കോട്ടയം ജില്ലയിൽ മരണ വാ തുറന്ന് ഇരുനൂറോളം പാറമടകൾ: തുരന്നു തുരന്ന് ഇടിഞ്ഞു വീഴാറായ നിലയിൽ: ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകി നിയമ ലംഘനം: പരാതിക്കാരെ ഒരുക്കാൻ ഗുണ്ടാ സംഘം: ജനങ്ങൾ പരിഭ്രാന്തിയിൽ: കൂട്ടിക്കൽ ദുരന്തം ആവർത്തിക്കുമോ എന്ന ആശങ്ക.

Spread the love

കോട്ടയം: തുരന്നു തുരന്ന് ഒടുവിൽ ഉപേക്ഷിക്കപ്പെടുന്ന കൂറ്റൻ പാറമടകൾ മനുഷ്യ ജീവന് അപകടമുണ്ടാക്കുന്നു. കോട്ടയം ജില്ലയിൽ മാത്രം ഇരുനൂറോളം പാറമടകൾ മരണ വാ തുറന്ന് അപകടകെണിയായി നിൽക്കുന്നു. കൂട്ടിക്കൽ പോലുള്ള ദുരന്തം ഇനിയും ആവർത്തിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നു. നിറഞ്ഞുതുളുമ്പാറായ ഇടുക്കി ജലാശയത്തിന്‍റെ പ്രതീതിയാണ് പല പാറമടകളും.
വിവിധ പഞ്ചായത്തുകളിലായി ഇരുനൂറ് ക്വാറികളിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. പാറ പൊട്ടിച്ചുകഴിഞ്ഞാല്‍ അത് അപകടമുണ്ടാക്കാത്ത വിധം സുരക്ഷിതമാക്കണമെന്നാണ് ചട്ടം. എന്നാല്‍ ഏറെയിടങ്ങളിലും ക്വാറി കരാറുകാരന്‍ ഉപേക്ഷിച്ചുപോകുകയാണു പതിവ്. ഇതോടെ വെള്ളം നിറഞ്ഞ് കിടക്കും.

വന്‍കിട ലോബികള്‍ കോടികള്‍ മുടക്കി ലൈസന്‍സ് നേടിയശേഷം പണികള്‍ ഉപകരാറുകാര്‍ക്കു കൈമാറുന്നതും പതിവാണ്. പാറമടയോടു ചേര്‍ന്ന ദുര്‍ബലമായ കരപ്രദേശം ഇടിയുന്ന സാഹചര്യമുണ്ടായാല്‍ വിവിധയിടങ്ങളില്‍ കൂട്ടിക്കല്‍ ഉരുള്‍പൊട്ടലിനു തുല്യമായ ദുരന്ത സാധ്യതയേറെയാണ്. പാറമടകളിലെ പണികള്‍ ചെയ്തു ജീവിക്കുന്ന തൊഴിലാളികളുടെ കോളനികള്‍ മിക്ക ക്വാറികളോടു ചേര്‍ന്നുമുണ്ട്.

നിയമം ഇങ്ങനെ
പാറമടകള്‍ പല തട്ടുകളായി പൊട്ടിക്കണമെന്നും അവശ്യസാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കയറി വരാവുന്ന ഒന്നിലേറെ റോഡുകളുണ്ടാകണമെന്നും വെള്ളം കെട്ടിക്കിടക്കാത്ത വിധം ചെരിച്ച്‌ അടിവശം പൊട്ടിക്കണമെന്നുമുള്ള ഖനന മാനദണ്ഡം ഒരിടത്തും പാലിക്കപ്പെടുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതല്‍ അളവില്‍ പാറ ലഭിക്കാന്‍ കുത്തനെ പൊട്ടിച്ച്‌ വന്‍ ഗര്‍ത്തമായി മാറ്റുകയാണ് പതിവ്. നെടുങ്കുന്നം, കൂട്ടിക്കല്‍, എരുമേലി, കടപ്ലാമറ്റം, തലനാട് പഞ്ചായത്തുകളില്‍ മാത്രം അന്‍പത് പാറമടകള്‍ ജലസംഭരണികളായി കിടക്കുന്നു. കൂട്ടിക്കല്‍ ഉരുള്‍പൊട്ടലിനു പിന്നില്‍ കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളിലെ ക്വാറികളുടെ പ്രവര്‍ത്തനമാണെന്ന് ജിയോളജി വിഭാഗം അഭിപ്രായപ്പെട്ടിരുന്നു.

കൂട്ടിക്കൽ ദുരന്തം
2021 ഒക്ടോബർ 16-നാണ് കൂട്ടിക്കൽ ഉരുൾപൊട്ടൽ ഉണ്ടായത്. അനധികൃത പാറഖനനമാണ് ദുരന്തത്തിന് വഴിതെളിച്ചത്. ദുരന്തത്തിൽ 21 പേരുടെ ജീവൻ ഉരുൾ കവർന്നു. നൂറോളം കുടുംബങ്ങൾ പലായനം ചെയ്തു. 44 പാലങ്ങൾ തകർന്നുവെന്നാണ് കണക്ക്. ഇപ്പോഴും പാലങ്ങളുടെ പുന: നിർമാണം പൂർത്തിയായിട്ടില്ല.
2 കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ 6 പേർ ദുരന്തത്തിൽ ഇല്ലാതായി എന്നത് ഇന്നും നടുക്കുന്ന ഓർമ്മയാണ്. കോട്ടയം – ഇടുക്കി’ ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം, വെബ്ലി കമ്യൂണിറ്റി പാലം, കൊക്കയാർ പാലം അടക്കം 44 പാലങ്ങൾ തകർന്നു.

പാറമട നടത്തിപ്പ് ഗുണ്ടായിസത്തിന്റെ ബലത്തിൽ

പ്രദേശവാസികളുടെ എതിര്‍പ്പിനെ മറികടന്നാണ് പാറമടലോബി പണത്തിന്‍റെയും ഗുണ്ടായിസത്തിന്‍റെയും ബലത്തില്‍ ഖനന ലൈസന്‍സ് വാങ്ങിയെടുക്കുന്നത്. പോലീസിനും ജനപ്രതിനിധികള്‍ക്കും വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കും മാസപ്പടി നല്‍കുന്ന ക്വാറിയുടമകള്‍ പലരുണ്ട്. ജിയോളജി വകുപ്പ് അനുവദിക്കുന്ന അളവിലോ ആഴത്തിലോ സമയത്തോ അല്ല ഏറെ മടകളും പ്രവര്‍ത്തിക്കുന്നത്.

അനുവദനീയമായ അളവിനേക്കാള്‍ രാസസാമഗ്രികള്‍ ഉപയോഗിച്ചാണ് ഒരേ സമയം ഉഗ്രസ്ഫോടനത്തില്‍ പാറപൊട്ടിക്കുന്നത്. ഇവിടങ്ങളിലെ സ്റ്റോറുകളില്‍ അനുവദനീയമായതിനേ ക്കാള്‍ അളവില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതും പതിവാണ്.

ഉറക്കം കെടുത്തുന്ന ശബ്ദമുണ്ടാക്കി സമീപവാസികള്‍ക്ക് ദുരിതം സൃഷ്ടിക്കും വിധമാണ് മിക്ക ക്രഷറുകളുടെയും പ്രവര്‍ത്തനം. വലിയൊരു ഗുണ്ടാസംഘത്തെ കൂടെ നിർത്തിയാണ് ഏറെയിടങ്ങളിലും പാറമട ലോബിയുടെ പ്രവര്‍ത്തനം. പ്രദേശവാസികള്‍ എതിര്‍പ്പുപറയുകയോ നിയമനടപടികളിലേക്കു കടക്കുകയോ ചെയ്താല്‍ കൈയേറ്റത്തിനു മുതിരുക പതിവാണ്. ജില്ലയില്‍ ലൈസന്‍സില്ലാത്തതും കാലാവധി കഴിഞ്ഞതും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതുമായ ക്വാറികള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ട്.

പാറ പൊട്ടിക്കാന്‍ അനുമതി നല്‍കിയാല്‍ ഖനനത്തിന്‍റെ ഓരോ ഘട്ടത്തിലും റവന്യു, മലിനീകരണം, ജിയോളജി, മൈനിംഗ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തണമെന്നും പ്രദേശവാസികളുടെ പരാതികള്‍ക്ക് പരിഹാരം തേടണമെന്നാണ് നിയമം. നിലവില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താതെ സുരക്ഷിത കേന്ദ്രങ്ങളില്‍ വിഹിതം വാങ്ങുകയാണു പതിവ്.

പാറമട കരാറുകാരന് സ്വര്‍ണഖനി

കോട്ടയം:
കോടികളുടെ മുടക്കില്‍ ശതകോടികള്‍ കോരുന്ന വ്യവസായമാണ് ഖനനം. ക്വാറി-ക്രഷര്‍ യൂണിറ്റുകള്‍ ദിവസേന നേടുന്ന ലാഭം സാധാരണക്കാരുടെ കണക്കുകൂട്ടലുകളേക്കാള്‍ ഏറെയാണ്. ഒരു ഇടത്തരം ക്വാറിയില്‍നിന്ന് ദിവസം 150 മുതല്‍ 200 ലോഡ് വരെയാണ് പാറ പുറത്തുപോകുക. ഒരു ലോഡ് പാറ ഒമ്പതു ടണ്‍ വരും. അത്തരത്തില്‍ 1,200 ടണ്‍ കരിങ്കല്ലാണ് ദിവസം പുറത്തുപോകുന്നത്. ശരാശരി 200 ലോഡ് മെറ്റലും അത്രതന്നെ എം-സാന്‍ഡും വിറ്റഴിയുന്നു.

20 ടണ്ണാണ് ഒരു ലോഡ് മെറ്റല്‍. അത്തരത്തില്‍ ദിവസം നാലായിരം ടണ്‍ മെറ്റല്‍ ദിവസവും വില്‍ക്കുന്നു. എം-സാന്‍ഡിന്‍റെ കണക്കും ഇങ്ങനെതന്നെ. പാറമട ലോബി ഓരോ വര്‍ഷവും പാറവില കൂട്ടുന്നു. രണ്ടു വര്‍ഷം മുന്‍പ് പാറ തൂക്കി വില്‍ക്കാന്‍ വരെ ക്വാറിലോബി ആലോചന നടത്തിയിരുന്നു.

മട തെളിച്ച്‌ ഖനനം തുടങ്ങിയാല്‍ ഒരു മാസത്തിനുള്ളില്‍ മുടക്കുമുതല്‍ തിരിച്ചുകിട്ടും. തൊഴില്‍കൂലിയും സ്‌ഫോടനചെലവും മാസപ്പടിയും കഴിഞ്ഞാല്‍ ബാക്കി കരാറുകാരന് ലാഭമാണ്. നിയമപരമായ സമയപരിധി ലംഘിച്ചാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുക. ജനവാസ പ്രദേശമല്ലെങ്കില്‍ നിര്‍ദ്ദേശിക്കപ്പെട്ട സമയക്രമങ്ങളൊന്നും ക്വാറി ഉടമകള്‍ നോക്കാറില്ല.

പകല്‍ പൊട്ടിക്കുന്ന കൂറ്റന്‍ പാറകള്‍ മെറ്റലാക്കാനും എം-സാന്‍ഡാക്കാനും രാത്രി മുഴുവന്‍ ക്രഷര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കും. കരിങ്കല്ലും കരിങ്കല്‍ ഉത്പന്നങ്ങളം മാത്രമല്ല ലാഭനേട്ടം. ഖനനത്തിന് മുന്നോടിയായി പല ക്വാറികളിലും മേല്‍മണ്ണ് വില്‍ക്കുക പതിവാണ്. മടകളില്‍ ഇരുപതടി താഴ്ചയില്‍ കൂടുതല്‍ കുഴിക്കാനോ സ്‌ഫോടനം നടത്താനോ നിയമപരമായി സാധിക്കില്ല.

 മണ്ണ് കച്ചവടവും

967-ലെ മൈനര്‍ മിനറല്‍ മൈനിംഗ് ആക്‌ട് അനുസരിച്ച്‌ പാറയുടെ ആഴപരിധിയും പലയിടങ്ങളിലും വിലങ്ങുതടിയാണ്. അതിനു ക്വാറി ഉടമകള്‍ കണ്ടെത്തുന്ന വഴിയാണ് മേല്‍മണ്ണ് നീക്കല്‍. ഇതോടെ കരിങ്കല്‍ ഉത്പന്നങ്ങള്‍ക്കൊപ്പം മണ്ണ് കച്ചവടവും നടത്താനാകും. ഇതിന് രേഖയോ ലൈസന്‍സോ ആവശ്യമില്ലതാനും. ലൈസന്‍സ് മൂന്നു വര്‍ഷംകൂടുമ്ബോള്‍ പുതുക്കി ഒരു മടയില്‍ അഞ്ചു വര്‍ഷം മുതല്‍ 12 വര്‍ഷം വരെ ഖനനം നടത്താം.