കോട്ടയത്ത് ആദ്യത്തെ കോവിഡ് മരണം: മരിച്ചത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന തിരുവല്ല സ്വദേശി; സംസ്ഥാനത്തെ ഏഴാമത്തെ മരണം
സ്വന്തം ലേഖകൻ
കോട്ടയം : കോവിഡ് ബാധിച്ച് കോട്ടയം ജില്ലയിൽ ആദ്യ മരണം. സംസ്ഥാനത്ത് കോവിഡ് 19 റിപ്പോർട്ട് ചെയ്ത ആദ്യ ജില്ലകളിൽ ഒന്നായ കോട്ടയത്ത് ആദ്യമായാണ് മരണം റിപ്പോർട്ട് ചെയ്യുന്നത്.
പത്തനംതിട്ടയില്‍ കോവിഡ് -19 സ്ഥിരീകരിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നയാള്‍ മരണമടഞ്ഞു. തിരുവല്ല പെരുന്തുരുത്തി പ്രക്കാട്ട് ജോഷി(65) ആണ് മെയ് 29 ന് പുലര്‍ച്ചെ രണ്ടിന് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം മെയ് 11ന് ദുബായ്-കൊച്ചി വിമാനത്തിലാണ് നാട്ടിലെത്തിയത്. പത്തനംതിട്ടയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. മെയ് 16ന് സാമ്പിള്‍ ശേഖരിക്കുന്നതുവരെ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മെയ് 18ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരുതരമായ പ്രമേഹ രോഗവുമുണ്ടായിരുന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി മെയ് 25ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 27 മുതല്‍ വെന്റിലേറ്ററിലായിരുന്നു. ഇതിനിടെ ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായി.
കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരവും സംസ്ഥാനതല വിദഗ്ധരുടെ നിര്‍േദശങ്ങള്‍ക്കനുസരിച്ചും ഏഴംഗ പ്രത്യേക മെഡിക്കല്‍ ബോര്‍ഡാണ് ചികിത്സാ മേല്‍നോട്ടം വഹിച്ചിരുന്നത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മൃതദേഹം പത്തനംതിട്ടയിലേക്ക് കൊണ്ടുപോകുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു.