പനച്ചിക്കാട്ടെയും മണർകാട്ടെയും മുട്ടമ്പലത്തെയും രോഗികളെ ആശുപത്രിയിലാക്കാൻ വൈകി; കൊറോണക്കാലത്ത് കോട്ടയത്ത് വിവാദം; വിവാദം ഏറ്റെടുത്ത് കോൺഗ്രസ്; പ്രത്യാരോപണവുമായി സിപിഎം

പനച്ചിക്കാട്ടെയും മണർകാട്ടെയും മുട്ടമ്പലത്തെയും രോഗികളെ ആശുപത്രിയിലാക്കാൻ വൈകി; കൊറോണക്കാലത്ത് കോട്ടയത്ത് വിവാദം; വിവാദം ഏറ്റെടുത്ത് കോൺഗ്രസ്; പ്രത്യാരോപണവുമായി സിപിഎം

തേർഡ് ഐ ബ്യൂറോ

കോട്ടയം: പനച്ചിക്കാട്ടെയും മണർകാട്ടെയും മുട്ടമ്പലത്തെയും കൊറോണ ബാധിതരെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെച്ചൊല്ലി കോട്ടയത്ത് രാഷ്ട്രീയ പോര് മുറുകുന്നു. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തെ തുടർന്നാണ് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയത് എന്ന പ്രസ്താവനയുമായി പനച്ചിക്കാട് പഞ്ചായത്തിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവും ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ റോയി മാത്യു രംഗത്ത് എത്തി.

തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത റിപ്പോർട്ട് ചെയ്യുകയും, മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങൾ വാർത്ത ഏറ്റെടുക്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് മണർകാട്ടും, മുട്ടമ്പലത്തും സമാന രീതിയിലാണ് കാര്യങ്ങളെന്ന വാദം ഉയർന്നത്. ഇതിനിടെ മണർകാട്ടെ രോഗി തനിക്ക് പരാതി ഒന്നുമില്ലെന്നും സർക്കാർ ഇടപെട്ട് കൃത്യ സമയത്ത് തന്നെ ആശുപത്രിയിൽ എത്തിക്കുമെന്നു വിശ്വസിക്കുന്നതായും മലയാള മനോരമ ചാനലിൽ തുറന്നടിച്ചതോടെ വാർത്ത വിവാദമാക്കി കോൺഗ്രസിനെ തിരിച്ചടിയ്ക്കാൻ സിപിഎമ്മിനും ആയുധമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകിട്ട് അഞ്ചു മണിയ്ക്കു മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനം നടത്തിയതോടെയാണ് ജില്ലയിൽ ആറു പേർക്ക് കൊറോണ വൈറസ് ബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ തന്നെ ഇവരെ വിവരം അറിയിച്ചെങ്കിലും, മണർകാട്, മുട്ടമ്പലം പനച്ചിക്കാട് എന്നിവിടങ്ങളിലെ രോഗികളെ ആശുപത്രികളിലേയ്ക്കു മാറ്റാൻ വൈകിയതാണ് വിവാദമായി മാറിയത്. രോഗികളെ മൂന്നു പേരെയും ആശുപത്രിയിലേയ്ക്കു മാറ്റിക്കഴിഞ്ഞപ്പോൾ രാത്രി പത്തു മണിയായിരുന്നു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഒരു ആംബുലൻസ് മാത്രമാണ് കൊറോണ ബാധിതരെ വീട്ടിൽ നിന്നും ആശുപത്രിയിലേയ്ക്കു മാറ്റുന്നത്. തിങ്കളാഴ്ച ഒറ്റയടിയ്ക്കു ആറു പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെയും ആശുപത്രിയിലേയ്ക്കു മാറ്റാൻ മെഡിക്കൽ കോളേജിലെ ഒരു ആംബുലൻസ് മാത്രമാണ് സജീകരിച്ചിരുന്നത്. ഒറ്റയടിയ്ക്ക് ഇത്രയും രോഗികൾക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേയ്ക്കു ആളുകളെ മാറ്റാനുള്ള വാഹനങ്ങളുടെ എണ്ണം കൂട്ടിയതുമില്ല. ഇതാണ് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയത് എന്നാണ് ഉയരുന്ന ആരോപണം.

മാധ്യമങ്ങളിലൂടെ വാർത്ത പുറത്തു വന്നതിനു പിന്നാലെ കോൺഗ്രസ് ജില്ലാ നേതൃത്വവും പ്രതികരണവുമായി ശക്തമായി എത്തി. ഇതോടെയാണ് സിപിഎമ്മിന്റെ സൈബർ സേന അടക്കം രംഗത്ത് എത്തിയത്. വരും ദിവസങ്ങളിലും രാഷ്ട്രീയ വിവാദമാക്കി ആളിക്കത്തിക്കാൻ കോൺഗ്രസ് പിടിവള്ളിയായി ഇത് ഉപയോഗിക്കും എന്ന് ഉറപ്പാണ്.