കോട്ടയത്ത് നോക്കുകൂലിയുടെ പേരിൽ സിഐടിയു ഭീഷണി: വീട്ടിലേക്ക് ആവശ്യമായ പൂവ് അടങ്ങിയ ബാഗ് ബസിൽ നിന്ന് എടുത്തു വച്ചതിന് നോക്കുകൂലി വാങ്ങി: മന്ത്രിയല്ല പിണറായി ഇടപെട്ടാലും നോക്കു കൂലി വാങ്ങുമെന്നാണ് ഇവരുടെ ഭീഷണി: ഒച്ചപ്പാടും ബഹളവും ഉണ്ടായിട്ട് പോലീസ് പോലും തിരിഞ്ഞു നോക്കിയില്ല.

Spread the love

കോട്ടയം: നിരോധിക്കപ്പെട്ട നോക്കുകൂലിയുടെ പേരിൽ കോട്ടയത്ത് സി ഐ ടി യുവിന്റെ ഭീഷണി. ഇന്നു രാവിലെ കോട്ടയം ബേക്കർ ജംഗ്ഷനിൽ ഒരു അധ്യാപകനെ ഭീഷണിപ്പെടുത്തി നോക്കുകൂലി വാങ്ങി. ഭീഷണിയും ഒച്ചപ്പാടും കേട്ടിട്ടും പോലീസ് പോലും ഇടപെട്ടില്ല. മന്ത്രിയല്ല പിണറായി ഇടപെട്ടാൽ പോലും നോക്കുകൂലി തരാതെ വിടില്ലന്നായിരുന്നു സിഐടിയു ഭീഷണി.
വീട്ടിലെ ആവിശ്യത്തിന് കൊണ്ടുവന്ന പൂവ് ബസില്‍ നിന്നും സ്വന്തമായി ഇറക്കിയതിനാണ് നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തായത്.

video
play-sharp-fill

കോട്ടയം ജില്ലയിലെ ഒരു പ്രമുഖ കോളജിലെ അധ്യാപകനെയാണ് സിഐടിയു പ്രവർത്തകർ തടഞ്ഞുവെച്ച്‌ ഭീഷണിപ്പെടുത്തിയത്. മന്ത്രി വി എൻ വാസവന്റെ പേഴ്സണല്‍ സ്റ്റാഫ് പി കെ രാജനും ജില്ലയിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവും ഇടപെട്ടെങ്കിലും പിന്മാറാൻ സിഐടിയു പ്രവർത്തകർ തയ്യാറായില്ല. ഒടുവില്‍ സിഐടിയു പ്രവർത്തകർ ആവശ്യപ്പെട്ട പണം നല്‍കിയാണ് അധ്യാപകൻ പൂവുമായി മടങ്ങിയത്.

ഇന്നു രാവിലെ കോട്ടയം ബേക്കർ ജംഗ്ഷനിലാണ് സംഭവം. വീട്ടിലെ ആവശ്യത്തിനായാണ് അധ്യാപകൻ പൂവ് ബെംഗളുരുവില്‍ നിന്നും ഓർഡർ ചെയ്തത്. ഇന്നു രാവിലെ ബേക്കർ ജംഗ്ഷനിലെത്തിയ ബസില്‍ നിന്നും മൂന്നു ബാഗ് പൂവുകളില്‍ രണ്ടു ബാഗ് അധ്യാപകൻ തന്റെ വാഹനത്തില്‍ എടുത്തുവെച്ചു. ഇതോടെയാണ് സിഐടിയു പ്രവർത്തകർ മൂന്നാമത്തെ ബാഗ് പൂവ് പിടിച്ചുവെച്ചത്. ഇവിടെ ലോഡ് ഇറക്കാൻ തങ്ങള്‍ക്ക് മാത്രമാണ് അധികാരമെന്നും പണം നല്‍കിയാല്‍ മാത്രമേ മൂന്നാമത്തെ പൂ അടങ്ങിയ ബാഗ് വിട്ടുനല്‍കൂ എന്നും സിഐടിയു പ്രവർത്തകർ നിലപാടെടുത്തു. തന്റെ വീട്ടിലെ ആവശ്യത്തിനുള്ള പൂവാണെന്നും തനിച്ച്‌ എടുക്കാൻ പറ്റുന്ന ബാഗ് ആണെന്നും അധ്യാപകൻ പറഞ്ഞെങ്കിലും സിഐടിയു പ്രവർത്തകർ വഴങ്ങിയില്ല. ഇതോടെയാണ് അധ്യാപകൻ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ രാജനെയും ജില്ലയിലെ പ്രമുഖ സിപിഎം നേതാവ് ടി ആർ രഘുനാഥി നെയും വിളിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രി വി എൻ വാസവനെ വ്യക്തിപരമായി അറിയുന്ന ആളായിരുന്നു അധ്യാപകൻ. അതിനാലാണ് അധ്യാപകൻ മന്ത്രി വാസവന്റെ പേഴ്സണല്‍ സ്റ്റാഫിനെ ബന്ധപ്പെട്ടത്. ഇതോടെ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ രാജൻ സംഘത്തിലുണ്ടായിരുന്ന മനോജ് എന്ന സിഐടിയു പ്രവർത്തകനോട് ഫോണില്‍ സംസാരിച്ചു. എന്നാല്‍, മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങള്‍ പണം വാങ്ങുമെന്നായിരുന്നു ഇയാളുടെ മറുപടി. ഇതിനു പിന്നാലെയാണ് സിപിഎം നേതാവ് സിഐടിയു പ്രവർത്തകരോട് സംസാരിച്ചത്. എന്നാല്‍, അപ്പോഴും സിഐടിയു പ്രവർത്തകർ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു.

പിന്നാലെ സിപിഎം നേതാവ് സിഐടിയു പ്രവർത്തകരുമായി സംസാരിച്ചെങ്കിലും അവർ പിന്മാറാൻ തയ്യാറായില്ല. തുടർന്ന് സംഘം അധ്യാപകനെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം നല്‍കിയാല്‍ മാത്രമേ പൂവ് വിട്ടുനല്‍കൂ എന്നും പണം നല്‍കിയില്ലെങ്കില്‍ വിവരമറിയും എന്നുമായിരുന്നു ഭീഷണി. ഭീഷണി കയ്യാങ്കളിയുടെ വക്കിലെത്തിയതോടെ സിഐടിയുക്കാർക്ക് അവർ ആവശ്യപ്പെട്ട പണം നല്‍കി അധ്യാപകൻ പൂവുമായി രക്ഷപെടുകയായിരുന്നു.

ബാംഗ്ലൂർ ഉള്‍പ്പെടെയുള്ള കേരളത്തിന് പുറത്തുള്ള നഗരങ്ങളില്‍ നിന്നും വരുന്ന ഇത്തരം യാത്രാ വാഹനങ്ങളെല്ലാം ബേക്കർ ജംഗ്ഷനിലാണ് നിർത്തുന്നത്. ഇവിടെ എത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി പണം തട്ടുന്നുണ്ട് എന്ന പരാതി വ്യാപകമാണ്. എന്നാല്‍, പലപ്പോഴും പുലർച്ചെ പോലും വലിയ തർക്കങ്ങള്‍ ഉണ്ടാകുമ്പോഴും പൊലീസ് ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ലെന്ന പരാതിയും ഉയരാറുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താനായിരുന്നു അധ്യാപകൻ ശ്രമിച്ചതെങ്കിലും അതിനും ഫലമുണ്ടായില്ല.

കേരളം നോക്കുകൂലി നിരോധിച്ചിട്ട് വർഷങ്ങളായിട്ടും സിഐടിയു പ്രവർത്തകർക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല.
സംസ്ഥാനത്ത് 2018ലാണ് നോക്കുകൂലി നിരോധിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് നോക്കുകൂലി നിരോധിച്ച്‌ തൊഴില്‍ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച്‌ ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നത് ഉള്‍പ്പെടെയുള്ള തൊഴില്‍ മേഖലയിലെ അനാരോഗ്യകരമായ പ്രവണതകളെയെല്ലാം നിരോധിച്ചിരുന്നു. പ്രധാനമായും പത്ത് നിർദ്ദേശങ്ങളാണ് ഈ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തൊഴിലെടുക്കാനുള്ള അവകാശം, ഉയർന്ന കൂലി എന്നിവ ആവശ്യപ്പെട്ടു തൊഴിലുടമയെ ഭീഷണിപ്പെടുത്തുകയോ വസ്തുവകകള്‍ നശിപ്പിക്കുകയോ മറ്റു തടസ്സങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യാൻ പാടില്ല. ഇത്തരം സാഹചര്യങ്ങളില്‍ ലേബർ ഓഫിസർമാർ വിവരം പൊലീസിനെ അറിയിക്കണം.
കയറ്റിറക്കിന് അതതു ജില്ലയില്‍ ജില്ലാ ലേബർ ഓഫിസർമാർ പുറത്തിറക്കിയ ഏകീകൃത കൂലി പട്ടികയുടെ അടിസ്ഥാനത്തിലാവണം കൂലി നല്‍കേണ്ടത്. പട്ടികയില്‍പ്പെടാത്ത ഇനങ്ങള്‍ക്ക് ഉഭയകക്ഷി കരാർ പ്രകാരം കൂലി.
∙ ചുമട്ടുതൊഴിലാളി നിയമത്തിന്റെ പരിധിയില്‍പ്പെടാത്ത ഗാർഹിക ആവശ്യങ്ങള്‍ക്കും കാർഷികോല്‍പന്നങ്ങളുടെ കയറ്റിറക്കിനും ഇഷ്ടമുള്ളവരെ നിയോഗിക്കാം. അംഗീകൃത തൊഴിലാളികളെ നിയോഗിച്ചാല്‍ അതതു മേഖലയിലെ കൂലി നല്‍കണം.

∙ ജില്ലാതല കൂലി നിരക്കിന്റെ പട്ടിക മാധ്യമങ്ങള്‍ വഴി ജില്ലാ ലേബർ ഓഫിസർമാർ പ്രസിദ്ധപ്പെടുത്തണം.
∙ ജോലിക്കിടെ തൊഴിലാളികള്‍ തൊഴില്‍വകുപ്പ്, ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് എന്നിവ നല്‍കുന്ന തിരിച്ചറിയല്‍ കാർഡ് കൈവശം വയ്ക്കണം ∙ കയറ്റിറക്കിനു വാങ്ങുന്ന കൂലിക്കു കണ്‍വീനർ / പൂള്‍ ലീഡർ ഒപ്പിട്ട ഇനം തിരിച്ചുള്ള രസീത് തൊഴിലുടമയ്ക്കു നല്‍കണം.

∙ അമിത കൂലി കൈപ്പറ്റിയതു ശ്രദ്ധയില്‍പ്പെട്ടാല്‍ പണം തിരികെ വാങ്ങിക്കൊടുക്കാൻ ലേബർ ഓഫിസർമാർ നടപടി സ്വീകരിക്കണം. ക്ഷേമ ബോർഡിനു കീഴില്‍ അംഗങ്ങളായവരാണെങ്കില്‍ ബോർഡ് മുഖേനയും അല്ലെങ്കില്‍ റവന്യു റിക്കവറി വഴിയും പണം ഈടാക്കാൻ നടപടിയെടുക്കണം.