
പാല: കോട്ടയം പാലായിൽ ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരിക്ക്. ആണ്ടൂർ സ്വദേശികളായ സഹോദരങ്ങൾ ആൻ മരിയ (22) ആൻഡ്രൂസ് (17) എന്നിവർക്കാണ് പരിക്കേറ്റത്. ആൻമരിയയേയും ആൻഡ്രൂസിനേയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാത്രി ഏഴ് മണിയോടെ ഇവരുടെ വീട്ടിൽ വെച്ചാണ് ഇടിമിന്നലേറ്റത്.
സംസ്ഥാനത്ത് ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. 25-ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലേറ്റ് അപകടങ്ങൾ കൂടുന്നതിനാൽ ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ അപകടകാരികളാണെന്നും കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻ കരുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.