വൈക്കത്ത്‌ രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ വാഹനത്തിലെത്തിച്ച കോഴിമാലിന്യം പാലത്തില്‍ വിതറി; മാലിന്യം തള്ളിയവരെ പിടികൂടാനായി പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് പോലീസ്‌

Spread the love

വൈക്കം: വെച്ചൂര്‍ അഞ്ചുമന പാലത്തില്‍ രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ വാഹനത്തില്‍ കൊണ്ടുവന്ന്‌ കോഴി അറവ്‌ മാലിന്യം തള്ളി. ബുധനാഴ്‌ച പുലര്‍ച്ചെയാണ്‌ മാലിന്യം തള്ളിയതെന്ന്‌ കരുതുന്നത്‌.

video
play-sharp-fill

കോട്ടയത്തുനിന്നും വൈക്കത്തേക്ക്‌ പോകുന്ന ഭാഗത്ത്‌ പാലത്തിന്റെ ഇടതുവശത്ത്‌ വിതറിയ നിലയില്‍ പുലര്‍ച്ചെ അഞ്ചോടെ നാട്ടുകാരാണ്‌ മാലിന്യം തള്ളിയിരിക്കുന്നത്‌ കണ്ടത്‌. തുടര്‍ന്ന്‌ പഞ്ചായത്ത്‌ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു അജിയുടെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ്‌ അധികൃതര്‍ മാലിന്യം നീക്കി സമീപത്തുതന്നെ കുഴിയെടുത്ത്‌ മൂടുകയായിരുന്നു. തുടര്‍ന്ന്‌ മാലിന്യം തള്ളിയ സ്ഥലത്തും കുഴിച്ചിട്ട ഭാഗത്തും ക്ലോറിന്‍ വിതറി അണുവിമുക്‌തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം പോലീസും സ്ഥലത്തെത്തിയിരുന്നു. മാലിന്യം തള്ളിയവരെ പിടികൂടാനായി പോലീസ്‌ പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്‌.

കല്ലറ, വെച്ചൂര്‍, തലയാഴം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നത്‌ നിത്യസംഭവമാണ്‌. ശുചിമുറി മാലിന്യമാണ്‌ അതില്‍ ഏറെയും. കഴിഞ്ഞ മാസമാണ്‌ ഈ ഭാഗത്ത്‌ കൊയ്‌ത് കൂട്ടിയ നെല്ലിന്‌ മുകളില്‍ സാമൂഹ്യ വിരുദ്ധര്‍ ശുചിമുറി മാലിന്യം തള്ളിയ സംഭവം ഉണ്ടായത്‌. ഇത്തരത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്ന്‌ നാട്ടുകാരുടെ ആവശ്യം ശക്‌തമാണ്‌.