കാറ്റിലും മഴയിലും ഇടിമിന്നലിലും കോട്ടയം, ചങ്ങനാശ്ശേരി താലൂക്കുകളിൽ കെഎസ്ഇബിക്ക് കനത്ത നാശം; 1970 ട്രാൻസ്ഫോർമർ പ്രവർത്തനരഹിതം; ഇരുട്ടിലായത് 1.76 ലക്ഷം പേർ; നഷ്ടം ഒരു കോടി

Spread the love

കോട്ടയം ∙ കാറ്റിലും മഴയിലും ഇടിമിന്നലിലും കോട്ടയം, ചങ്ങനാശേരി താലൂക്കുകളിൽ കനത്ത നാശം. മരം വീണ് വീട് തകർന്നു രണ്ടു പേർക്കും മിന്നലേറ്റ് 2 വിദ്യാർഥികൾക്കും പരുക്ക്. 26 വീടുകൾ ഭാഗികമായി തകർന്നു. പോസ്റ്റുകളും മറ്റും തകർന്നു കെഎസ്ഇബിക്കു ഒരു കോടി രൂപയുടെ നഷ്ടം.

video
play-sharp-fill

നാട്ടകം പാറേച്ചാൽ ജെട്ടി പാലം തകർന്നു വീണു.മരം കടപുഴകി വീടിനു മുകളിൽ വീണുണ്ടായ അപകടത്തിർ പന്നിമറ്റം കുളത്തുങ്കൽ കെ.പി. സുരേഷ് (56), ഭാര്യ വിജി സുരേഷ് (50) എന്നിവർക്കാണു പരുക്കേറ്റത്. എഫ്സി ഗോഡൗണിന്റെ വളപ്പിൽ നിന്ന മരം സുരേഷിന്റെ വീടിനു മുകളിലേക്കു പതിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി 7.15നാണു സംഭവം. മരം വീണു ഷീറ്റ് പൊട്ടി ശരീരത്തിൽ പതിച്ചാണു രണ്ടു പേർക്കും പരുക്കേറ്റത്. ഇരുവരും ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കുറിച്ചിത്താനം കുന്നുംപുറത്തു ആൻ മരിയ (22), ആൻഡ്രൂസ് (17) എന്നിവർക്കാണു ഇടിമിന്നലിൽ പരുക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും ചികിത്സ തേടി. കഞ്ഞിക്കുഴി മംഗലശേരിൽ ഷാജി ജോസഫിന്റെ 800 കുലച്ച ഏത്തവാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു. മറ്റ് പലയിടങ്ങളിലും കൃഷിനാശമുണ്ട്. കോട്ടയം നഗരസഭ പരിധിയിൽ 20 ഇടങ്ങളിൽ മരം കടപുഴകി വീണു. 12 സ്ഥലങ്ങളിൽ അഗ്നിരക്ഷാസേന മരങ്ങൾ മുറിച്ചുമാറ്റി.

ശക്തമായ കാറ്റിലും മഴയിലും കുമരകം മേഖലയിൽ കെഎസ്ഇബിക്കു 3 ലക്ഷം രൂപയുടെ നഷ്ടം. വൈദ്യുതി ലൈനിലെ തകരാർ മൂലം കുമരകം, തിരുവാർപ്പ് മേഖലയിൽ പൂർണമായും 21 മണിക്കൂർ വൈദ്യുതി മുടങ്ങി. ചില പ്രദേശങ്ങളിൽ ഇന്നലെ വൈകിട്ടും വൈദ്യുതി എത്തിയിട്ടില്ല. 11 കെവി 3 പോസ്റ്റുകൾ തകരാറിലായതിന് പുറമേ 8 എൽടി പോസ്റ്റ് ഒടിഞ്ഞു.

12 എണ്ണം ചരിഞ്ഞു. 28 സ്ഥലത്ത് വൈദ്യുതി ലൈൻ പൊട്ടി.തിരുവാർപ്പിൽ ട്രാൻസ്ഫോമർ തകരാറിലായി. പല സ്ഥലത്തും ലൈനിനു മീതെ മരങ്ങൾ ഒടിഞ്ഞു വീണും നഷ്ടം ഉണ്ടായതായി എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. മരങ്ങളുടെ ശിഖരങ്ങൾ വീണതു നാട്ടുകാരുടെ സഹകരണത്തോടെ വെട്ടി നീക്കി. എന്നാൽ മരം വെട്ടുകാർ വന്നു മാറ്റേണ്ടത് അവിടെ കിടക്കുന്നു.

ജില്ലയിൽ മിക്കയിടത്തും കാറ്റിലും മഴയിലും വൈദ്യുതി ലൈനിൽ തകരാർ സംഭവിച്ചിരുന്നു. അതിനാൽ കരാർ തൊഴിലാളികളെ കൂടുതൽ കിട്ടിയില്ല. വൈദ്യുതി വകുപ്പിലെ ജീവനക്കാർ തന്നെ എല്ലാ സ്ഥലത്തും പോയി തകരാർ കണ്ടെത്തി പരിഹരിക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ കനത്ത കാറ്റിലും മഴയിലും ദുരിതത്തിലായത് 1.76 ലക്ഷം വൈദ്യുതി ഉപയോക്താക്കൾ. 1970 ട്രാൻസ്ഫോമറുകളിൽ നിന്നുള്ള വൈദ്യുതി വിതരണം അവതാളത്തിലായി. കെഎസ്ഇബിക്ക് ഒരു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കോട്ടയം സർക്കിൾ ഡപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.

ഇന്നലെ വൈകിട്ടോടെ 90 ശതമാനം ഉപയോക്താക്കളുടെയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ളത് ഇന്ന് പുനഃസ്ഥാപിക്കും. സർക്കിളിന്റെ കീഴിൽ 59 ഹൈ ടെൻഷൻ പോസ്റ്റുകളും 86 ലോ ടെൻഷൻ പോസ്റ്റുകളും ഒടിഞ്ഞിട്ടുണ്ട്. 71 ഹൈ ടെൻഷൻ കമ്പികളും 228 ലോ ടെൻഷൻ കമ്പികളും പൊട്ടിയിട്ടുണ്ട്.

ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞും കടപുഴകി വീണും ഏറ്റവുമധികം നാശമുണ്ടായത് പള്ളം ഡിവിഷന്റെ കീഴിലാണ്. ഇവിടെ മാത്രം 58 ഹൈ ടെൻഷൻ പോസ്റ്റുകളും 59 ലോ ടെൻഷൻ പോസ്റ്റുകളും പൂർണമായി തകർന്നു. 58 ഇടങ്ങളിൽ ഹൈ ടെൻഷൻ ലൈനുകളും 175 ലോ ടെൻഷൻ ലൈനുകളും പൊട്ടിവീണു. 2 ട്രാൻസ്ഫോമറുകളും നശിച്ചു. 78.10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.