
തിരുവാർപ്പ്: തോടിന്റെ കടവിൽ വസ്ത്രം നനച്ചു കൊണ്ടിരുന്ന ഗൃഹനാഥനെ നീർനായ കടിച്ചു. തിരുവാർപ്പ് പഞ്ചായത്ത് 15-ാം വാർഡിൽ കരിയിൽ കെ.എ എബ്രഹാമിനെയാണ് നീർനായ കടിച്ച് കാൽ വിരലുകൾക്ക് പരുക്കേൽപ്പിച്ചത്.
കർഷകനായ എബ്രാഹം പാടത്തു പോയി വന്നതിനു ശേഷം മീനച്ചിലാറിന്റെ കൈവഴിയായ തോട്ടിൽ വസ്ത്രം കഴുകിക്കൊണ്ടിരുന്നപ്പോൾ വെള്ളത്തിൽ നിന്ന് ഉയർന്നുവന്ന് കടവിൽ നിന്ന എബ്രഹാമിന്റെ കാലിൽ കടിക്കുകയായിരുന്നു.
കാലിന്റെ മൂന്ന് വിരലുകളാണ് കടിച്ചു കീറിയത്. ഇന്നലെ വൈകുന്നേരം 5.30 നായിരുന്നു സംഭവം. ഉടൻ തന്നെ കോട്ടയം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. 14 കുത്തിവെപ്പുകൾ എടുക്കുകയും മുറിവേറ്റ ഭാഗം ഡ്രസ് ചെയ്യുകയും ചെയ്തു. വീണ്ടും മുന്നു ദിവസങ്ങൾ കൂടി ആശുപത്രിയിലെത്തണമെന്നാവശ്യപ്പെട്ടാണ് ഡിസ്ചാർജു ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ തോട്ടിൽ നീർ നായയുടെ ശല്യം ഏറെയാണെന്നും ഈ മാസം മാത്രം അഞ്ചു പേരെ നീർനായ് അക്രമിച്ചിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. പലരും സ്റ്റീൽ വല കടവിൽ വലിച്ചു കെട്ടിയാണ് നീർനായ അക്രമണത്തെ പ്രതിരോധിക്കുന്നതെന്നും അവർ പറഞ്ഞു.




