രണ്ടാം കുട്ടനാട് പാക്കേജ്; പഴുക്കാനില കായൽ ശുചീകരണത്തിന് കിഫ്ബി 103.73 കോടി ഫണ്ട് അനുവദിച്ചു; കോട്ടയം മലരിക്കൽ ആമ്പൽ ഗ്രാമത്തിന് വികസനത്തിൻ്റെ കുതിപ്പേകാൻ 104 കോടിയുടെ കിഫ്ബി പദ്ധതി

Spread the love

കോട്ടയം: രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി വേമ്പനാട്ടുകായലില്‍ കോട്ടയം നഗരത്തിനോടും തിരുവാര്‍പ്പു പഞ്ചായത്തിനോടും ചേര്‍ന്നുകിടക്കുന്ന പഴുക്കാനില കായല്‍ ശുചീകരണത്തിന് കിഫ്ബി 103.73 കോടി രൂപയുടെ ഫണ്ട് അനുവദിച്ചു.

video
play-sharp-fill

മലരിക്കല്‍ ആമ്പല്‍ ഗ്രാമത്തിന്റെ വികസനത്തിന് 104 കോടി രൂപയുടെയും പദ്ധതിയും കിഫ്ബി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

വര്‍ഷങ്ങളായി നദികളിലൂടെ ഒഴുകിയെത്തുന്ന എക്കല്‍ അടിഞ്ഞ് രൂപപ്പെട്ട തുരുത്തുമൂലമുള്ള വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്ന് മുക്തി നേടാന്‍ പദ്ധതി ഉപകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഴുക്കാനിലം കായലില്‍ അടിഞ്ഞുകൂടിയ എക്കല്‍ കോരിയെടുത്ത് തിരുവാര്‍പ്പ് ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ജെ. ബ്ലോക്ക് 9000, തിരുവായ്‌ക്കരി, കോട്ടയം മുനിസിപ്പാലിറ്റിയുടെ ഭാഗമായ എഫ്. ബ്ലോക് എന്നീ പാടശേഖരങ്ങളുടെ 27.8 കി.മീ. പുറം ബണ്ടുകള്‍ ബലപ്പെടുത്തി ഗതാഗതയോഗ്യമാക്കി വികസിപ്പിക്കുന്നതിനും നെല്‍കൃഷി സംരക്ഷിക്കുന്നതിനുമുള്ള പദ്ധതിയാണിത്.

1.62 ച . കിലോമീറ്റർ വിസ്തൃതിയുള്ള പഴക്കാനിലം കായലിൽ അടിഞ്ഞുകൂടിയ 3.68 ലക്ഷം ക്യുബിക് മീറ്റർ എക്കൽ കോരിയെടുത്ത് തിരുവാർപ്പ് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ജെ. ബ്ലോക്ക് 9000, തിരുവായ്ക്കരി, കോട്ടയം മുനിസിപ്പാലിറ്റിയുടെ ഭാഗമായ എഫ്. ബ്ലോക് എന്നീ പാടശേഖരങ്ങളുടെ 27.8 കി.മീ. പുറം ബണ്ടുകൾ ബലപ്പെടുത്തി ഗതാഗതയോഗ്യമാക്കി വികന്ധിപ്പിക്കുന്നതിനും നെൽകൃഷി സംരക്ഷിക്കുന്നതിനുമുള്ള പദ്ധതിയാണിത്.

പുതിയ മോട്ടോർ തറകൾ സ്ഥാപിക്കുന്നതു വഴി വെള്ളം പറ്റിക്കൽ എളുപ്പമാകും. പല തട്ടായി കിടക്കുന്ന പഴുക്കാ നിലം കായൽ ഉപഗ്രഹ സർവ്വേയിലൂടെ ആഴം കണക്കാക്കി 1.75 മീറ്റർ മുതൽ 2.35 മീറ്റർ വരെ ആഴത്തിൽ ചെളി നീക്കം ചെയ്ത് ക്രമീകരിക്കും.

103.73 കോടി രൂപ അടങ്കൽ തുക കണക്കാക്കിയിട്ടുള്ള ഈ പദ്ധതിയുടെ ടെണ്ടർ നടപടികൾ പുരോഗമിക്കുന്നു
അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയിട്ടുള്ള അന്തരീക്ഷ കാർബൺ നീക്കം ചെയ്യൽ (Carbon Sequestration) പദ്ധതിയും ഇതിൻ്റെ ഭാഗമാണ് .

പുറം ബണ്ടുകളിൽ വച്ചുപിടിപ്പിക്കുന്ന കണ്ടൽ ചെടികൾ മുഖേന അന്തരീക്ഷത്തിൽ നിന്നും നീക്കം ചെയ്യപ്പെടുന്ന കാർബണിൻ്റെ മൂല്യം അന്താരാഷ്ട്ര വിപണിയിൽ പ്രതിവർഷം ഒരു കോടി രൂപ വരുമെന്ന് കണക്കാക്കിയിരിക്കുന്നു. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിലെ പ്രധാന ശുപാർശയാണിത്. കൂടാതെ മലരിക്കൽ – ഇറമ്പം നിവാസികളുടെ ചിരകാല ആവശ്യമായ യാത്രാ സൗകര്യം ഒരുക്കുന്നതിനും പദ്ധതി സഹായകമാകും.

മത്സ്യത്തൊളിലാളികൾക്ക് ഏറെ ഗുണകരമാകുന്ന പദ്ധതി ഉൾനാടൻ ടൂറിസത്തിൻ്റെ ഹബ്ബ് ആയി മാറുന്നതാണ്. കായലിലെ ചെളി ഉപയോഗിച്ച് ബണ്ട് നിർമ്മിക്കുന്ന മാതൃകാ പദ്ധതിയായി ഇത് മാറും. ഇതിനാവശ്യമായ മുഴുവൻ സ്ഥലവും ഉടമകൾ സൗജന്യമായി വിട്ടുകൊടുത്തിട്ടുള്ളതാണ്.

കോട്ടയം ജില്ലയിലെ തിരുവാർപ്പ്, നാട്ടകം വില്ലേജുകളിൽ ഉൾപ്പെട്ട ഈ പ്രദേശങ്ങളിൽ വികസനത്തിൻ്റേയും ഗ്രാമീണ ജനതയുടെ വരുമാനത്തിൻ്റെയും വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന പദ്ധതിയാണിത്.

പദ്ധതി യാഥാർത്ഥ്യമാക്കുവാൻ സംസ്ഥാന സർക്കാരിൻ്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായ മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ പുന: സംയോജന പദ്ധതി, തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത്, മലരിക്കൽ ടൂറിസം സൊസൈറ്റി, പാടശേഖര സമിതികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ കഴിഞ്ഞ അഞ്ചു വർഷമായി പ്രവർത്തിച്ചു വരുന്നു.

പ്രളയ രഹിത കോട്ടയം

പഴുക്കാനിലം കായലിൽ വർഷങ്ങളായി അടിഞ്ഞുകൂടിയിട്ടുള്ള എക്കൽ നീക്കുന്നതുമൂലം അത് ഒരു വലിയ റിസർവോയർ ആയി മാറും. മഴ സീസണിൽ കൊടൂരാർ, മീനച്ചിലാർ എന്നിവയിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിൻ്റെ നല്ലൊരു ഭാഗം ഇതിൽ ഒഴുകിയെത്തുന്നതിനാൽ പട്ടണത്തിൻ്റെ പടിഞ്ഞാറൻ ഭാഗത്തെ വെള്ളപ്പൊക്കം നല്ലൊരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും. കോട്ടയം പോർട്ടിലേക്കുള്ള കപ്പൽചാൽ ഈ കായലിലൂടെയാണ് കടന്നു പോകുന്നത്.

കാർഷികം

പഴുക്കാനിലം കായലിൽ നിന്നും നീക്കം ചെയ്യുന്ന എക്കൽ ഉപയോഗിച്ച് ജെ. ബ്ലോക്ക് 9000, തിരുവായ്ക്കരി, എഫ്. ബ്ലോക്ക് എന്നീ പാടശേഖരങ്ങളുടെ പുറം ബണ്ടുകൾ ബലപ്പെടുത്തി സംരക്ഷിക്കും. ഇതിലൂടെ മടവീഴ്ച്ച , വെള്ളപ്പൊക്കം, വേലിയേറ്റം എന്നിവയിൽ നിന്നും രക്ഷനേടാനും വർഷത്തിൽ രണ്ടു കൃഷി ചെയ്യുവാൻ അവസരം ലഭിക്കുകയും ചെയ്യും.

8 മീറ്റർ വീതിയിൽ വഴി രൂപപ്പെടുന്നതിനാൽ പോള കയറി പുഴകളിലെ യാത്രാ സൗകര്യം നിലയ്ക്കുമ്പോൾ കർഷകർക്കും കർഷകത്തൊളിലാളികൾക്കും അവരുടെ കൃഷിയിടങ്ങളിൽ എത്താനുള്ള ബുദ്ധിമുട്ട് പരിഹരിക്കപ്പെടും.

കൂടാതെ കർഷകർക്ക് വിത്ത്, വളം, മറ്റു കൃഷി സാമഗ്രികൾ, കാർഷിക യന്ത്രങ്ങൾ എന്നിവ അനായാസം പാടത്ത് എത്തിക്കാൻ കഴിയും. കൊയ്ത്തു കഴിഞ്ഞ് നെല്ല് കൃഷിയിടങ്ങളിൽ നിന്ന് നേരിട്ട് കയറ്റി അയച്ച് വിപണനം നടത്തുന്നതു വഴി കയറ്റിറക്ക് ഇനത്തിൽ വൻ തുക ലാഭിക്കാൻ കഴിയും.

ടൂറിസം
14.5 കി.മീ. ജലാശയ (പുഴ, കായൽ) സാമീപ്യമുള്ള ഒരു റോഡ് കേരളത്തിൽ മറ്റെവിടെയും ഉണ്ടാവില്ല. പട്ടണവാസികൾക്കും വിനോദ സഞ്ചാരികൾക്കും വാഹനത്തിൽ തന്നെ കായൽത്തീരത്ത് വന്നിരുന്നു കാറ്റുകൊള്ളാനും ലഘുഭക്ഷണം കഴിച്ച് വിശ്രമിക്കാനും കഴിയും.

കോട്ടയം നഗരത്തിലുള്ളവർക്ക് സായാഹ്നം ചെലവിടുവാൻ ഉത്തമ വിനോദ സഞ്ചാര കേന്ദ്രമായി കായലോരം മാറും. ടൂറിസ്റ്റുകൾക്കും സാധാരണക്കാർക്കും കാൽനടയ്ക്കും സൈക്ലിംഗിനും ട്രാക്കുകൾ ലഭ്യമാകും. ഫാം ടൂറിസം യാഥാർത്ഥ്യമാകും.

കായലോര താമസത്തിനും ഹൗസ് ബോട്ട് ടെർമിനലുകൾക്കും മികച്ച ഇടമായി മാറും. ലോക പ്രശസ്തമായ ആമ്പൽ വസന്തം ഈ പാടശേഖരങ്ങളിലാണ് നടക്കുന്നത്. ആമ്പൽ ടൂറിസം ഏതാനും മാസത്തേക്ക് മാത്രം പരിമിതപ്പെട്ടിരുന്നെങ്കിൽ ഇനി മുതൽ വർഷം മുഴുവൻ ടൂറിസ്റ്റ് കളെ ആകർഷിക്കാൻ ഈ പദ്ധതിക്ക് കഴിയും.

വാട്ടർ സ്പോർട്സ്

പഴുക്കാനിലം കായൽ വലിയ തിരകൾ ഇല്ലാത്ത ഒരു നിശ്ശബ്ധ തടാകമാണ് . ആയതിനാൽ ഇവിടെ കയാക്കിംഗ്, കാനോയിംഗ്, നീന്തൽ പരിശീലനം എന്നിവയ്ക്ക് ഉത്തമമാണ്. വള്ളംകളി പരിശീലനത്തിനും ഈ തടാകം അനുയോജ്യമാണ്.

വെട്ടിക്കാട്ടു നിന്നും തെക്കോട്ട് നാലു കിലോമീറ്റർ നീളത്തിൽ നെടുകെയുള്ള കായൽ ഉള്ളതിനാൽ നാലു ട്രാക്ക് ക്രമീകരിച്ച് വള്ളംകളി നടത്താവുന്നതാണ്. കിഴക്കേക്കരയിൽ അത്രയും നീളം വാഹനം പാർക്ക് ചെയ്യുന്നതിനും അതിലിരുന്നു തന്നെ വള്ളംകളി കാണാവുന്നതുമാണ്.

പരിസ്ഥിതി സംരക്ഷണം

കായലിൻ്റെ തീരങ്ങളിൽ കണ്ടൽക്കാടുകൾ വച്ചുപിടിപ്പിക്കുന്നതിനാൽ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ആവാസ വ്യവസ്ഥക്ക് പ്രയോജനം ചെയ്യും. മത്സ്യസമ്പത്തിനും ജലജന്യജീവികൾക്കും മറ്റു സസ്യങ്ങൾക്കും സ്വാഭാവിക ജീവനത്തിനും പ്രജനനത്തിനും പ്രകൃതിദത്ത അന്തരീക്ഷം സംജാതമാകും.