
കോട്ടയം: തുടര്‍ച്ചയായി കോണ്‍ക്രീറ്റ് അടര്‍ന്ന് വീണിട്ടും കണ്ടില്ലെന്നു നടിച്ച് അധികൃതര്‍, നാഗമ്പടം നെഹ്‌റു സ്‌റ്റേഡിയത്തിലെ ഗാലറിയ്‌ക്കടിയിലെ കടമുറികളിലുള്ളവരാണ് ദുരിതത്തിലായിരിക്കുന്നത്.
വിവിധ കച്ചവടങ്ങളുമായി നിരവധി പേരാണു മുറികളില്‍ ഉള്ളത്. വാഹന വര്‍ക്ക് ഷോപ്പുകള്‍, ഹെല്‍മറ്റ് കടകള്‍, പെറ്റ് ഷോപ്പ്, കൂള്‍ ബാര്‍, ടൂവീലര്‍ സെക്കന്‍ഡ് സെയില്‍ കട, ആക്രിക്കട തുടങ്ങിയവ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.. മുറികൾ 106 എണ്ണമുണ്ടെങ്കിലും മുപ്പതോളം എണ്ണം മാത്രം പ്രവര്‍ത്തിക്കുന്നവ. അവയെല്ലാം നശിച്ചു തുടങ്ങിയിരിക്കുകയാണ്.
ശോച്യാവസ്‌ഥയെ തുടര്‍ന്നാണു തിരുനക്കര ബസ് സ്‌റ്റാന്‍ഡ് കെട്ടിടവും സ്‌റ്റാന്‍ഡും പൊളിച്ചത്. എന്നാല്‍, വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പുനര്‍നിര്‍മ്മാണം എങ്ങുമെത്തിയില്ല. പുനസ്‌ഥാപിക്കുമെന്നു വാഗ്‌ദാനം ബാക്കിയാക്കി സ്‌റ്റാന്‍ഡില്‍ ഉപജീവനം നടത്തിയിരുന്ന വ്യാപാരികള്‍ തെരുവിലുമായി. നാഗമ്പടത്തു ഗാലറിയ്‌ക്കടിയിലെ കടമുറികളും പൊളിച്ചാല്‍ എവിടെ പോകുമെന്നാണ് ഇവിടുത്തെ വ്യാപാരികള്‍ ചോദിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭിത്തിയും മേല്‍ക്കൂരയും പൊട്ടിപ്പൊളിഞ്ഞു വീഴാറായി. മുറികളുടെ മേല്‍ഭാഗത്തെ കോണ്‍ ക്രീറ്റ് അടര്‍ന്ന് വീഴുന്നത് നിത്യം. കോണ്‍ക്രീറ്റ് ഇളകിമാറി കമ്പികള്‍ പുറത്ത്‌കാണാം. മഴക്കാലത്ത് ചോര്‍ച്ചയും വെള്ളക്കെട്ടും.
കടയ്‌ക്കുള്ളില്‍ വെള്ളം കയറുന്നതും വെല്ലുവിളി. വെള്ളപൊക്കമാകുമ്ബോള്‍ കടയിലെ സാധനങ്ങള്‍ മറ്റിടങ്ങളിലേക്ക് മാറ്റുകയാണു ചെയ്യുന്നത്.
പക്ഷി ശല്യവും ഏറെയാണ്. ഇവിടെ നിന്നും വമിക്കുന്ന ദുര്‍ഗന്ധം അസഹ്യമാണ്. വെളിച്ചമില്ലാത്ത കെട്ടിടങ്ങളുമുണ്ട്. ഒഴിഞ്ഞ മുറികള്‍ സാമൂഹ്യവിരുദ്ധരുടെ ഇടത്താവളമാണ്.
വാടക കൃത്യമായി വാങ്ങുന്നതല്ലാതെ കടമുറിയുടെ ശോച്യാവസ്‌ഥ പറയുമ്ബോള്‍ നഗരസഭയ്‌ക്കു മറുപടിയില്ല. 25 വര്‍ഷം മുന്‍പ് 800 രൂപയായിരുന്നു വാടക. 4000 രൂപയായി വാടക വര്‍ദ്ധിപ്പിച്ചതല്ലാതെ ശോച്യാവസ്‌ഥയില്‍ മാറ്റമില്ല. തിരുനക്കരയുടെ സ്‌ഥിതിയോര്‍ത്താണു പരിമിതിയിലും ഉപജീവനത്തിനായി ഇവിടെ പലരും തുടരുന്നത്.



