിമത നോർത്ത്, തുറമുഖം, കോടിമത സൗത്ത്, ഇല്ലിക്കൽ, താഴത്തങ്ങാടി വാർഡുകൾ നിലവിൽ കണ്ടെയ്ൻമെന്റ് സോണിലാണ്.

ശനിയാഴ്ച 26 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. മൂലേടം മേഖലയിലാണ് നിലവിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. ഇവിടെ പല ഘട്ടങ്ങളിലായി നാൽപ്പതോളം പേർക്കു രോഗം സ്ഥിരീകരിച്ചു. ആദ്യഘട്ടത്തിൽ രോഗബാധയുണ്ടായതിനെത്തുടർന്നു ഇവിടെ നടത്തിയ വ്യാപക ആന്റിജൻ പരിശോധനയെത്തുടർന്നു മൂലേടത്തു കൂടുതൽ രോഗബാധിതരെ കണ്ടെത്താനായത്.

നഗരപരിധിയിൽ വരുന്ന പല നിർണായക സർക്കാർ ഓഫീസുകളിലും കോവിഡ് ആശങ്ക വിതയ്ക്കുന്നു. ഈസ്റ്റ് പോലീസ സ്റ്റേഷൻ, ആർ.ടി. ഓഫീസ്, കലക്ടറേറ്റ് തുടങ്ങിയ സ്ഥിലങ്ങളിലെല്ലാം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഓണം അടുക്കുന്നതോടെ കൂടുതൽ പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത് നഗരത്തിലെ സ്ഥിതി ആശങ്കാജനകമാക്കുന്നു.

എന്നാൽ, നിലവിൽ ജില്ലയിൽ ആകെ 9 പോലീസുകാർ മാത്രമാണു കോവിഡ് ബാധിച്ചു ചികിത്സയിലുള്ളതെന്നും സ്റ്റേഷനുകളുടെ പ്രവർത്തനം നിർത്തിവയ്ക്കേണ്ട സാഹചര്യമില്ലെന്നും ജില്ലാ പോലീസ മേധാവി ജി. ജയ്ദേവ് പറഞ്ഞു. മോട്ടോർ വാഹനവകുപ്പിൽ ഒരു വെഹിക്കിൾ ഇൻസ്പെക്ടർക്കും ഡ്രൈവർക്കുമാണു രോഗം സ്ഥരീകരിച്ചത്. ഇവരിൽ വെഹിക്കിൾ ഇൻസ്പെക്ടർ രോഗമുക്തനായി. ഡ്രൈവർ ചികിത്സാ കേന്ദ്രത്തിലാണ്.