പാലാ വാഹനാപകടം;ചികിത്സയിലായിരുന്ന 12 വയസുകാരി മരിച്ചു;ഇതോടെ മരണം 3 ആയി

Spread the love

കോട്ടയം: പാലാ മുണ്ടാങ്കലിൽ വാഹനപാകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരി മരിച്ചു. അന്തിനാട് സ്വദേശി സുനിലിന്റെ മകള്‍ അന്നമോള്‍ ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. അപകടത്തില്‍ അന്നമോളുടെ അമ്മ ജോമോള്‍ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.

കഴിഞ്ഞ ദിവസം അന്നമോള്‍ അമ്മ ജോമോള്‍ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചപ്പോള്‍ അമിതവേഗത്തില്‍ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു.അമിതവേ​ഗത്തിലെത്തിയ കാർ 2 സ്കൂട്ടറുകൾ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഒരു സ്കൂട്ടറിലുണ്ടായിരുന്നത് മേലുകാവ് സ്വദേശിയായ ധന്യ സന്തോഷാണ്. മറ്റൊരു സ്കൂട്ടറിൽ തിടനാട് സ്വദേശിയായ ജോമോൾ ബെന്നിയും 12 വയസുള്ള മകളുമായിരുന്നു ഉണ്ടായിരുന്നത്. അന്നമോള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ- തൊടുപുഴ റോഡില്‍ മുണ്ടാങ്കല്‍ പള്ളിക്കുസമീപം ചൊവ്വാഴ്ച രാവിലെ 9.20-നായിരുന്നു അപകടം. വളവുതിരിഞ്ഞ് തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ എതിരേവന്ന സ്‌കൂട്ടറുകള്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ജോമോളും മകളും റോഡിന്റെ ഇടതുവശത്തേക്കും ധന്യ സ്‌കൂട്ടറിനൊപ്പം വലതുവശത്തേക്കും വീണു. അമിതവേഗത്തില്‍ വാഹനമോടിച്ച് അപകടം വരുത്തിയതിന് പാലാ പോലീസ് കേസെടുത്തു.

കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥി നെടുങ്കണ്ടം ചെറുവിള ചന്തൂസ് ത്രിജിയെ (24) അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്‌ക്കാണ് കേസെടുത്തത്.