കോട്ടയം പ്രസ് ക്ലബ് എം.ടി സ്മൃതി സംഗമം സംഘടിപ്പിച്ചു: പ്രസ്ക്ലബ് ഹാളില്‍ നടന്ന പരിപാടി മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു.
കോട്ടയം: പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ മലയാളത്തിന്റെ പ്രിയ കഥാകാരന് എം.ടി. വാസുദേവന്‍ നായരുടെ അനുസ്മരണം “എം.ടി സ്മൃതി’ സംഘടിപ്പിച്ചു. പ്രസ്ക്ലബ് ഹാളില്‍ നടന്ന പരിപാടി മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു.
മലയാള ഭാഷയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച കഥാകാരൻ ആരെന്ന് ചോദിച്ചാൽ ഏവരും എം.ടി എന്നാവും പറയുകയെന്ന് അദ്ദേഹം അനുസ്മരിച്ചു. എം.ടിയുടെ കഥകളും കഥാപാത്രങ്ങളും എല്ലാക്കാലത്തും ഓർമിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര മേഖലയിൽ എത്രയോ പേരെ ഉയർത്തിയ വ്യക്തിയാണ് എം.ടിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അനുസ്മരിച്ചു. മലയാള ഭാഷയെ സംബന്ധിച്ച അവസാനത്തെ വാക്കാണ് അദ്ദേഹം. മലയാള ഭാഷയുടെ ചക്രവർത്തി എന്ന് തന്നെ എം.ടിയെ വിശേഷിപ്പിക്കാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജീവിത സന്ദർഭങ്ങളിൽ അതിജീവനത്തിന് വേണ്ടി പൊരുതുന്ന കഥാപാത്രങ്ങളെയാണ് എം.ടി സൃഷ്ടിച്ചതെന്ന് നോവലിസ്റ്റും കവിയുമായ മനോജ് കുറൂർ അനുസ്മരിച്ചു. സോഷ്യൽ മീഡിയയുടെ കാലത്ത് അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളെയും ഓഡിറ്റ് ചെയ്ത് അത് ഒരു വിഭാഗത്തിന് നേരെയാണെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മൗനംകൊണ്ട് പ്രതിരോധം തീർത്ത മനുഷ്യനാണ് എം.ടിയെന്ന് സാഹിത്യകാരി കെ.രേഖ അഭിപ്രായപ്പെട്ടു. മലയാളത്തെ അക്ഷരങ്ങളുടെ ആഴം പഠിപ്പിച്ച ആളാണ് അദ്ദേഹം. സഹിത്യങ്ങൾക്ക് അപ്പുറം അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ സർവകലാശാലകൾ പാഠ്യവിഷയങ്ങൾ ആക്കണമെന്നും സ്വയം വളരുകയും മറ്റുള്ളവരെ വളർത്തുകയും ചെയ്യുന്ന എഴുത്തുകാരനായിരുന്നു എം.ടിയെന്നും രേഖ അനുസ്മരിച്ചു.
യോഗത്തില്‍ പ്രസ്ക്ലബ്ബ് പ്രസിഡന്റ് അനീഷ് കുര്യന് അധ്യക്ഷനായിരുന്നു. ജോയിന്റ് സെക്രട്ടറി ജോസി ബാബു നന്ദി രേഖപ്പെടുത്തി.