play-sharp-fill
കൊറോണ വൈറസ്: പത്തനംതിട്ട ജില്ലയിലെ കോടതി, ആരാധനാലയങ്ങൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ അടച്ചു തുടങ്ങി

കൊറോണ വൈറസ്: പത്തനംതിട്ട ജില്ലയിലെ കോടതി, ആരാധനാലയങ്ങൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ അടച്ചു തുടങ്ങി

സ്വന്തം ലേഖകൻ

പത്തനംതിട്ട: കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലാ കോടതിയുടെ സാധാരണ സിറ്റിങ് മാറ്റിവച്ചു. മാർച്ച് പതിമൂന്നുവരെയാണ് കോടതി സിറ്റിങ് നിർത്തിവച്ചിരിക്കുന്നത്. കൂടാതെ ആരാധനാലയങ്ങൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങളും പലയിടങ്ങളിൽ അടച്ചു തുടങ്ങി. കോവിഡ് 19 രോഗബാധ പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിൽ കളക്ടേറേറ്റിൽ യോഗം ചേർന്നു.

പൊതുയോഗങ്ങളും പൊതു പരിപാടികളും ഉത്സവങ്ങളും വിവാഹങ്ങളും മാറ്റിവയ്ക്കണം. വിനോദയാത്രകൾ അനുവദിക്കില്ല. പൊതുപരിപാടികൾ മാറ്റിവയ്ക്കുന്നതു സംബന്ധിച്ച് മതമേലധ്യക്ഷന്മാരുടെ യോഗം വിളിച്ചു ചേർക്കാനാണ് തീരുമാനം. നിലവിൽ ജില്ലയിൽ 15 പേർ ആശുപത്രിയിലാണ്. ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ബോധവത്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിവാഹം ഉൾപ്പടെയുള്ള ആഘോഷങ്ങൾ കഴിയുമെങ്കിൽ രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കാനും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് 19 രോഗം ബാധിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന അഞ്ചു രോഗികളുടെയും ആരോഗ്യനില തൃപ്തികരമാണ്. 10 പേരാണ് ജില്ലയിലെ ആശുപത്രികളിൽ എസൊലേഷനിലുള്ളത്. ഇതിൽ അഞ്ചു പേരുടെ പരിശോധനാ ഫലം പോസിറ്റീവാണ്. രോഗബാധിതരുമായി പ്രാഥമിക സമ്പർക്കമുള്ള 150 പേരുണ്ട്. 58 പേർ രോഗികളുമായി അടുത്ത ബന്ധം പുലർത്തിയവരാണ്. 159 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. രോഗികളുമായി അടുത്ത ബന്ധം പുലർത്തിയ ആളുകൾ 28 ദിവസം നിരീക്ഷണത്തിൽ കഴിയണം.

രോഗികളുമായി നേരിട്ട് ബന്ധമുള്ളവർ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിന്ന് ഒഴിവാകണം. ഇവർക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കും. അകന്ന സമ്പർക്കം പുലർത്തിയവർക്ക് അതത് സ്‌കൂളുകളിൽ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് കലക്ടർ അറിയിച്ചു. താഴെത്തട്ടിൽ ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായി ലഘുലേഖകൾ വിതരണം ചെയ്യുന്നതായിരിക്കും. എല്ലാവരും മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല. നേരിട്ട് ഇടപഴകുന്നവർ, ആശുപത്രി ജീവനക്കാർ, രോഗികളെ പരിചരിക്കുന്നവർ എന്നിവർ മാത്രം മാസ്‌ക് ധരിച്ചാൽ മതിയാകും. ഒരു തവണ ഉപയോഗിച്ച മാസ്‌ക് വീണ്ടും ഉപയോഗിക്കാൻ പാടില്ല.

 

മാസ്‌കിന് മെഡിക്കൽ സ്റ്റോറുകളിൽ അമിത വില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതായിരിക്കും. ജില്ലയിലെ അടഞ്ഞു കിടക്കുന്ന ആശുപത്രികൾ മുൻകരുതലെന്ന നിലയിൽ രോഗബാധിതരെ പാർപ്പിക്കുന്നതിന് എംപി, എംഎൽഎമാരുടെ ഇടപെടലിലൂടെ ക്രമീകരിക്കും. സർക്കാർ ആശുപത്രികളിലെ 30 ഉം സ്വകാര്യ ആശുപത്രികളിലെ 40 ഉം അടക്കം 70 കിടക്കകൾ ഐസൊലേഷനായി ക്രമീകരിച്ചിട്ടുണ്ട്. സർക്കാർ സ്വകാര്യ ആശുപത്രികളിലായി 40 വെന്റിലേറ്ററുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.

 

പത്തുപേരെക്കൂടി ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റും. രോഗബാധിതരെ മാനസികമായി തളർത്തുന്ന തരത്തിൽ വാർത്ത നൽകരുത്. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കും. ഇനിയുള്ള എല്ലാ ദിവസവും വൈകുന്നേരം ആറിന് കളക്ടറേറ്റിൽ ഡിഎംഒയുടെ നേതൃത്വത്തിൽ യോഗം ചേരുകയും ഏഴിന് ബുള്ളറ്റിൻ ഇറക്കുകയും ചെയ്യും. സാമൂഹിക മാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകൾ സൈബർ സെൽ നിരീക്ഷിക്കും. കോവിഡ് 19 ബോധവത്കരണത്തിനായി മൊബൈലുകളിൽ ലഭിക്കുന്ന കോളർ ടോൺ സന്ദേശം മലയാളത്തിൽ കേൾപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.

 

മരുന്നില്ലാത്തതിനാൽ പൂർണ വിശ്രമമാണ് കോവിഡ് 19നുള്ള പ്രതിവിധി. രോഗലക്ഷണങ്ങൾ പ്രകടമായാൽ തൊട്ടടുത്ത ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കോൾസെന്ററുകളിൽ 24 മണിക്കൂറും സേവനം ലഭിക്കും. സഹായം ആവശ്യമുള്ളവർക്ക് ഈ നമ്ബരുകളിൽ വിളിക്കാം. രോഗികളുമായി അടുത്ത് ഇടപഴകിയവർക്കും കോൾസെന്ററുമായി ബന്ധപ്പെട്ട് വിവരം കൈമാറാം.- കലക്ടർ പറഞ്ഞു.