കോട്ടയം നഗരത്തിൽ പഴയ ഗതാഗത പരിഷ്‌കാരം പിന്‍വലിച്ചു: ബേക്കര്‍ ജംഗ്ഷനില്‍  പുതിയ പരിഷ്കാരം ഇന്നു മുതൽ

Spread the love

കോട്ടയം: നഗരത്തില്‍ വീണ്ടും ഗതാഗത പരിഷ്‌കാരവുമായി പോലീസ്. ബേക്കര്‍ ജംഗ്ഷനിലാണ് കുരുക്കൊഴിവാക്കാന്‍ പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തുന്നത്.
കഴിഞ്ഞ മൂന്നാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ കുരുക്കൊഴിവാക്കാന്‍ കാര്യമായി പ്രയോജനപ്പെട്ടില്ലെന്നു മാത്രമല്ല, യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുകയാണ് ചെയ്തത്. ഇതു പരിഗണിച്ചാണ് ജില്ലാ പോലീസ് ചീഫിന്‍റെ നിര്‍ദേശ പ്രകാരം ഇന്നു മുതല്‍ പുതിയ പരിഷ്‌കാരം നടപ്പാക്കുന്നത്.

ഇതിന്‍പ്രകാരം കുമരകം, അയ്മനം, കുടമാളൂര്‍ ഭാഗത്തുനിന്നു വരുന്ന സ്വകാര്യ ബസുകളും കെഎസ്‌ആര്‍ടിസി ബസുകളും എംസി റോഡില്‍ ഇറക്കി നിര്‍ത്താതെ സൂഡിയോ കടയുടെ മുന്‍വശത്തു നിര്‍ത്തി യാത്രക്കാരെ ഇറക്കി സീസേഴ്‌സ് ജംഗ്ഷന്‍ വഴി നാഗമ്ബടം സ്റ്റാന്‍ഡിലേക്ക് പോകണം. ഈ ഭാഗത്തുനിന്നു വരുന്ന ബസുകള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി ശാസ്ത്രീ റോഡ് ബസ്‌റ്റോപ്പില്‍ ആളെ ഇറക്കി കുര്യന്‍ ഉതുപ്പ് റോഡുവഴി നാഗമ്ബടത്തേക്ക് പോകുന്ന രീതിയായിരുന്നു മൂന്നാഴ്ച നടപ്പാക്കിയിരുന്നത്. ഇതു യാത്രക്കാരെ വലച്ചിരുന്നു.

എംസി റോഡു വഴി ഏറ്റുമാനൂര്‍, മെഡിക്കല്‍ കോളജ് ഭാഗങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസുകളും കെഎസ്‌ആര്‍ടിസി ബസുകളും ശക്തി ഹോട്ടലിനു സമീപമുള്ള വെയിറ്റിംഗ് ഷെഡിനു മുന്‍വശം നിര്‍ത്തി യാത്രക്കാരെ കയറ്റി ഉടന്‍ തന്നെ പേകണം. ഇതാണ് പുതിയ പരിഷ്‌കാരം.
പരിഷ്‌കാരത്തിന്‍റെ ഭാഗമായി ബേക്കര്‍ ജംഗ്ഷനില്‍ ഇപ്പോള്‍ ബസ് നിര്‍ത്തുന്ന എവിജി പമ്പിനു സമീപം ട്രാഫിക് കോണ്‍ ഉപയോഗിച്ച്‌ കയര്‍ കെട്ടി ബ്ലോക്ക് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാര്‍ മുന്നോട്ടു മാറി വെയിറ്റിംഗ് ഷെഡില്‍ നില്‍ക്കണമെന്ന ബോര്‍ഡുമുണ്ട്. പുതിയ ഗതാഗത പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനും നിയന്ത്രിക്കാനും ഇന്നു മുതല്‍ പോലീസന്‍റെ നിരീക്ഷണവുമുണ്ടാകും.

പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയാലും പലപ്പോഴും പാലിക്കപ്പെടാതെ പോകുന്നതായാണ് കാണാന്‍ കഴിയുന്നത്. ബേക്കര്‍ ജംഗ്ഷനിലെ ബസ്റ്റോപ്പ് മാറ്റം എത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടറിയേണ്ടതാണ്.

ഇവിടെ പോലീസിന്‍റെ നിയന്ത്രണം ഉണ്ടെങ്കിലേ പരിഷ്‌കാരം വിജയിക്കുകയുള്ളൂ. അല്ലെങ്കില്‍ ബസുകള്‍ തോന്നും പടി നിര്‍ത്തും. ബേക്കര്‍ ജംഗ്ഷനില്‍ ശക്തി ഹോട്ടലിനു മുന്‍വശത്തു വാഹനങ്ങള്‍ യുടേണ്‍ എടുക്കുന്നതും ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. ഇത് നിയന്ത്രിക്കാന്‍ പോലീസ് തയാറാകുന്നില്ല. അതേപോലെ, കുമരകം റോഡിലും ട്രാഫിക് കോണുകള്‍ തീരുന്ന ഭാഗത്ത് വാഹനങ്ങള്‍ യുടേണ്‍ എടുക്കുന്നു.

ഇതു നിയന്ത്രിക്കണം. സൂഡിയോയ്ക്കു മുമ്ബിലുടെയുള്ള റോഡില്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡുമുണ്ട്. ഇവിടെ പലപ്പോഴും രണ്ടു വരിയായിട്ടാണ് ഓട്ടോറിക്ഷകള്‍ പാര്‍ക്കു ചെയ്യുന്നത്. കഷ്ടിച്ച്‌ ഒരു വാഹനത്തിനു മാത്രം കടന്നു പോകാനേ സാധിക്കുന്നുള്ളൂ. അതേപോലെ വണ്‍വേയായ റോഡില്‍ കൂടി വാഹനങ്ങള്‍ കയറി വരുന്നതും കുരുക്കുണ്ടാക്കുന്നുണ്ട്. ഇവിടെ വണ്‍വേയാണെന്നുള്ള ബോര്‍ഡ് പോലുമില്ല.