
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തില്‍ മന്ത്രിമാരായ വീണാ ജോർജിനെതിരെയും വി എൻ വാസവനെതിരെയും രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
രണ്ട് മന്ത്രിമാരും ദുരന്തത്തെ ലഘൂകരിച്ച് കാണിക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇരുവരും ദുരന്തത്തെ വൈറ്റ്‌വാഷ് ചെയ്യാനാണ് ശ്രമിച്ചതെന്നും, തക്ക സമയത്ത് രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കില്‍ ബിന്ദു മരിക്കുമായിരുന്നില്ലെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.
രക്ഷാപ്രവർത്തനം രണ്ടേകാല്‍ മണിക്കൂർ വൈകിയതാണ് ബിന്ദുവിന്റെ ജീവൻ നഷ്ടമാകാൻ ഇടയായതെന്നും അതിനാല്‍ ഇത് കൊലപാതകമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. വലിയ വീഴ്ചയാണുണ്ടായതെന്നും ആരോഗ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും സണ്ണി ജോസഫ് രൂക്ഷമായി വിമർശിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തെ ന്യായീകരിക്കാനുള്ള അതിയായ വ്യഗ്രതയിലാണ് ഈ അബദ്ധം സംഭവിച്ചതെന്നും അധ്യക്ഷൻ കുറ്റപ്പെടുത്തി. കേരളത്തിലെ സർക്കാർ ആരോഗ്യരംഗത്തിന്റെ തകർച്ച ഒന്നൊന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. യാഥാർത്ഥ്യം രൂക്ഷമാണെന്ന് ഓരോ ദിവസത്തെയും സംഭവങ്ങള്‍ തെളിയിക്കുകയാണ്. ഇവിടെ ഹോസ്പിറ്റല്‍ മാനേജ്മെൻറ് കമ്മിറ്റി ചേരാറുണ്ടായിരുന്നില്ല. പുതിയ കെട്ടിടം പണി കഴിഞ്ഞിരുന്നെങ്കിലും ഉദ്‌ഘാടനം ചെയ്യാനായി മാറ്റിവെച്ചു. ബിന്ദുവിന്റെ കുടുബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും മകള്‍ക്ക് സർക്കാർ ജോലി നല്‍കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
അതേസമയം, രക്ഷാപ്രവർത്തനം കുറച്ചു കൂടി നേരത്തെ ആയിരുന്നെങ്കില്‍ ഒരു പക്ഷെ തന്റെ ഭാര്യ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നാണ് ബിന്ദുവിന്റെ ഭർത്താവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇനിയാർക്കും ഇങ്ങനെ ഒരു അവസ്ഥ വരരുതെന്ന് അദ്ദേഹം പറഞ്ഞു. പരാതിയുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് തന്റെ ഭാര്യ പോയെന്നും ഇനി ആരോട് പരാതി പറയാനാണെന്നും ഭർത്താവ് വിശ്രുതൻ വിങ്ങിപ്പൊട്ടിക്കൊണ്ട് ചോദിച്ചു. മക്കളെ പഠിപ്പിച്ചത് ഉള്‍പ്പെടെ ബിന്ദുവാണെന്നും അദ്ദേഹം പറഞ്ഞു.
മകളുടെ ഒപ്പം ആശുപത്രിയില്‍ കൂട്ടിരിക്കാൻ എത്തിയതായിരുന്നു ബിന്ദു. ആശുപത്രി കെട്ടിടത്തില്‍ കുളിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.
പുറത്തെടുത്ത ബിന്ദുവിനെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇടിഞ്ഞു വീണ കെട്ടിടത്തിലെ ശുചിമുറിയിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചത്. തുടർന്നാണ് ഒരുമണിയോടെ ഇവരെ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് ഇടിഞ്ഞുവീണത്.
അപകടത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു എന്നാല്‍ പിന്നീടാണ് ഇടിഞ്ഞു വീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരാള്‍ കുടുങ്ങിക്കിടപ്പുണ്ട് എന്ന തരത്തിലുള്ള വിവരം പുറത്തുവന്നത്. ഏറെ കാലപ്പഴക്കമുള്ള മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞു വീണത്. ഓർത്തോപീഡിക്സ് സർജറി വിഭാഗമാണ് നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നത്. ശുചിമുറിയും ഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്. അതേസമയം, സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ തുടരും.
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികള്‍ നടത്താനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത് കെ എസ്‍യു, യൂത്ത് കോണ്‍ഗ്രസ്, മുസ്ലീംലീഗ്, അടക്കമുള്ള പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ ബിജെപിയുടെ നേതൃത്വത്തില്‍ വീണ ജോർജിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ആരോഗ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്.
അതേസമയം, പ്രതിഷേധം ശക്തമാക്കുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് നടക്കും. രാജി ആവശ്യത്തില്‍ സിപിഎമ്മിൻ്റെ നിലപാട് നേതൃത്വം പ്രഖ്യാപിക്കും. നിലവില്‍ വീണാ ജോര്‍ജിനെതിരെ വിമര്‍ശനവുമായി സിപിഐഎം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സിപിഐഎം പത്തനംതിട്ട ഇലന്തൂര്‍ എല്‍സി അംഗം ജോണ്‍സണ്‍ പിജെ, സിപിഐഎം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗം എന്‍ രാജീവ് എന്നിവരാണ് മന്ത്രിക്കെതിരെ രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരുടേയും വിമര്‍ശനം.