കൊവിഡ് കാലത്തും വിടാതെ കൈക്കൂലിക്കൊള്ള: 8000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എക്‌സൈസ് പ്രിവന്റീവ് ഓഫിസർ വിജിലൻസ് പിടിയിൽ; കൈക്കൂലി വാങ്ങിയത് അബ്കാരി കേസ് പ്രതിയുടെ അറസ്റ്റ് ഒഴിവാക്കാൻ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊവിഡ് കാലത്തും നാട്ടുകാരെ ഊറ്റിപ്പിഴിഞ്ഞ് കാശുവാങ്ങിയിരുന്ന കൈക്കൂലിക്കൊള്ളക്കാരൻ പിടിയിലായി. അബ്കാരിക്കേസിൽ പ്രതിയുടെ അറസ്റ്റ്് ഒഴിവാക്കാൻ കൊറോണക്കാലത്തും 8000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹരിപ്പാട് കാർത്തികപള്ളി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഹരിപ്പാട്, പിലാപ്പുഴ സൗത്ത് സ്വദേശി കിഷോർ കുമാറിനെ വിജിലൻസ് സംഘം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും കൈക്കൂലി തുകയും വിജിലൻസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
ലോക്ക് ഡൗൺ സമയത്ത് കാർത്തികപള്ളി എക്‌സൈസ് റേഞ്ച് ഓഫീസിൽ വ്യാജമദ്യം കൈവശം വച്ചതിനു കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ അന്വേഷണം നടക്കുകയാണ്. ഈ കേസിലെ പ്രതിയുടെ അറസ്റ്റ് ഒഴിവാക്കുന്നതിന് 20,000 രൂപയാണ് പിടിയിലായ എക്‌സൈസ് ഉദ്യോഗസ്ഥൻ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. ഇതിൽ ആദ്യ ഗഡുവായ 5000 രൂപ നേരത്തെ ഇയാൾ കൈപ്പറ്റിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു പിന്നാലെ രണ്ടാം ഗഡുവായി 8000 രൂപ ആവശ്യപ്പെട്ട് നിരന്തരം ഈ ഉദ്യോഗസ്ഥൻ അബ്കാരി കേസിലെ പ്രതിയെ ഫോണിൽ വിളിച്ചിരുന്നു. ഇതേ തുടർന്ന് പരാതിക്കാരൻ വിജിലൻസ് ആലപ്പുഴ യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി. ആർ രവികുമാറിന് പരാതി നൽകുകയായിരുന്നു.
ഇതേ തുടർന്നു വിജിലൻസ് സംഘം നടത്തിയ അന്വേഷണത്തിൽ രണ്ടാം ഗഡുവായ 8000 രൂപ വ്യാഴാഴ്ച വൈകിട്ട് 4.30 ന് പ്രതിയായ എക്‌സൈസ് പ്രവന്റീവ് ഓഫീസറുടെ വീട്ടിൽ വച്ച് കൈപ്പറ്റുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു, വിജിലൻസ് സംഘം ഇവിടെ കാത്തു നിൽക്കുകയും എക്‌സൈസ് പ്രിവന്റീവ് ഓഫിസറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വിജിലൻസ് ഉദ്യോഗസ്ഥർ ഫിനോഫ്തലിൻ പൌഡർ പുരട്ടി നൽകിയ 8,000 രൂപയും പിടികൂടിയ എക്‌സൈസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും കണ്ടെത്തി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യുറോ കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് വി ജി വിനോദ്കുമാറിന്റെ നിർദേശപ്രകാരമാണ് വിജിലൻസ് സംഘം എക്‌സൈസ് പ്രിവന്റീവ് ഓഫീസറെ പിടികൂടിയത്.
വിജിലൻസ് സംഘം വേഷം മാറി കോവിഡ് സ്‌പെഷ്യൽ ഡ്യൂട്ടി എന്ന സ്റ്റിക്കർ പതിച്ച വാഹനത്തിലാണ് പ്രതിയായ ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയത്.
കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് വിജിലൻസ് സംഘം നടപടികൾ പൂർത്തീകരിച്ചത്.
വിജിലൻസ് ആലപ്പുഴ യൂണിറ്റ് ഡി.വൈ.എസ്.പി. വി. ആർ രവികുമാറിനെ കൂടാതെ പോലീസ് ഇൻസ്‌പെക്ടർമാരായ റിജോ പി. ജോസഫ്, എൻ. ബാബുക്കുട്ടൻ, പ്രശാന്ത് കുമാർ എം കെ., സബ്ബ് ഇൻസ്‌പെക്ടർമാരായ വിൻസെന്റ് കെ മാത്യു, പീറ്റർ അലക്‌സാണ്ടർ എ.എസ്.ഐമാരായ സ്റ്റാൻലി തോമസ്, തുളസീധരക്കുറുപ്പ്, ജയലാൽ, ജയേന്ദ്രേ മേനോൻ, ബിജിമോൻ എ. പി., പോലീസ് ഉദ്യോഗസ്ഥരായ എം. പി. പരീത്, വിജു എസ്., കൃഷ്ണകുമാർ റ്റി. ആർ., അനൂപ് പി.എസ്. നീതു മോഹൻ, അനിൽകുമാർ, രാഹുൽ , നബിൻ മാർഷൽ, സോബി വിൻസെന്റ് , ബൈജു വി. റ്റി. എന്നിവരും വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.