കോവിഡ് പ്രതിരോധം; പുതിയ സമീപനം ആവശ്യം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
സ്വന്തം ലേഖകൻ
കോട്ടയം : കോവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ് ബാധിതരെ രോഗ ലക്ഷണങ്ങൾ പ്രകടമാകും മുമ്പെ കണ്ടെത്തുന്നതിനും അതുവഴി സമ്പർക്ക വ്യാപനം തടയുന്നതിനും കൂടുതൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു.
ഇതിനായി പ്രാഥമികാരോഗ്യ, കുടുംബാരോഗ്യ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ മുഴുവൻ പൊതു ആരോഗ്യ കേന്ദ്രങ്ങളിലും പരിശോധന സൗകര്യം ഒരുക്കണം. കൂടാതെ സ്വകാര്യ ആശുപത്രികൾ സ്വകാര്യ ലാബുകൾ എന്നിവയുടെ സാധ്യതകളും പൂർണ്ണമായും പ്രയോജനപ്പെടുത്തണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതുപോലെ തന്നെ ഷോപ്പിംഗ് മാളുകൾ കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ, മാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം വ്യാപക പരിശോധനകൾ നടത്തണം പോസിറ്റീവായി കാണുന്ന മുഴുവൻ ആളുകളുടെയും വിവരങ്ങൾ ഒരു വെബ് പോർട്ടൽ ലഭ്യമാക്കി ആരോഗ്യ വകുപ്പിന് സമയനഷ്ടം കൂടാതെ ഐസോലേഷനും ചികിത്സാ സൗകര്യങ്ങളും ഏർപ്പെടുത്താൻ ക്രമീകരണം ചെയ്യണം.
പല ആശുപത്രികളിലും ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ബാധിക്കുന്ന സ്ഥിതി റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ നടപടികൾ സ്വീകരിക്കണം.
രോഗ വിമുക്തരായ ആളുകളുടെ രക്തം ശേഖരിച്ച് അതിൽ നിന്നും പ്രതിരോധ ശേഷിയുള്ള ആന്റിബോഡി വേർതിരിച്ചു എടുത്ത് രോഗികൾക്ക് നടത്തുന്ന പ്ലാസ്മാ തെറാപ്പി ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുള്ളതിനാൽ കോവിഡ് രോഗികൾക്ക് പ്ലാസ്മാ തെറാപ്പി ചികിത്സാ നൽകുകയും അതിനായി രോഗ വിമുക്തരായവർ രക്തദാനത്തിന് മുന്നോട്ട് വരുന്നതിന് പ്രോൽസാഹിപ്പിക്കേണ്ടതുമാണ്.
ഓക്‌സിജൻ, മരുന്ന് ഇവയുടെ ലഭ്യത പൂർണ്ണമായും ഉറപ്പ് വരുത്തേണ്ടതുമാണ്. ഇപ്രകാരം പുതിയ സമീപനങ്ങളും രീതികളും അവലംബിപ്പിച്ച് കോവിഡ് പ്രതിരോധം കൂടുതൽ സുശക്തമാക്കണമെന്നും ഇക്കാര്യങ്ങൾ സൂചിപ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.