video
play-sharp-fill

കോവിഡ്-19 മഹാമാരി സ്വകാര്യ ആരോഗ്യപരിപാലന മേഖലയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് ഫിക്കി – ഇവൈ പഠന റിപ്പോര്‍ട്ട്

കോവിഡ്-19 മഹാമാരി സ്വകാര്യ ആരോഗ്യപരിപാലന മേഖലയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് ഫിക്കി – ഇവൈ പഠന റിപ്പോര്‍ട്ട്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് -19 മഹാമാരിയെ തുടര്‍ന്ന് നേരത്തെ പ്രതിസന്ധി നേരിടുന്ന രാജ്യത്തെ ആരോഗ്യപരിപാലന മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (ഫിക്കി) ഏണസ്റ്റ് ആന്‍ഡ് യങ്ങും നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. കോവിഡ്-19 ഭീതിയെ തുടര്‍ന്ന് സ്വകാര്യാശുപത്രികളില്‍ രോഗികളുടെ എണ്ണം നന്നേ കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും രാജ്യത്തെ ആശുപത്രികളിലെ മൊത്തം 60%-ലേറെ ബെഡ്ഡുകളും അത്ര തന്നെ ഇന്‍-പേഷ്യന്റുകളും 80% ഡോക്ടര്‍മാരുമുള്ള സ്വകാര്യാശുപത്രികള്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനായി കഴിഞ്ഞ മാസങ്ങളില്‍ മാനവശേഷിയിലും ഉപകരണങ്ങളിലും അടക്കം വന്‍തുകയാണ് നിക്ഷേപിച്ചിട്ടുള്ളത്.

കോവിഡിന് മുമ്പ് സ്വകാര്യാശുപത്രികളിലെ കിടപ്പുരോഗികളുടെ തോത് 65 മുതല്‍ 70 ശതമാനമായിരുന്നുവെങ്കില്‍ മാര്‍ച്ച് അവസാനത്തോടെ ഇത് 40 ശതമാനത്തിലേക്ക് കൂപ്പുകുത്തിയതായി ഫിക്കി – ഇവൈ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ ഇത് ഇനിയും കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഡയഗ്‌നോസ്റ്റിക് ലാബുകള്‍ക്കുണ്ടായ ആഘാതം ഇതിലും വലുതാണ്. ലാബുകളിലേക്ക് വരുന്ന രോഗികളുടെ എണ്ണത്തിലും വരുമാനത്തിലും ഏകദേശം 80% കുറവുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ധനസഹായമായി 14,000 -24,000 കോടി രൂപ വരെയുള്ള ഹ്രസ്വകാല പലിശരഹിത വായ്പകള്‍ അനുവദിച്ച് സര്‍ക്കാര്‍ പിന്തുണയ്ക്കണമെന്ന് ഫിക്കി – ഇവൈ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

സിജിഎച്ച്എസ്, ഇസിഎച്ച്എസ് പദ്ധതികള്‍ പ്രകാരമുള്ള സര്‍ക്കാര്‍ കുടിശ്ശികയായ 1700-2000 കോടി രൂപ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്നതിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും, തുക ഇതുവരെ ലഭ്യമായിട്ടില്ല. അത്തരം കുടിശ്ശിക ഉടന്‍ നല്‍കുന്നത് ഈ അവസരത്തില്‍ ഏറെ നിര്‍ണായകമാണ്.

പരോക്ഷ നികുതി ഇളവുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്വകാര്യ ആരോഗ്യ മേഖലയ്ക്ക് അടിയന്തിര സാമ്പത്തിക ഉത്തേജനം നല്‍കുന്നതിനുള്ള മറ്റ് ശുപാര്‍ശകളില്‍ പെടുന്നു. നിശ്ചിത കാലയളവിലേക്ക് സംഭരണത്തിന് നല്‍കിയ യോഗ്യതയില്ലാത്ത ജിഎസ്ടി ക്രെഡിറ്റുകള്‍ക്ക് തുല്യമായ തുക തിരിച്ചുപിടിക്കുക; കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി അവശ്യ മരുന്നുകള്‍, ഉപഭോഗവസ്തുക്കള്‍, ഉപകരണങ്ങള്‍ എന്നിവയില്‍ കസ്റ്റംസ് തീരുവ/ജിഎസ്ടി ഇളവ്; മെഡിക്കല്‍ ഉപകരണങ്ങളിലെ ആരോഗ്യ സെസ് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക, ഇപിസിജി സ്‌കീമിന് കീഴിലുള്ള സമയം നീട്ടുക തുടങ്ങിയവയും ശുപാര്‍ശകളില്‍പ്പെടുന്നു. ആദായനികുതി ആനുകൂല്യങ്ങളും പലിശയില്ലാതെ നിയമപരമായ ബാധ്യതാ പേയ്മെന്റുകള്‍ മാറ്റിവയ്ക്കല്‍, നിശ്ചിത കാലയളവിനുള്ള പിഴ (3-6 മാസം),  കാലയളവിലേക്കുള്ള വൈദ്യുതി നിരക്കില്‍ ഇളവ് അനുവദിക്കുക എന്നിവയുമാണ് മറ്റു പ്രധാന ശുപാര്‍ശകള്‍.

ഹോസ്പിറ്റാലിറ്റി, ടൂറിസം, നിര്‍മാണം അടക്കമുള്ള മേഖലകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കുമ്പോള്‍ സ്വകാര്യാശുപത്രികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചകളൊന്നും നടക്കുന്നില്ല. കോവിഡ്-19-നെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയിലെ സ്വകാര്യ ആരോഗ്യപരിപാലന രംഗം സര്‍ക്കാരിനൊപ്പം നിന്നിട്ടുണ്ടെന്ന് ഫിക്കി പ്രസിഡന്റും അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ ഡോ. സംഗീത റെഡ്ഡി പറഞ്ഞു. എന്നാല്‍ ഈ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി സര്‍ക്കാര്‍ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഈ രംഗത്തുള്ളവര്‍ക്ക് പ്രചോദനമായിരുന്നെങ്കിലും ഈ മേഖല നേരിടുന്ന പ്രതിസന്ധി മറകടക്കാന്‍ അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്നും ഡോ. സംഗീത റെഡ്ഡി വ്യക്തമാക്കി.

ലോക്ഡൗണ്‍ മൂലം ഇടത്തര-ചെറുനഗരങ്ങളിലെ ചെറുതും ഒറ്റപ്പെട്ടതുമായ നിരവധി നഴ്‌സിംഗ് ഹോമുകള്‍ പൂട്ടിയിടേണ്ടി വന്നിട്ടുണ്ടെന്ന് ഫിക്കി ഹെല്‍ത്ത്‌കെയര്‍ കമ്മിറ്റി ചെയര്‍മാനും മെഡിക്ക ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് ചെയര്‍മാനുമായ ഡോ. അലോക് റോയ് പറഞ്ഞു. ലോക്ക്ഡൗണ്‍ മൂലം രോഗികളുടെ എണ്ണത്തിലുണ്ടായ കുറവ് മൂലവും മറ്റ് പല പ്രശ്‌നങ്ങളാലും ഉണ്ടായിട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ട് കാരണം നിരവധി ആരോഗ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലുമാണ്. ജീവനക്കാര്‍ക്ക്  ശമ്പളം നല്‍കുന്നതില്‍ പോലും ഇത്തരം സ്ഥാപനങ്ങള്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്നും ഡോ. അലോക് റോയ് വ്യക്തമാക്കി.

കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ദേശിയ ഉത്തരവാദിത്തമെന്ന നിലയില്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ സ്വകാര്യമേഖല പ്രതിജ്ഞാബദ്ധമാണെങ്കിലും ഈ പ്രതിസന്ധിഘട്ടത്തില്‍ ഈ മേഖലയെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഇ വൈ ഇന്ത്യയുടെ പാര്‍ട്ട്ണര്‍ കയ്‌വാന്‍ മോവ്ഡവല്ല പറഞ്ഞു.

കോവിഡിനു മുമ്പ്  91 സ്വകാര്യ ആരോഗ്യപരിപാലന സ്ഥാപനങ്ങളുടെ ശരാശരി പ്രകടന മനസിലാക്കുകയും ഏകദേശം പത്ത് ആശുപത്രികളുടെയും അഞ്ച് ഡയഗ്നോസിസ് സെന്ററുകളുടെയും മാര്‍ച്ച്  മാസത്തെ ആഴ്ച തിരിച്ചുള്ള വരുമാനവും വ്യവഹാരവും പരിശോധിച്ച് വിലയിരുത്തുകയും ചെയ്താണ് ഫിക്കിയും ഇവൈയും റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.