കോട്ടയം നാഗമ്പടം റെയില്‍വേ മേല്‍പ്പാലത്തിലെ നടപ്പാത തകര്‍ന്ന നിലയില്‍: കമ്പ് കുത്തിവച്ച് നഗരവാസികളുടെ അപകട മുന്നറിയിപ്പ്: എന്നിട്ടു അധികൃതരുടെ കണ്ണ് തുറക്കുന്നില്ല.

Spread the love

കോട്ടയം: നാഗമ്പടം റെയില്‍വേ മേല്‍പ്പാലത്തിലെ നടപ്പാത തകര്‍ന്ന നിലയില്‍. ബസ്‌ കാത്തിരിപ്പുകാരെയും കാല്‍നടയാത്രികരെയും കെണിയിലാക്കിയാണ്‌ ഓടയുടെ കോണ്‍ക്രീറ്റ്‌ സ്ലാബുകള്‍ തകര്‍ന്നു കിടക്കുന്നത്‌.

അപകട മുന്നറിയിപ്പായി രണ്ടു കമ്പ് നാട്ടിവെച്ചിട്ടുണ്ടെന്നു മാത്രം. ദീര്‍ഘദൂര യാത്രികര്‍ ഉള്‍പ്പെടെ ബസ്‌ വന്നിറങ്ങുന്നത്‌ ഇവിടെയാണ്‌. ബസ്‌ കാത്തിരുപ്പു കേന്ദ്രത്തിനുള്ളിലും സ്ലാബുകള്‍ തകര്‍ന്നു വീണു.

നടപ്പാതയുടെ മറ്റ്‌ ഭാഗങ്ങളില്‍ മൂടി മാറിക്കിടക്കുന്ന നിലയിലും ഇളകിക്കിടക്കുന്ന നിലയിലുമാണ്‌. പ്രതിദിനം നൂറ്‌ കണക്കിനു യാത്രക്കാര്‍ കടന്നുപോകുന്ന നടപ്പാതയാണിത്‌. നിരവധി പേര്‍ ഇവിടെ അപകടത്തില്‍പ്പെട്ടിട്ടും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്‌. മൂടിയില്ലാത്ത ഓടകള്‍ അപകടത്തിനും വഴിയൊരുക്കുന്നു. ഇതിനു സമീപത്താണു ബസ്‌ കാത്തിരിപ്പു കേന്ദ്രത്തിലെ ഇരിപ്പിടം സ്‌ഥിതി ചെയ്യുന്നത്‌. അപകടസൂചന മുന്നറിയിപ്പായി ചുവന്ന കൊടിയും കയറും സ്‌ഥാപിച്ച നിലയിലാണ്‌.

നാഗമ്പടം മേല്‍പ്പാലത്തില്‍ വലിയ അപകടക്കെണിയാണു രൂപപ്പെട്ടിരിക്കുന്നത്‌. മേല്‍പ്പാലത്തിന്റെ നടപ്പാതയിലെ ഓടയുടെ മൂടി മാറിക്കിടക്കുന്നതിനാല്‍ യാത്രക്കാര്‍ ഭീതിയോടെയാണ്‌ ഇതുവഴി സഞ്ചരിക്കുന്നത്‌. ഇരുവശങ്ങളിലെയും ഓടയുടെ മൂടികള്‍ ഇത്തരത്തില്‍ തെന്നിമാറി കിടക്കുകയാണ്‌.

അടുത്തെത്തുമ്ബോഴായിരിക്കും അപകടക്കെണി മനസിലാകുക. പലരും തലനാരിഴയ്‌ക്കാണു രക്ഷപ്പെടുന്നത്‌. രാത്രിയാകുമ്ബോഴാണ്‌ അപകട സാധ്യതയേറുന്നത്‌. ഓടയില്‍ വീണുണ്ടാകുന്ന അപകടം ഒഴിവാക്കാന്‍ യാത്രക്കാര്‍ റോഡിലേക്കിറങ്ങി സഞ്ചരിക്കുന്നത്‌ വീണ്ടും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയില്‍ യാത്രക്കാര്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്‌.