കോട്ടയത്ത് പേപ്പട്ടിയുടെ കടിയേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ കണ്ടെത്താനാകാത്തത് ഗുരുതര വിഷയം: ഒരു ഡോസ് വാക്സിൻ എടുത്ത ശേഷമാണ് കാണാതായത്: തുടർ കുത്തിവയ്പ് എടുക്കാത്തതിനാൽ പേ വിഷബാധയുണ്ടാകാൻ സാധ്യത

Spread the love

കോട്ടയം: കഴിഞ്ഞമാസം 17ന് നാഗമ്പടത്തുവച്ച്‌ പേപ്പട്ടിയുടെ കടിയേറ്റ ഇതരസംസ്ഥാന തൊഴിലാളി ലുക്കുവിനെ കണ്ടെത്താനായില്ല.
നായ കടിച്ച ദിവസം വൈകുന്നേരം ലുക്കു ഒന്നാം ഡോസ് പ്രതിരോധ കുത്തിവയ്‌പ്പെടുത്തിരുന്നു.

തുടര്‍ കുത്തിവയ്പുകളെടുക്കാതെ ലുക്കു എവിടെയോ പോയി. കടിയേറ്റതിന്‍റെ പിറ്റേന്നാണ് പട്ടിക്ക് പേയുള്ളതായി സ്ഥിരീകരിച്ചത്. ലുക്കുവിനെ കടിച്ച നായ മറ്റു പത്തു പേരെക്കൂടി അന്നേ ദിവസം കടിച്ചിരുന്നു.

ഇതില്‍പ്പെട്ട തമിഴ്‌നാട്ടില്‍നിന്നുള്ള തൊഴിലാളി ദിനേശ് കുമാറും ആദ്യ ഡോസെടുത്ത ശേഷം സ്ഥലം വിട്ടിരുന്നു. എന്നാല്‍, ആരോഗ്യവകുപ്പ് നടത്തിയ തെരച്ചിലില്‍ രണ്ടാംദിവസം ഇയാളെ കണ്ടെത്തിശേഷിക്കുന്ന ഡോസ് വാക്‌സിന്‍ ദിവസക്രമമനുസരിച്ച്‌ നല്‍കിവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലുക്കുവിന് തിരുവനന്തപുരത്താണ് ജോലിയെന്നറിഞ്ഞ് ലേബര്‍ ക്യാമ്പുകളില്‍ പരതിയെങ്കിലും കണ്ടെത്താനായില്ല. നാലു ഡോസ് പ്രതിരോധ വാക്‌സിന്‍ എടുക്കാത്ത സാഹചര്യം ഗുരുതര ഭവിഷ്യത്തുണ്ടാക്കുമെന്നതിനാല്‍ ലുക്കുവിനായി ആരോഗ്യവകുപ്പ് തെരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാളുടെ ഫോട്ടോ ലഭ്യമല്ലാത്തതിനാല്‍ മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കാനും സാധിച്ചില്ല.

കടിയേറ്റ ഉടനേയും പിന്നീട് മൂന്ന്, ഏഴ്, 28 എന്നീ ദിവസങ്ങളിലും പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത പക്ഷം പേ ബാധയുണ്ടാകാന്‍ സാധ്യതയേറെയാണ്. ഒരു ഡോസ് മാത്രം എടുത്താല്‍ പ്രതിരോധം ലഭിക്കണമെന്നില്ല.