
കോട്ടയം : മഴയെത്തിയതോടെ എം.സി റോഡിലുള്‍പ്പെടെ കുഴികള്‍ നിറഞ്ഞ് തുടങ്ങി. ഇതോടെ അപകടസാദ്ധ്യതയുമേറി. കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതാണ് ഇരുചക്രവാഹനങ്ങള്‍ക്കടക്കം കെണിയൊരുക്കുന്നത്.
അടുത്തകാലത്ത് റീടാർ ചെയ്ത ഗ്രാമീണ റോഡുകളിലടക്കം കാല്‍നടയാത്ര പോലും ദുഷ്‌ക്കരമായി.
നാഗമ്പടം മേല്‍പ്പാലം സിഗ്‌നല്‍ ജംഗ്ഷന് സമീപം, കഞ്ഞിക്കുഴി റോഡ്, മാർക്കറ്റ് റോഡ്, പാസ്‌പോർട്ട് ഓഫീസ് റോഡ്, ചെല്ലിയൊഴുക്കം റോഡ്, കളക്ടറേറ്റ്, പ്ലാന്റേഷൻ റോഡ് തുടങ്ങി നിരവധിയിടങ്ങളിലാണ് കുഴികള്‍. നാഗമ്പടം പാലത്തിന് സമീപം രൂപപ്പെട്ട കുഴിയില്‍ വാഹനങ്ങള്‍ നിയന്ത്രണം വിടുന്നത് പതിവായി.
ഓട്ടോറിക്ഷ ഡ്രൈവർമാർ ചേർന്ന് കഴിഞ്ഞ ദിവസം കുഴിയ്ക്ക് മുകളില്‍ കസേര സ്ഥാപിച്ചിരുന്നു.ഇത് മാറ്റി കല്ലുകള്‍ നിറച്ച നിലയിലാണ്. പാലത്തിലെ കുഴികള്‍ മൂടേണ്ട ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. മുൻപ് റെയില്‍വേയുടെ കൈവശമായിരുന്നു മേല്‍പ്പാലവും ഇരുവശങ്ങളിലുള്ള സമീപപാതകളും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നവീകരിച്ചു, പിന്നാലെ തകർന്നു
സമീപകാലത്ത് എം.സി റോഡ് ചെങ്ങന്നൂർ വരെ നവീകരിച്ചിരുന്നു. ആധുനിക നിലവാരത്തില്‍ നവീകരണം പൂർത്തിയായ ഭാഗങ്ങളിലും കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. പാലാത്ര ബൈപാസ് ജംഗ്ഷനിലാണ് റോഡ് പൊളിഞ്ഞുതുടങ്ങിയത്. രാത്രികാലങ്ങളില്‍ കുഴികളറിയാതെ എത്തുന്നവരാണ് അപകടത്തില്‍പ്പെടുന്നവരിലേറെയും. താത്കാലികമായി കുഴികള്‍ അടയ്ക്കുന്നുണ്ടെങ്കിലും പലയിടത്തും ഫലം കാണുന്നില്ല.
ഇവിടെ സൂക്ഷിക്കണം
നാഗമ്പടം മേല്‍പ്പാലം, മണിപ്പുഴ റെയില്‍വേ മേല്‍പ്പാലം, കഞ്ഞിക്കുഴി, പ്ലാന്റേഷൻ റോഡ്, മാർക്കറ്റ് റോഡ്, കല്യാണ്‍ സില്‍ക്‌സിന് സമീപത്തെ റോഡ്, കഞ്ഞിക്കുഴി പാലം.
അപകടത്തിലേക്ക് വഴിതുറന്ന്
രാത്രിയിലെ വെളിച്ചക്കുറവും, മഴയും കാരണം കുഴികാണില്ല
കുഴികള്‍ക്ക് സമീപമെത്തുമ്പോള്‍ പെട്ടെന്ന് ബ്രേക്കിടുന്നത്
കുഴിയില്‍ ചാടാതിരിക്കാൻ വാഹനങ്ങള്‍ വെട്ടിത്തിരിക്കുന്നത്
”ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ദിനം പ്രതിസംഭവിക്കുന്നത്. മേല്‍പ്പാലം റോഡിലെയും മറ്റ് പ്രധാന റോഡിലെയും കുഴികള്‍ അടച്ച് സഞ്ചാരയോഗ്യമാക്കണം.