മദ്യം ഷെയറിട്ട് വാങ്ങിയതിലെ തർക്കം: 36 കാരനെ കുത്തിക്കൊന്ന 28 കാരന് ജീവപര്യന്തം ശിക്ഷ; വിധി കോട്ടയം അയ്മനം സ്വദേശി കൊല്ലപ്പെട്ട കേസിൽ

Spread the love

ആലപ്പുഴ: മദ്യം ഷെയറിട്ട് വാങ്ങിയതിന് പിന്നാലെയുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ കൊന്ന യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ. ആലപ്പുഴയിൽ 2016ലുണ്ടായ കൊലപാതകത്തിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. മണ്ണഞ്ചേരി പഞ്ചായത്ത് കുന്നേല്‍വെളിവീട്ടില്‍ സനൽ എന്ന ഷാനിയെയാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി റോയി വര്‍ഗീസ് ശിക്ഷിച്ചത്. കോട്ടയം അയ്മനം പഞ്ചായത്ത് 20-ാം വാര്‍ഡ് ചീപ്പുങ്കല്‍ കൊച്ചുപറമ്പില്‍ വീട്ടില്‍ അനിയന്‍ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. മദ്യം ഷെയറിട്ട് വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വാക്കേറ്റം കയ്യേറ്റത്തിലെത്തിയതിന് പിന്നാലെ സനൽ അനിയനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

video
play-sharp-fill

2016 ജൂലായ് 30-ന് വൈകീട്ട് ആറേമുക്കാലോടെ ദേശീയ പാതയ്ക്ക് കിഴക്കുവശം കലവൂര്‍ ബെവ്റജസ് ഷോപ്പിന് മുന്നിലാണ് അക്രമം നടന്നത്. സനല്‍ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് അനിയന്റെ കഴുത്തിന്റെ വലതുഭാഗത്ത് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. മണ്ണഞ്ചേരി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അംബികാ കൃഷ്ണനും അഡ്വ. അഖില ബി. കൃഷ്ണയും ഹാജരായി.