
കോട്ടയം : കോട്ടയം ജില്ലയിലെ 9 മണ്ഡലതിലും തകർപ്പൻ പ്രചരണങ്ങൾ നടക്കുന്നുണ്ടെങ്കിലും
ഏതെങ്കിലും മുന്നണിയ്ക്ക് അനുകൂല തരംഗ സൂചനയില്ല. എന്നാൽ ഒരിടത്തും പ്രചാരണം മന്ദഗതിയില്ല. ബി ജെ പി പോലും പൊടി പാറുന്ന പ്രചരണമാണ് കാഴ്ചവയ്ക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിന് വന്നുപോയി. രാഹുല്‍ ഗാന്ധി ഇന്നലെയെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച എത്തുന്നതോടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക് മണ്ഡലങ്ങള്‍ മാറിയേക്കും. അതേസമയം ജനകീയ വിഷയങ്ങള്‍ ചർച്ചയാക്കാതെയാണ് പ്രചാരണം.
നെല്ല് സംഭരണ പ്രശ്നം പരിഹാരം കാണാതെ നീളുന്നു. രൂക്ഷമായ പാചക വാതക ക്ഷാമം സാധാരണക്കാരെ പിടിച്ചുലക്കുകയാണ്. ഹോട്ടലുകള്‍ അടച്ചു പൂട്ടി തുടങ്ങി. ഗ്യാസില്ലാതെ ശവദാഹം പോലും തടസപ്പെട്ടതോടെ ക്രിമിറ്റേറിയങ്ങളും അടച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില ഉയർന്നു. ഇതൊന്നും ചർച്ചയാകാതെ മറ്റ് വിഷയങ്ങള്‍ക്ക് പിറകേ പോകുന്നത് വോട്ടർമാർക്കിടയില്‍ ചർച്ചയായിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രചാരണ വിഷയങ്ങള്‍ മാറിമറിഞ്ഞു
പ്രചാരണ തുടക്കത്തില്‍ ശബരിമല സ്വർണക്കൊള്ളയായിരുന്നു പ്രതിപക്ഷത്തിന്റെ വിഷയം. ശബരിമല സ്വർണക്കൊടിമരം പുതുക്കി പണിതതിലെ ക്രമക്കേടില്‍ ദേവസ്വം ബോർഡില്‍ അന്നത്തെ യു.ഡി.എഫ് അംഗങ്ങള്‍ക്ക് പങ്കുണ്ടെന്ന് ഇടതു മുന്നണി ആരോപിച്ചതോടെ യു.ഡിഎഫ് ന്യൂട്രലിലായി. പിന്നീട് സി.പി.എം, ബി.ജെ.പി ഡീലായി പ്രചാരണ വിഷയം.
എൻ.ഡി.എയും, യു.ഡി.എഫും ദുർബല സ്ഥാനാർത്ഥികളെ നിറുത്തിയിടത്തൊക്കെ ഡീലും പേയ്‌മെന്റ് സീറ്റും ചർച്ചയായി. വോട്ടർമാരുടെ പിന്തുണ ലഭിക്കുന്നില്ലെന്ന് മനസിലായതോടെ വിദേശ സംഭാവന ഭേദഗതി ബില്ലില്‍ പിടിച്ചായി ചർച്ച. വിദേശ സംഭാവനയുടെ കൃത്യമായ കണക്ക് കാണിക്കുന്നില്ലെങ്കില്‍ ബില്ല് നിർദ്ദേശം പാരയാകുമെന്നു മനസിലാക്കി വിവിധ ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാർകളത്തിലിറങ്ങിയതോടെ പിന്തുണയുമായി യു.ഡി.എഫും എല്‍.ഡി.എഫും രംഗത്തെത്തി.



