play-sharp-fill
കോവിഡിൽ മരിച്ചത് 134 മലയാളികൾ..! കേരളത്തിൽ മരണ സംംഖ്യ കുറയുമ്പോഴും ലോകത്ത് പലയിടങ്ങളിലും മലയാളി സഹോദരങ്ങൾ മരിച്ചു വീഴുന്നു; ഞെട്ടലിൽ വിദേശത്തെ മലയാളികൾ; വിദേശത്ത് മരിച്ചവരിൽ കൂടുതലും കോട്ടയം ജില്ലക്കാർ

കോവിഡിൽ മരിച്ചത് 134 മലയാളികൾ..! കേരളത്തിൽ മരണ സംംഖ്യ കുറയുമ്പോഴും ലോകത്ത് പലയിടങ്ങളിലും മലയാളി സഹോദരങ്ങൾ മരിച്ചു വീഴുന്നു; ഞെട്ടലിൽ വിദേശത്തെ മലയാളികൾ; വിദേശത്ത് മരിച്ചവരിൽ കൂടുതലും കോട്ടയം ജില്ലക്കാർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോവിഡിൽ വിറച്ച് ലോകം നിൽക്കുമ്പോൾ നമ്മൾ സുരക്ഷിതരാണ് എന്ന ആശ്വാസത്തിലാണ് മലയാളികൾ. എന്നാൽ, ലോകത്ത് എവിടെച്ചെന്നാലും മലയാളികൾ ഉണ്ട് എന്ന തിരിച്ചറിവ് കേരളത്തിനു നൽകുന്നത് വലിയ ഭീതിയാണ്. കേരളത്തിനു പുറത്ത് ഇതുവരെ മരിച്ചത് 134 മലയാളികളാണ്. എല്ലാവരും മരിച്ചത് കോവിഡ് 19 ബാധിച്ചാണ് എന്നതാണ് ഏറെ വേദനാജനകം..!


വിദേശത്ത് മരിച്ച മലയാളികളിൽ കൂടുതൽ പേർ കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ്. കോട്ടയം ജില്ലയിൽ നിന്നുള്ള 19 പേരാണ് വിവിധ വിദേശ രാജ്യങ്ങളിൽ മരിച്ചത്. തൊട്ടുപിറകെ തൃശൂരിൽ നിന്നുള്ള 18 പേരും പത്തനംതിട്ട സ്വദേശികളായ 17 പേരുമുണ്ട്. കൊല്ലത്ത് നിന്ന് 11ഉം തിരുവനന്തപുരത്ത് പത്തും എറണാകുളത്ത് ഒമ്പത് പേർക്കും വിദേശത്ത് കൊവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്തെ വിവിധ രാജ്യങ്ങളിലായാണ് 134 മലയാളികൾ ഇതുവരെ മരിച്ചിരിക്കുന്നത്. ലോകത്താകമാനം മരിച്ച ആളുകളുടെ എണ്ണം രണ്ടര ലക്ഷത്തിലേയ്ക്കു എത്തിയപ്പോഴാണ് മലയാളികളുടെ മരണം 134 ൽ എത്തി നിൽക്കുന്നത്.
മാർച്ച് 31 മുതലുള്ള കണക്കുകൾ പ്രകാരം വിവിധ വിദേശ രാജ്യങ്ങളിലായി 134 മലയാളികളാണ് മരിച്ചത്.

ഇതിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ഗൾഫ് രാജ്യങ്ങളിലാണ്. 86 മലയാളികൾക്കാണ് ജി സി സി രാജ്യങ്ങളിൽ കൊവിഡ് മൂലം ജീവഹാനി നേരിട്ടത്. ഇതിൽ 59 പേരും യു എ ഇ മലയാളികളാണ്. ഗൾഫ് നാടുകളിൽ മരിക്കുന്ന മലയാളികളുടെ എണ്ണം വർധിക്കുന്നതിൽ പ്രവാസി സമൂഹം ആശങ്കയിലാണ്. പ്രവാസി മലയാളികളുടെ മരണ സംഖ്യയിൽ യു എ ഇക്ക് തൊട്ടുപിന്നിൽ നിൽക്കുന്നത് അമേരിക്കയാണ്.

അമേരിക്കയിൽ മരിച്ചത് 33 പ്രവാസി മലയാളികളാണ്. ഗൾഫ് രാജ്യങ്ങളിൽ സൗദി അറേബ്യയിൽ 12 പേരും കുവൈത്തിൽ 10 പേരും ഒമാനിലും ബഹ്റൈനിലും രണ്ട് പേർ വീതവും ഖത്വറിൽ ഒരാളുമാണ് മരിച്ചത്. യൂറോപ്പിൽ ബ്രിട്ടനിൽ 11 മലയാളികളും ഇറ്റലിയിൽ രണ്ട് പേരും (മാർച്ച് 31 ശേഷം) അയർലൻഡിലും ജർമനിയിലും ഒരാൾ വീതവും മരിച്ചിട്ടുണ്ട്.

മൂന്നരക്കോടി മലയാളികളിൽ മൂന്ന് പേർ മരിച്ചപ്പോഴാണ് 40 ലക്ഷത്തിൽ താഴെ വരുന്ന പ്രവാസികളിൽ 134 പേർ മരിച്ചതെന്നത് ശ്രദ്ധേയമാണ്. വിദേശത്ത് യഥാസമയം വൈദ്യസഹായം ലഭിക്കാത്തതും പരിചരണം ലഭിക്കാത്തതുമാണ് മരണ നിരക്ക് കൂടാൻ കാരണമെന്നും ഇവിടങ്ങളിൽ വൈറസ് ബാധയേറ്റവർക്ക് വൈദ്യസഹായമെത്തിക്കാൻ അടിയന്തര നടപടികളാണ് വേണ്ടതെന്നും വിദഗ്ധർ പറയുന്നു.

വിദേശത്തു നിന്നും സംസ്ഥാനത്തേയ്ക്കു കൂടുതൽ പ്രവാസികൾ എത്തിയതോടെയാണ് സംസ്ഥാനത്ത് രോഗം ക്രമാതീതമായി കുതിച്ചുയർന്നത്. ഇത് കൂടി സംസ്ഥാനത്തെ മരണങ്ങളുമായി ചേർത്തു വായിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ അതീവ ജാഗ്രത തന്നെ വേണമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്.