
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും കോട്ടയത്ത് മൂന്നൂ മുന്നണികളിലും സ്ഥാനാർത്ഥി നിർണയം പൂർത്തിയായിട്ടില്ല.
എണ്‍പതു ശതമാനം പൂർത്തിയായെന്ന് ഇടതു മുന്നണി.70 ശതമാനമെന്ന് യു.ഡിഎഫ് 90 ശതമാനമെന്ന് ബിജെ.പി മുന്നണി .
എന്നിങ്ങനെയാണ് നേതാക്കള്‍ പറയുന്നത്.
ഇടതു മുന്നണിയില്‍ ജില്ലാ പഞ്ചായത്തില്‍ ധാരണയായി. കേരളാകോണ്‍ഗ്രസ് എമ്മിനു നല്‍കിയ 10 സീറ്റില്‍ ഒന്നു പൊതു സ്വതന്ത്രനായിരിക്കണമെന്ന സി.പി.എം നിർദ്ദേശത്തിന് വഴങ്ങിയതായാണറിയുന്നത്. ബ്ലോക്ക് ,നഗരസഭ, ഗ്രാമ പഞ്ചായത്തുകളില്‍ കേരളാകോണ്‍ഗ്രസ് എമ്മുമായുള്ള ചർച്ചയിലെ വില പേശലിന് പൊതു സ്വതന്ത്ര ധാരണ പ്രയോജനപ്പെടുത്താനാണ് നീക്കം.
യു.ഡി.എഫില്‍ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭ, ഗ്രാമ പഞ്ചായത്തുകളില്‍ ധാരണയായില്ല. കേരളാകോണ്‍ഗ്രസ് ജോസഫ് വിഭാഗവും മുസ്ലീം ലീഗുമായി തർക്കം നിലനില്‍ക്കുന്നതിനാല്‍ ചർച്ച തുടരുകയാണ്. എൻ.ഡി.എ മുന്നണിയില്‍ ബി.ജെ.പിയും ബി.ഡി.ജെ.എസുമാണ് പ്രധാന ഘടകകക്ഷികള്‍.സീറ്റ് വിഭജനം പ്രശ്നങ്ങളില്ലാതെ അവസാന ഘട്ടത്തിലാണ് .

Whatsapp Group 1 | Whatsapp Group 2 |Telegram Group
സീറ്റിനായുള്ള സ്ഥാനാർത്ഥിമോഹികളുടെ ഇടിയാണ് ഘടകകക്ഷികളേക്കാള്‍ കോണ്‍ഗ്രസിന് വലിയ തലവേദന. വനിതാ സംവരണവും എസ്.സി ,എസ്.ടി വനിതാ സംവരണവും ചേർന്ന് 60 ശതമാനത്തോളം സീറ്റുകള്‍ വനിതകള്‍ക്കു സംവരണം ചെയ്തതിനാല്‍ വിരലിലെണ്ണാവുന്ന സീറ്റുകളേ ജനറലായുള്ളൂ. ഒരു വാർഡിലേക്ക് അരഡസൻ സീറ്റുമോഹികളാണ് ഇടിക്കുന്നത്.
സീറ്റില്ലാത്ത സിറ്റിംഗ് അംഗങ്ങള്‍ പകരം ഭാര്യക്കു സീറ്റിനായി സമ്മർദ്ദതന്ത്രം പയറ്റുകയാണ്. ജനറല്‍ സീറ്റില്‍ മത്സരിക്കാൻ ചില വനിതാകൗണ്‍സിലർമാർ നടത്തുന്ന നീക്കവും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ആരെയും പിണക്കാതെ അവസാന നിമിഷം വരെ സീറ്റുണ്ടെന്നു പറഞ്ഞുള്ള കളികള്‍ നേതാക്കള്‍ നടത്തുന്നതിനാല്‍ സീറ്റ് കിട്ടാതെ വരുന്നവർ റിബലായി നില്‍ക്കാനുള്ള സാദ്ധ്യത ഏറെയാണ്.



