
കോട്ടയം: പണം തട്ടിപ്പിന്റെ താവളമായി മാറിയ കോട്ടയം നഗരസഭയിൽ ഏതാനും ഉദ്യോഗസ്ഥർക്ക് കിട്ടിയത് മുട്ടൻപണി.
നഗരസഭയിൽ പെൻഷൻ ഫണ്ടിൽനിന്നു 2.4 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ 29 ജീവനക്കാരിൽ നിന്നു തുക ഈടാക്കാൻ തദ്ദേശവകുപ്പ് ഡയറക്ടറേറ്റിലെ ഫിനാൻസ് മാനേജ്മെന്റ് ആൻഡ് ഇൻസ്പെക്ഷൻ വിഭാഗത്തിന്റെ ശുപാർശ.
തട്ടിപ്പു നടന്ന കാലയളവായ 47 മാസം കോട്ടയം നഗരസഭയിൽ ജോലി ചെയ്ത 9 സെക്രട്ടറിമാർ ഉൾപ്പെടെയുള്ള ജീവനക്കാരിൽനിന്നു തുക ഈടാക്കാനാണു സർക്കാരിനു ശുപാർശ നൽകിയത്.
സാമ്പത്തികബാധ്യത കണക്കാക്കി 18% പിഴപ്പലിശ സഹിതം ഈടാക്കാനാണു നിർദേശം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടുതൽ തട്ടിപ്പു കണ്ടെത്തിയാൽ ആ തുകയും ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കും.
സെക്രട്ടറിമാർക്കു പുറമേ അവരുടെ പിഎ, ക്ലാർക്ക് / അക്കൗണ്ടൻ്റ്, സൂപ്രണ്ട് എന്നിവരിൽനിന്നാണു തുക ഈടാക്കുക.
കോട്ടയം നഗരസഭയിൽ ക്ലാർക്കായിരുന്ന അഖിൽ സി.വർഗീസ് എന്നയാൾ പെൻഷൻ ഫണ്ടിൽനിന്ന് അമ്മ പി.ശ്യാമളയുടെ അക്കൗണ്ടിലേക്കു 2.4 കോടിയുടെ തട്ടിപ്പു നടത്തിയെന്നാണു കേസ്.
ക്രമക്കേട് കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയ നഗരസഭയിലെ ഓഡിറ്റ് വിഭാഗം ഉദ്യോഗസ്‌ഥർക്കെതിരെയും നടപടിക്കു ശുപാർശ ചെയ്തിട്ടുണ്ട്. സംഭവത്തിൽ നഗരസഭാ ഡപ്യൂട്ടി സെക്രട്ടറി ഉൾപ്പെടെ 4 പേരെ നേരത്തേ തദ്ദേശവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. തട്ടിപ്പിനുശേഷം മുങ്ങിയ അഖിൽ സി.വർഗീസിനെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇതേസമയം നഗരസഭയിലെ 211 കോടി രൂപ കാണാനില്ലെന്ന മറ്റൊരു റിപ്പോർട്ട് ഈയിടെ പുറത്തു വന്നിരുന്നു. 211 കോടി കാണാനില്ലെന്ന ഓഡിറ്റ് റിപ്പോർട്ടിൽ വെള്ളിയാഴ്ച അടിയന്തര കൗൺസിൽ ചേരും
സെക്രട്ടറി കൗൺസിൽ യോഗത്തിൽ വിശദീകരണം നൽകും. വിഷയത്തിൽ ഭരണ പ്രതിക്ഷ നേതൃത്വങ്ങൾ തമ്മിൽ പോര് മുറുകുന്നതിനിടെയാണ് യോഗം



