
കോട്ടയം : കെഎസ്ആർടിസിക്ക് ഡെലിവറി കൊടുക്കാൻ ബാംഗ്ലൂരിൽ നിന്ന് പുറപ്പെട്ട വണ്ടി ഹോസൂരിൽ വെച്ച് അപകടത്തിൽപ്പെട്ടു. പുതിയ എസി സ്ലീപ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഹോസൂരിൽ വെച്ച് പിന്നിൽ നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ മുന്നോട്ടു തെങ്ങിനീങ്ങിയ ബസിന്റെ മുൻഭാഗം മറ്റൊരു ലോറിയുടെ പിന്നിലും ഇടിച്ചുകയറി.
ബസ്സിന്റെ മുൻ, പിൻ ഭാഗങ്ങൾ പൂർണമായും തകർന്ന നിലയിലാണ്. അടുത്തിടെയാണ് കെഎസ്ആർടിസി പുതിയ ബസ്സുകൾ വാങ്ങിയത്.ഇതിൽ ആദ്യത്തെ ബാച്ച് വണ്ടികൾ നാട്ടിലെത്തിച്ച് സർവീസ് ആരംഭിക്കുകയും ചെയ്തിരുന്നു. അടുത്ത ബാച്ചിൽപ്പെട്ട വണ്ടികളാണ് ബോഡി നിർമ്മാണം പൂർത്തിയാക്കി നാട്ടിലേക്ക് എത്തിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്.
നിയമനടപടികൾ പൂർത്തിയായ ശേഷം ബസ് വർക്ക് ഷോപ്പിലേക്ക് തിരിച്ചുകൊണ്ടുപോകുമെന്നാണ് ലഭിക്കുന്ന വിവരം. പുതിയ ബസ്സുകളുടെ രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞദിവസം കോട്ടയം ബേക്കർ ജംഗ്ഷനിലെ കയറ്റത്തിൽ ലോറി പുറകോട്ട് വന്നിടിച്ച് പുതിയ സൂപ്പർഫാസ്റ്റ് ബസ്സിന്റെ ഗ്ലാസ് പൊട്ടിയിരുന്നു.