
കോട്ടയം : ട്രെയിനുകളിലും, റെയില്‍വേ സ്റ്റേഷനുകളിലും അതിക്രമങ്ങള്‍ വർദ്ധിക്കുന്ന സാഹചര്യത്തില്‍ പരിശോധന കർശനമാക്കിയതോടെ രണ്ടെണ്ണം വീശി ട്രെയിനില്‍ കയറാൻ ഒരുങ്ങിയവർക്ക് പിടിവീണു തുടങ്ങി.
ബാറില്‍ നിന്ന് മദ്യപിച്ചും, കോളയില്‍ മിക്സ് ചെയ്തും ട്രെയിനില്‍ കയറാൻ ഒരുങ്ങിയവരെയാണ് ആർ.പി.എഫും റെയില്‍വേ പൊലീസും ചേർന്ന് പിടികൂടിയത്. രണ്ട് ദിവസമായി റെയില്‍വേ സ്റ്റേഷനില്‍ ബ്രീത്ത് അനലൈസറുമായി പൊലീസുണ്ട്. സംശയം തോന്നിയാല്‍ ഊതിക്കും.
പിടിവീണാല്‍ കോടതിയില്‍ പിഴയും അടയ്ക്കണം. പിടിയിലായവരില്‍ ദീർഘദൂര യാത്രക്കാരാണ് അധികവും. ട്രെയിൻ യാത്രയ്‌ക്കിടെ കുടിക്കാൻ പാകത്തിന് മിക്സ് ചെയ്ത് കൈയില്‍ കരുതിയവരും, ബാഗില്‍ വെള്ളക്കുപ്പിയും മദ്യവും സൂക്ഷിച്ചവരുമുണ്ടായിരുന്നു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവരെ ഊതിച്ചിട്ടില്ലെങ്കിലും അത്തരക്കാരും മദ്യപിച്ച് കയറുന്നുണ്ടെന്നാണ് റെയില്‍വേ പൊലീസ് പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യാത്ര മുടങ്ങും, പിഴയും
മദ്യപിച്ചെന്ന് കണ്ടെത്തിയാല്‍ യാത്ര അനുവദിക്കില്ല. ഇതിന് പുറമേയാണ് പിഴയടക്കം ലഭിക്കുക. റെയില്‍വേ ഉദ്യോഗസ്ഥർ, ആർ.പി.എഫ്, റെയില്‍വേ പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ടാഴ്ച നീളുന്ന പരിശോധന ക്യാമ്പയിനാണ് തുടക്കമായത്.
യാത്രക്കാരെ ശല്യപ്പെടുത്തുന്നവർക്കെതിരെ നടപടിയുണ്ടാകും. യാചകരെ നിയന്ത്രിക്കും. മദ്യപിച്ച് പ്ലാറ്റ്‌ഫോമുകളില്‍ അലഞ്ഞു തിരിയുന്നവരേയും കിടന്നുറങ്ങുന്നവരേയും പിഴയീടാക്കി വിട്ടയച്ചു.
രണ്ട് ദിവസം പിടിയിലായത് : 15 പേർ
പിഴ കോടതിയില്‍ : 1000-10000 രൂപ
ജാമ്യമെടുക്കാൻ ആളെത്തണം
”കേരള എക്സ്പ്രസിലെ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മദ്യപിച്ചിട്ടുണ്ടോയെന്നറിയാനുള്ള പരിശോധന. ലഹരിക്കടത്തുകാരും പിടിയിലാകുമെന്ന് കോട്ടയം റെയിൽവേ എസ്എച്ച് ഒ
-റെജി പി ജോസഫ് പറഞ്ഞു.



