ആന, കീരി, തെരുവ് നായ, കുറുനരി , നീർനായ: കോട്ടയത്തുകാർ പൊറുതി മുട്ടി; കുറവിലങ്ങാട്ട് ഇന്നലെ ഒരാളെ കുറുനരി കടിച്ചു

Spread the love

കോട്ടയം: കോട്ടയത്ത് വന്യമൃഗ ആക്രമണങ്ങളും തെരുവുനായ ശല്യവും കൊണ്ട് പൊതുതിമുട്ടി ജനങ്ങള്‍. തെരുവില്‍ ഇറങ്ങിയാല്‍ തെരുവുനായ കടിക്കും.
കൃഷി തോട്ടത്തിലേക്കിറങ്ങിയാല്‍ ആന ചവിട്ടിക്കൊല്ലും.ജില്ലയുടെ പടിഞ്ഞാന്‍ പ്രദേശങ്ങളില്‍ നീര്‍നായയും കീരിയും എന്തിന് പരുന്തുവരെ ആളുകളെ ആക്രമിക്കുന്നു.

ജീവിക്കാന്‍ എന്തു ചെയ്യുമെന്ന ചോദ്യമാണ് ജനങ്ങള്‍ ചോദിക്കുന്നത്. കുറവിലങ്ങാട് പഞ്ചായത്തിന്റെ മൂന്ന് , നാല് വാര്‍ഡുകളില്‍ കുറുനരി ശല്യം രൂക്ഷമായി.

ഇന്നലെ നാലാം വാര്‍ഡ് മണ്ണാക്കുഴി സണ്ണി ജോസഫ് (60) ആണ് കുറുനരിയുടെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടിയത്.
ആട്ടിന്‍കൂടിനു സമീപത്ത് നില്‍ക്കുമ്പോഴാണ് കടിയേറ്റത്. ആടുകളെയും കുറുനരി ആക്രമിച്ചു. തിരുവാര്‍പ്പില്‍ രണ്ടാഴ്ച കൊണ്ട് മൂന്നു പേരെ നീര്‍നായ ആക്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതില്‍ ചികിത്സ തേടിയ വീട്ടമ്മ പിന്നീട് കുഴഞ്ഞു വീണു മരിക്കുകയും ചെയ്തു. വൈക്കത്ത് വീടിനുള്ളില്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മയെ കീരി ആക്രമിച്ചു പരുക്കേല്‍പ്പിച്ചിരുന്നു.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ജില്ലയുടെ അതിര്‍ത്തി പ്രദേശമായ പെരുവന്താനം മതംബയില്‍ ആനയുടെ ചവിട്ടേറ്റ് വയോധികന്‍ മരിച്ചത്.
റബര്‍ തോട്ടിത്തില്‍ മകനു നേരെ കാട്ടാന പാഞ്ഞടുക്കുന്നതു കണ്ടു രക്ഷിക്കാന്‍ വന്ന കാഞ്ഞിരപ്പള്ളി സ്വദേശിയാണ് മരിച്ചത്.

ഏതാനും മാസങ്ങള്‍ക്കു മുന്‍പായിരുന്നു സമീപ പ്രദേശത്തു കാട്ടാന ചവിട്ടി വീട്ടമ്മ മരിച്ചത്. കാട്ടുപന്നി ശല്യം കൊണ്ട് മലയോര മേഖലയില്‍ കൃഷി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഇവയ്ക്കു പുറമേയാണ് തെരുവനായ ശല്യം..

ജൂണിനു ശേഷം അന്‍പതോളം പേര്‍ക്കെങ്കിലും ജില്ലയില്‍ തെരുവുനായയുടെ കടിയേറ്റിട്ടുണ്ടാകും. ഇന്നലെയും ജില്ലയില്‍ തെരുവുനായ ആക്രമണം ഉണ്ടായി.

ചങ്ങനാശേരി പെരുന്ന റെഡ് സ്‌ക്വയറിന് സമീപം സായാഹ്ന സവാരിക്ക് ഇറങ്ങിയ വയോധികന് നേരെ തെരുവ് നായകള്‍ കൂട്ടത്തോടെ എത്തി ആക്രമിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. പെരുന്ന സ്വദേശി രാജശേഖരനെയാണ് തെരുവ് നായ ആക്രമിച്ചത്.
പതിവ് പോലെ സായാഹ്ന സവാരി നടത്തി പെരുന്ന റെഡ് സ്വകയറിന് സമീപം എത്തിയ രാജശേഖരന് നേരെ തെരുവ് നായ കുരച്ചുകൊണ്ട് പാഞ്ഞടുക്കുകയായിരുന്നു.

കയ്യില്‍ കരുതിയ കുട കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും അരയ്ക്കു താഴോട്ട് നിരവധി തവണ തെരുവുനായ കടിക്കുകയായിരുന്നു.

സമീപത്ത് നിന്നിരുന്ന ആളുകള്‍ ബഹളം വെച്ച്‌ തെരുവുനായെ ഓടിച്ചു. എല്ലാ ദിവസവും ഒന്നും രണ്ടും തെരുവുനായ ആക്രമണം ജില്ലയില്‍ അരങ്ങേറുന്നുണ്ട്. കഴിഞ്ഞ ദിവസം സ്‌കൂള്‍ കഴിഞ്ഞു ട്യൂഷന് പോയ കുട്ടിയെയും തെരുവുനായ ആക്രമിച്ചിരുന്നു.