
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കൂടി നിന്ന യുവാക്കളുടെ സംഘത്തെ ചോദ്യം ചെയ്തു: അടിച്ചിറയിൽ പൊലീസുകാരെ ഗുണ്ടാ സംഘം ആക്രമിച്ചു വീഴ്ത്തി; അഴിഞ്ഞാടിയത് ബ്ലേഡ് മാഫിയ സംഘത്തലവന്റെ ഗുണ്ടകളെന്നു സൂചന; അക്രമി സംഘത്തിലെ ഒരാൾ കസ്റ്റഡിയിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് റോഡരികിൽ നിന്ന യുവാക്കളെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുണ്ടാ സംഘത്തിന്റെ മർദനം. എംസി റോഡിൽ അടിച്ചിറ ഭാഗത്ത് രാത്രിയിൽ കൂടി നിന്ന യുവാക്കളെ ചോദ്യം ചെയ്ത പൊലീസ് സംഘത്തെയാണ് അക്രമി സംഘ്ം അടിച്ചു വീഴ്ത്തിയത്. മണർകാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ബ്ലേഡ് മാഫിയ – ചീട്ടുകളി – ഗുണ്ടാ സംഘത്തലവന്റെ അനുയായികളാണ് ഏറ്റുമാനൂർ അടിച്ചിറ ഭാഗത്ത് തമ്പടിച്ചതും പൊലീസുകാരെ ആക്രമിച്ചതും.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നൈറ്റ് കർഫ്യൂ ജില്ലയിലും നിലവിലുണ്ട്. രാത്രിയിൽ അനാവശ്യമായി ആളുകൾ പുറത്തിറങ്ങുന്നതിനും, കറങ്ങി നടക്കുന്നതിനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് ഏറ്റുമാനൂർ അടിച്ചിറ ഭാഗത്ത് മൂന്നു യുവാക്കൾ നിൽക്കുന്നതായി പൊലീസ് സംഘത്തിനു വിവരം ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, രണ്ടു പൊലീസ് ഉദ്യോഗസ്ഥർ ബൈക്കിൽ പെട്രോളിംങ് നടത്തി സ്ഥലത്ത് എത്തി. ഇവരോട് ഇവിടെ നിൽക്കുന്നത് എന്തിനാണെന്നും, കൊവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങരുതെന്നും നിർദേശിച്ചു. ഇതിനിടെ മദ്യലഹരിയിലായിരുന്ന അക്രമി സംഘം പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന ഹഫീസ്, അർഷാദ്, ജിതിൻ എന്നിവരാണ് പ്രതികളെന്നു പൊലീസ് തിരിച്ചറിഞ്ഞു.
മർദനമേറ്റ പൊലീസ് ഉദ്യോഗസ്ഥർ വിവരം അറിയിച്ച് കൂടുതൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും അക്രമി സംഘം ഓടിരക്ഷപെട്ടിരുന്നു. തുടർന്നു പരിക്കേറ്റ രണ്ടു പൊലീസുകാരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും സാരമായി പരിക്കേറ്റിട്ടുമുണ്ട്.
മണർകാട് ക്രൗൺ ക്ലബിൽ ചീട്ടുകളിയ്ക്കു നേതൃത്വം നൽകിയ ബ്ലേഡ് – ഗുണ്ടാ മാഫിയ സംഘത്തിന്റെ അനുയായികളാണ് മൂന്നു പേരുമെന്നാണ് ലഭിക്കുന്ന സൂചന. വിവരം അറിഞ്ഞ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ പ്രതികളിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ അൽപ സമയത്തിനകം സ്റ്റേഷനിൽ എത്തിക്കും.
ഇതിനിടെ, മണർകാട്ടെ ചീട്ടുകളി ക്ലബ് പൊളിഞ്ഞതിനു ശേഷം പുതിയ താവളം അന്വേഷിക്കുന്ന മാഫിയ സംഘത്തിന്റെ അനുയായികളായ മൂന്നു പേർ എന്തിനാണ് ഏറ്റുമാനൂർ ഭാഗത്ത് എത്തിയത് എന്ന സംശയമാണ് പൊലീസിനു ഉള്ളത്. ഇതിന്റെ ഭാഗമായി പരിശോധന ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.