വാക്കുതർക്കത്തെ തുടർന്ന് കൊട്ടിയത്ത് യുവാവിനെ കുത്തികൊലപ്പെടുത്തിയ സംഭവം ; ഒളിവിലായിരുന്ന പ്രതിയെ പിടികൂടി പോലീസ്
കൊട്ടിയം: കണ്ണനല്ലൂർ വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതി കൂടി അറസ്റ്റില്‍.
രണ്ടാംപ്രതി വെളിച്ചിക്കാല മലേവയല്‍ ചരുവിള വീട്ടില്‍ ഷെഫീക്ക് (35) ആണ് പിടിയിലായത്. മലപ്പുറത്ത് ഒളിവിലായിരുന്ന ഇയാള്‍ ചൊവ്വാഴ്ച രാവിലെ വീട്ടിലേക്ക് പോകാനായി വരുമ്ബോള്‍ കൈതക്കുഴി ഭാഗത്ത് വെച്ചാണ് കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മൂന്ന് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. റിമാൻഡില്‍ കഴിഞ്ഞിരുന്ന ഇവരെ പൊലീസ് കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയാണ്.
വെളിച്ചിക്കാല വാറുവിള വീട്ടില്‍ സദാം (33), വെളിച്ചിക്കാല സബീല മൻസിലില്‍ അൻസാരി (34), വെളിച്ചിക്കാല നൂർജി നിവാസില്‍ നൂറുദ്ദീൻ (42) എന്നിവരെയാണ് നേരത്തെ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണനല്ലൂർ മുട്ടയ്ക്കാവ് ചാത്തന്റഴികത്ത് വീട്ടില്‍ നവാസിനെ (35)യാണ് കഴിഞ്ഞമാസം 27ന് രാത്രിയില്‍ സംഘം കുത്തിക്കൊന്നത്. രാത്രി 9.45ന് വെളിച്ചിക്കാല ജങ്ഷനിലായിരുന്നു അക്രമം.
നവാസിന്റെ ബന്ധുവായ നബീലിനെയും സുഹൃത്ത് അനസിനെയും പ്രതികള്‍ മർദിച്ച വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് ബൈക്കിലെത്തിയതായിരുന്നു നവാസ്. എട്ടുപേരോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഒന്നാംപ്രതി സദാം കത്തികൊണ്ട് നവാസിന്റെ വയറ്റില്‍കുത്താൻ ശ്രമിച്ചു. ഒഴിഞ്ഞുമാറുന്നതിനിടെ കഴുത്തിനു പിന്നില്‍ കുത്തേല്‍ക്കുകയായിരുന്നു. കുത്തേറ്റ നവാസ് സമീപത്തെ കടയിലേക്ക് ഓടിക്കയറി. തുടർന്ന് സമീപത്തെ സ്വകാര്യമെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. നബീലും അനസും സുഹൃത്തിന്റെ വീട്ടിലെ ഗൃഹപ്രവേശനച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങവേ, ടി.ബി ജങ്ഷനില്‍വെച്ച് രണ്ടാംപ്രതി ഷെഫീക്ക് ബൈക്കിന് കൈകാണിച്ചു. നിർത്താതെ പോയതോടെ അസഭ്യം വിളിച്ചു. ഇത് ചോദ്യംചെയ്തപ്പോഴാണ് ഷെഫീക്കും നൂറുദ്ദീനും ചേർന്ന് ഇരുവരെയും മർദിച്ചതെന്ന് പൊലീസ് പറഞ്ഞു.
നബീലും അനസും ബൈക്കില്‍ രക്ഷപ്പെട്ട് കണ്ണനല്ലൂർ പൊലീസില്‍ പരാതി നല്‍കി. തങ്ങളെ മർദിക്കുന്നെന്ന് നബീല്‍ നവാസിനെ ഫോണ്‍ വിളിച്ച് അറിയിച്ചിരുന്നു. മർദിച്ചവരെ തേടി നവാസ് ബൈക്കില്‍ വെളിച്ചിക്കാലയില്‍ എത്തിയപ്പോഴാണ് കൊലപാതകം നടന്നത്.
എസ്.എച്ച്.ഒ രാജേഷ്, എസ്.ഐമാരായ ജിബി, ഹരി സോമൻ, സി.പി.ഒമാരായ പ്രജേഷ്, മുഹമ്മദ് ഹുസൈൻ, നുജുമുദ്ദീൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.