
കോട്ടയം: കേരള എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരം കോട്ടയം എം.ടി സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അജയ് കെ.ആർ ഉദ്ഘാടനം ചെയ്തു.
എം.ടി സ്കൂൾ ഹെഡ് മിസ്‌ട്രസ് റൂബി ചാക്കോ അധ്യക്ഷത വഹിച്ചു. താലൂക്ക് തലത്തിൽ ഒന്നാം സ്ഥാനം നേടിയ ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ മത്സരത്തിൽ ഒന്നാം സമ്മാനം വൈക്കം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ നിവേദിത.എസ്. മേനോൻ, ഋതുനന്ദ വി എന്നിവർ കരസ്ഥമാക്കി. ഇരുവരും സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.
രണ്ടാം സ്ഥാനം പ്ലാശനാൽ സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ ലിയാ സച്ചിൻ, റോസ് മരിയ സച്ചിൻ എന്നിവർക്കും , മൂന്നാം സ്ഥാനം ഇത്തിത്താനം എച്ച്.എസ് മലകുന്നം സ്കൂൾ വിദ്യാർത്ഥികളായ ജിസാ തോമസ്, ഗൗരി കൃഷ്ണ എന്നിവർ കരസ്ഥമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എംടി സെമിനാരി സ്കൂൾ അധ്യാപിക ഷീജ ഫിലിപ്പ് ക്വിസ് മാസ്റ്റർ ആയി. വിജയികളായ ടീമുകൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. സ്കൂളിൽ നടന്ന സമ്മാനദാന ചടങ്ങിൽ ജില്ലാ വിമുക്തി മാനേജർ എം.കെ പ്രസാദ് സമ്മാനദാനം നിർവ്വഹിച്ചു. പ്രിവൻ്റീവ് ഓഫീസർ ബെന്നി സെബാസ്റ്റിയൻ ആശംസകൾ അറിയിച്ചു. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അനീഷ കെ.എസ് നന്ദിയും പറഞ്ഞു.