കോട്ടയത്ത് 8000 കുടുംബങ്ങൾക്ക് പട്ടയ വിതരണം അനിശ്ചിതത്വത്തില്‍: സ്പെഷ്യല്‍ തഹസീല്‍ദാർ ഓഫീസിലെ 17 ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ധനകാര്യ വകുപ്പ് തടഞ്ഞു.

Spread the love

തിരുവനന്തപുരം: സർക്കാർ ഉത്തരവുകളിലെ വൈരുദ്ധ്യം കാരണം വനഭൂമിയിലെ 8000 കുടുംബങ്ങള്‍ക്കുള്ള പട്ടയവിതരണം അനിശ്ചിതത്വത്തില്‍.
കോട്ടയത്തെ എരുമേലി തെക്ക്, എരുമേലി വടക്ക്, കോരുത്തോട് വില്ലേജുകളിലാണ് പ്രതിസന്ധി. ഇതിനായുള്ള സ്പെഷ്യല്‍ തഹസീല്‍ദാർ ഓഫീസിലെ 17 ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ധനകാര്യ വകുപ്പ് തടഞ്ഞു. നാലു മാസമായി ശമ്പളമില്ല. 2024ലാണ് മുണ്ടക്കയത്ത് സ്‌പെഷ്യല്‍ തഹസീല്‍ദാർ ഓഫീസ് തുടങ്ങാൻ ഉത്തരവായത്.

വനാവകാശ രേഖ (ആർ.ഒ.ആർ) അനുവദിച്ചിട്ടുള്ളവർ താമസിക്കുന്ന വനഗ്രാമങ്ങളെ റവന്യു ഗ്രാമങ്ങളാക്കാമെന്ന് കാണിച്ച്‌ 2025 ഫെബ്രുവരിയില്‍ സർക്കാർ ഉത്തരവിറക്കിയിരുന്നു. എരുമേലി തെക്ക്, വടക്ക്, കോരൂത്തോട് വില്ലേജുകളിലെ 13 സെറ്റില്‍മെന്റുകളും വനഗ്രാമത്തില്‍ ഉള്‍പ്പെട്ടിരുന്നതാണ്. പുതിയ ഉത്തരവോടെ ഇവിടങ്ങളില്‍ പട്ടയം ലഭിക്കുക അസാദ്ധ്യമായി.

ആദ്യഘട്ടത്തില്‍ സ്‌പെഷ്യല്‍ ഓഫീസില്‍ ലഭിച്ച 1402 അപേക്ഷകളില്‍ 1000 എണ്ണം നടപടികള്‍ പൂർത്തിയാക്കി. അതിനിടെ വനഭൂമിയിലുള്ള കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുമ്പോള്‍ അത് റിസർവ് വനമല്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ഡി.എഫ്.ഒ ജില്ലാ കളക്ടർക്കും സ്‌പെഷ്യല്‍ തഹസീല്‍ദാർക്കും കത്ത് നല്‍കി. ഇതോടെയാണ് പട്ടയവിതരണ നടപടി നിശ്ചലമായത്. വ്യക്തതയ്‌ക്കായി കളക്ടർ സർക്കാരിനെ സമീപിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭൂമി പതിവ് ഓഫീസും തടസപ്പെട്ടു
ഒരു വർഷത്തിനുള്ളില്‍ 8000 പട്ടയം നല്‍കാൻ രൂപീകരിച്ച ഭൂമി പതിവ് ഓഫീസിന്റെ പ്രവർത്തനവും തടസപ്പെട്ടു. 2005ലെ കേന്ദ്ര വനാവകാശ നിയമപ്രകാരം വനത്തില്‍ താമസിക്കുന്ന ഗിരി വർഗ്ഗക്കാർക്ക് വനാവകാശ രേഖ അനുവദിക്കാമെന്നാണ് വ്യവസ്ഥ. വനാവകാശ രേഖ ലഭിച്ചവർക്ക് കരമടവ് സാദ്ധ്യമാകും വിധം റവന്യു രേഖകളില്‍ മാറ്റം വരുത്തി ഇത്തരം ഗ്രാമങ്ങളെ ജില്ലാ കളക്ടർക്ക് റവന്യു ഗ്രാമങ്ങളാക്കാം. ഈ വ്യവസ്ഥ പ്രകാരമാണ് 2025 ഫെബ്രുവരിയിലെ സർക്കാർ ഉത്തരവിറങ്ങിയത്.

ഹില്‍മെൻ സെറ്റില്‍മെന്റ്
കാട്ടിലെ പ്രത്യേക മേഖലകളില്‍ താമസിക്കുന്ന ഗിരിവർഗ്ഗക്കാർക്കായി മാറ്റിവച്ച പ്രദേശമാണ് ഹില്‍മെൻ സെറ്റില്‍മെന്റ്. തിരുവിതാംകൂർ / കൊച്ചി രാജാവിന്റെ കാലത്തും, ബ്രിട്ടീഷുകാരും തയ്യാറാക്കിയ സെറ്റില്‍മെന്റ് രജിസ്റ്ററുകളിലാണ് ഇവയെ ഹില്‍മെൻ സെറ്റില്‍മെന്റുകളായി ഉള്‍പ്പെടുത്തിയിട്ടുള്ളത്‌.