
കോട്ടയം: നഗരസഭ നാട്ടകം സോണല്‍ ഓഫീസിലെ ഫ്യൂസ് വീണ്ടും ഊരി കെ.എസ്.ഇബി. തുടര്‍ച്ചയായ രണ്ടാം മാസവും വൈദ്യുതി ബില്‍ അടയ്‌ക്കാതെ വന്നതോടെയാണ് കെ.എസ്.ഇ.ബി പള്ളം സെക്ഷന്‍ അധികൃതര്‍ നാട്ടകം സോണല്‍ ഓഫിസിലെ വൈദ്യുതി ബന്ധം വിചേ്‌ഛദിച്ചത്.
കഴിഞ്ഞ മാസവും സമാന രീതിയില്‍ കെ.എസ്.ഇ.ബി ഓഫിസ് അധികൃതര്‍ നാട്ടകം സോണല്‍ ഓഫീസിലെ വൈദ്യുതി ബന്ധം വിചേ്‌ഛദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ മാസവും ഫ്യൂസ് ഊരിയത്.
കഴിഞ്ഞ 11 നാണ് പള്ളം സെക്ഷന്‍ ഓഫിസ് അധികൃതര്‍ നാട്ടകം സോണല്‍ ഓഫിസില്‍ വൈദ്യുതി ബില്‍ നല്‍കിയത്. 26 നായിരുന്നു ബില്‍ അടയ്‌ക്കേണ്ട അവസാന തീയതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബില്‍ അടച്ചില്ലെങ്കില്‍ 27 ന് ഫ്യൂസ് ഊരുമെന്ന മുന്നറിയിപ്പും നഗരസഭ സോണല്‍ ഓഫീസ് അധികൃതര്‍ക്കു നല്‍കിയിരുന്നു. 17 ന് തന്നെ നാട്ടകം സോണല്‍ ഓഫിസില്‍ നിന്നും കോട്ടയം ഹെഡ് ഓഫിസിലേയ്‌ക്കു വൈദ്യുതി ബില്‍ അയച്ചു നല്‍കുകയും ചെയ്‌തിരുന്നു. എന്നാല്‍, പത്ത് ദിവസം കഴിഞ്ഞിട്ടും ബില്‍ അടയ്‌ക്കാന്‍ കോട്ടയം നഗരസഭയ്‌ക്ക് സാധിച്ചില്ല.
നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്റെ ലോഗിനിലേയ്‌ക്കാണ് ഈ വൈദ്യുതി ബില്‍ അയച്ചു നല്‍കിയത്. ബില്‍ അടയക്കാതെ വന്നതോടെ ഇന്നലെ രാവിലെ ഓഫിസില്‍ എത്തിയ പള്ളം കെ.എസ്.ഇ.ബി അധികൃതര്‍ ഫ്യൂസ് ഊരി. ഇതോടെ നാട്ടകം സോണല്‍ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു.
ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ സ്‌ഥലത്ത് എത്തിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല. സംഭവത്തില്‍ സി.പി.എം. പ്രതിഷേധ സമരം നടത്തി.