കയ്യേറ്റക്കാരുടെ സ്വന്തം നഗരം..! റോഡ് കയ്യേറി കെട്ടിടം പണിയുന്നവരിൽ നഗരസഭയുടെ സ്വന്തക്കാരും; വൃന്ദാവൻ കോപ്ലക്‌സിനു സമീപത്തെ പുതിയ കെട്ടിടത്തിനും അനധികൃത നിർമ്മാണം; കണ്ടിട്ടും കാണാതെ കോട്ടയം നഗരസഭ
എ.കെ ജനാർദനൻ
കോട്ടയം: നഗരമധ്യത്തിലെ അനധികൃതമായുള്ള റോഡ് കയ്യേറ്റത്തിനെതിരെ നഗരസഭയിലും വിജിലൻസിലും പരാതി നൽകിയിട്ടും രക്ഷയില്ല. ടിബി റോഡിൽ വൃന്ദാവൻ കോംപ്ലസിനു സമീപത്തു കൂടിയുള്ള റോഡിൽ വീണ്ടും കയ്യേറ്റം സജീവമാകുന്നു. നഗരത്തിലെ വൃന്ദാവൻ കോംപ്ലക്‌സിനു സമീപത്തെ രണ്ടു കെട്ടിടങ്ങളാണ് ഇപ്പോൾ അനധികൃതമായി റോഡ് കയ്യേറിയിരിക്കുന്നത്.
ടിബി റോഡിൽ ചള്ളിയിൽ റോഡിൽ ടിജി ടവറും, വൃന്ദാവൻ കോംപ്ലക്സും, തൃശൂർ ഗോൾഡും അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായി തേർഡ് ഐ ന്യൂസ് ലൈവ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ തേർഡ് ഐ വിജിലൻസിനും, നഗരസഭ അധികൃതർക്കും പരാതിയും നൽകിയിരുന്നു. പരാതി മുക്കിയ നഗരസഭ ഈ സ്ഥാപനങ്ങൾക്കെതിരെ തേർഡ് ഐ നൽകിയ വിവരാവകാശ അപേക്ഷയിൽ ഇതുവരെയും മറുപടിയും നൽകിയിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെയാണ് ഇപ്പോൾ തൃശൂർ ഗോൾഡിനോടു ചേർന്ന കെട്ടിടം സമാന രീതിയിൽ ഇപ്പോൾ സ്ഥലം കയ്യേറിയിരിക്കുന്നത്. റോഡിലേയ്ക്കിറക്കിയാണ് ഇപ്പോൾ ഇവർ കച്ചവടം ചെയ്യുന്നതിനായി സ്ഥലത്ത് കെട്ടി ഉയർത്തിയിരിക്കുന്നത്.
നേരത്തെ വിജിലൻസ് സംഘം പരാതിക്കാരനായ പൊതുപ്രവർത്തകൻ എ.കെ ശ്രീകുമാറിൻ്റെ മൊഴി എടുത്ത് നടപടി തുടങ്ങിയിരുന്നു. എന്നാൽ, ഈ പരാതിയിൽ ഇതുവരെയും നഗരസഭ നടപടി സ്വീകരിച്ചിട്ടില്ല. നഗരത്തിലെ അനധികൃത കയ്യേറ്റക്കാർക്കും കൊള്ളക്കാർക്കും നഗരസഭ ഒത്താശ ചെയ്യുകയാണ് എന്നു വ്യക്തമാകുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.
റോഡിലേയ്ക്കു ഇറക്കി വച്ച പരസ്യമായി കെട്ടിടം നിർമ്മിച്ചിട്ടും നഗരസഭയിലെ ഒരു ഉദ്യോഗസ്ഥനും പ്രശ്‌നത്തിൽ ഇനിയും ഇടപെട്ടിട്ടില്ല. നഗരസഭ കൗൺസിലർമാരും ഉന്നത ഉദ്യോഗസ്ഥരും ദിവസവും കടന്നു പോകുന്ന വഴിയിലാണ് ഈ കയ്യേറ്റമെന്നതാണ് ഏറെ ശ്രദ്ധേയം.