
സ്വന്തം ലേഖകൻ
കോട്ടയം: ബോണസ് അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന ബാങ്ക് മാനേജ്‌മെന്റിന്റെ നിലപാടിൽ പ്രതിഷേധിച്ച് കൊട്ടക് മഹീന്ദ്രബാങ്ക് ജീവനക്കാർ പ്രതിഷധ ധർണ്ണ നടത്തി. ജില്ലയിലെ ബാങ്ക് ശാഖകൾക്കു മുന്നിലാണ് പ്രതിഷേധ ധർണ നടത്തിയത്.
2014 നവംബറിലാണ് ഐ.എൻ.ജി വൈശ്യാ ബാങ്കിനെ കൊട്ടക്ക് മഹീന്ദ്രബാങ്ക് ഏറ്റെടുത്തത്. ലയനപ്രക്രീയ പൂർത്തിയാകും മുൻപ് ബാങ്കിലെ ജീവനക്കാരുമായി ഒരു കരാർ ഒപ്പിട്ടിരുന്നു. ഇത് പ്രകാരം ഐ.എൻ.ജി വൈശ്യ ബാങ്കിലെ ജീവനക്കാർക്ക് എല്ലാ വിധ സേവന വേതന വ്യവസ്ഥകളും ഉണ്ടാകുമെന്നായിരുന്നു ഉറപ്പ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ ഭാഗമായാണ് വാർഷിക കണക്കെടുപ്പിനു ശേഷം പ്രഖ്യാപിക്കുന്ന പി.എൽ.ഐ എക്‌സ്‌ഗ്രേഷ്യ ബോണസ്. ബാങ്ക് വളർച്ചയുണ്ടാകുമ്പോൾ സ്വാഭാവികമായും ജീവനക്കാർക്ക് ബോണസ് നൽകേണ്ടി വരും. 2019 മാർച്ച് 31 ന് അവസാനിച്ച വർഷത്തേക്കാൾ 1300 കോടി രൂപയുടെ ലാഭമാണ് 2020 മാർച്ചിലുണ്ടായിരുന്നത്. എന്നാൽ, ജീവനക്കാരുടെ എക്‌സ്‌ഗ്രേഷ്യ ബോണസ് പകുതിയാക്കിയാണ് ഇപ്പോൾ ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് തികച്ചും അന്യായമാണ് എന്നാണ് ബാങ്ക് ജീവനക്കാർ ആരോപിക്കുന്നത്.
ഇത് തികച്ചും അന്യായമാണ്. കൊവിഡ് 19 ന്റെ മറവിലാണ് ജീവനക്കാർക്ക് ബോണസ് നിഷേധിക്കുന്ന നടപടി മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഇതിൽ പ്രതിഷേധിച്ച് ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ചാണ് ഈ ആഴ്ച ജോലി ചെയ്യുന്നത്. ജീവനക്കാർക്ക് ബോണസ് വിതരണം ചെയ്ത് സൗഹാർദപരമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നു കൊട്ടക് മഹീന്ദ്ര ബാങ്ക് എംപ്ലോയീസ് യൂണിയൻ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു.