കോട്ടയം: വിദ്യാർഥികൾക്ക് സ്വകാര്യബസുകളിൽ യാത്ര ചെയ്യാനുള്ള കൺസഷൻ കാർഡുകൾ മൂന്നുമാസത്തിനുള്ളിൽ വിതരണം ചെയ്യാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന സ്റ്റുഡന്റ്സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗത്തിൽ തീരുമാനം.
കാർഡുകളുടെ വിതരണം പൂർത്തിയാകുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് കൺസഷനോടെ യാത്ര ചെയ്യാം. യൂണിഫോമിട്ട വിദ്യാർഥികൾക്കും കൺസഷൻ കാർഡ് ലഭിക്കുന്നതുവരെ കൺസഷൻ അനുവദിക്കും.
രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയാണ് കൺസഷൻ അനുവദിക്കുന്നത്. വൈകീട്ട് ഏഴിന് മുൻപ് യാത്ര ആരംഭിക്കുന്നവർക്ക് കൺസഷന് അർഹതയുണ്ട്. 27 വയസാണ് ഉയർന്ന പ്രായപരിധി. 40 കിലോമീറ്ററാണ് യാത്ര ചെയ്യാവുന്ന പരമാവധി ദൂരം.
സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും കൺസഷൻ അനുവദിക്കും. കാർഡുകൾ ഡിജിറ്റൈസ് ചെയ്യുന്നതടക്കം വിദ്യാർഥി പ്രതിനിധികൾ ഉന്നയിച്ച കാര്യങ്ങൾ നടപ്പാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിൽ സൗഹാർദ്ദപരമായ അന്തരീക്ഷം ഉറപ്പുവരുത്താൻ ബസുടമകളും വിദ്യാർഥി യൂണിയൻ നേതാക്കളും ശ്രദ്ധിക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യോഗത്തിൽ ആർ.ടി.ഒ. കെ. അജിത്കുമാർ, ഡിവൈ.എസ്.പി. സാജു വർഗീസ്, കെ.എസ്.ആർ.ടി.സി. ഡി.ടി.ഒ. പി. അനിൽകുമാർ, പാലാ എ.എം.വി.ഐ. ജിനു ജേക്കബ്, സ്വകാര്യ ബസ് ഉടമാ അസോസിയേഷനുകളുടെ ഭാരവാഹികളായ കെ.എസ്. സുരേഷ്, ജാക്സൺ സി. ജോസഫ്, ജോയി ചെട്ടിശ്ശേരി, വിദ്യാർഥി സംഘടനാ പ്രതിനിധികളായ സെബാസ്റ്റ്യൻ ജോയി, ജുനൈദ് കൈതക്കുളം, കെ.യു. അഖിൽ, ജിജോ ജെ. ജോസഫ്, മനീഷ്്. എം. നായർ, ജിംസൺ ജോൺ എന്നിവർ പങ്കെടുത്തു.