ക്ഷീരകർഷകർ കണ്ണീരിൽ;അടിക്കടിയുണ്ടാവുന്ന വിലക്കയറ്റവും പാലിന്റെ ഉത്പാദനക്കുറവും ക്ഷീരമേഖലയില്‍നിന്നു കര്‍ഷകര്‍ പിന്തിരിയുന്നു

Spread the love

കോട്ടയം: ഉത്പാദനച്ചെലവ് വർധിച്ചതോടെ പിടിച്ചുനില്‍ക്കാനാവാതെ ക്ഷീരമേഖലയില്‍നിന്നു കര്‍ഷകര്‍ പിന്തിരിയുന്നു. കാലിത്തീറ്റ വിലവർദ്ധനവും പാലിന്റെ അളവ് കുറഞ്ഞതും കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

ഓരോ ദിവസവും കഴിയുമ്പോൾ ഒന്നും രണ്ടും പശുക്കളെ വളര്‍ത്തി ഉപജീവനം കഴിക്കുന്ന ചെറുകിട കര്‍ഷകർ ഈ മേഖലയില്‍നിന്നു പിന്‍വാങ്ങുകയാണ്. മറ്റു കൃഷികള്‍ക്കൊപ്പം പശുവളര്‍ത്തല്‍ നടത്തുന്നവര്‍ മാത്രമാണ് പിടിച്ചുനില്‍ക്കുന്നത്. നാളുകളായി പാലിന് ലഭിക്കുന്ന വിലയേക്കാള്‍ വളരെ കൂടുതലാണ് ഉത്പാദനച്ചെലവ്.

ഇതോടെ ജില്ലയിലെ പാല്‍ ഉത്പാദത്തില്‍ വന്‍ കുറവാണുണ്ടായിരിക്കുന്നത്. ജില്ലയില്‍ 2000 മുതല്‍ 3000 ലിറ്ററിന്‍റെ കുറവാണ് ദിവസേനയുണ്ടാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 54-55 രൂപ വരെ ചെലവ് വരും. എന്നാല്‍ വരുമാനം ഇതിലും കുറവാണ്. ഇതിനു പുറമേ പശുക്കള്‍ക്ക് അസുഖം വന്നാല്‍ മരുന്നുകള്‍ വാങ്ങുന്നതിനു ചെലവ് വേറെവരുമെന്നും കഷ്ടപ്പാടിനുള്ള പ്രതിഫലം ക്ഷീരമേഖലയില്‍നിന്ന് ലഭിക്കുന്നില്ലെന്നുമാണ് കര്‍ഷകര്‍ പറയുന്നത്. മുന്‍കാലങ്ങളില്‍ പശുക്കള്‍ക്കു പച്ചപ്പുല്ല്, കച്ചി എന്നിവയാണ് ധാരാളമായി നല്കിയിരുന്നത്.

പടിഞ്ഞാറന്‍ മേഖലകളില്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ നെല്‍കൃഷി കുറഞ്ഞതോടെ കച്ചിക്കു വലിയ ക്ഷാമം നേരിടുന്നുണ്ട്. കച്ചിയുടെ വിലയും വര്‍ധിപ്പിച്ചു. മുന്‍പ് സൗജന്യമായിട്ടാണ് തോട്ടങ്ങളില്‍നിന്ന് കൈത ലഭിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഏക്കറിന് രണ്ടായിരം രൂപയെങ്കിലും നല്‍കേണ്ട സ്ഥിതിയാണ്.

ചെറുകിട ക്ഷീരകര്‍ഷകര്‍ക്കു പോതപ്പുല്ല് വച്ചുപിടിപ്പിച്ച്‌ പശുക്കള്‍ക്കു നല്കുന്നതിനു സാധ്യമാവില്ല. ഇതിനെല്ലാം പുറമെ കാലിത്തീറ്റ വിലയിലും കിലോഗ്രാമിനു 10 രൂപയുടെ വര്‍ധനയുണ്ടായി. മുന്‍പ് 20-25 രൂപയ്ക്കു വരെ ലഭിച്ചിരുന്ന കാലിത്തീറ്റ കിലോയ്ക്കു 30 രൂപയ്ക്ക് മുകളില്‍ നല്‍കണം.

മഴക്കാലം ആരംഭിച്ചതോടെ പശുക്കള്‍ക്കുണ്ടാകുന്ന അസുഖങ്ങളും വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. തൈലേറിയ, അകിടുവീക്കം, ദഹനപ്രശ്നം തുടങ്ങിയ രോഗങ്ങളാണ് കൂടുതല്‍ പശുക്കളിലും കണ്ടുവരുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ ജില്ലയുടെ വിവിധ മേഖലകളില്‍ നിരവധി പശുക്കള്‍ ചത്തിട്ടുണ്ട്.
ഉത്പാദന ചെലവ് വര്‍ധിക്കുന്നത് പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

മൃഗസംരക്ഷണവകുപ്പ് ഏറെ സജ്ജീകരണങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെടുമ്ബോഴും രോഗങ്ങള്‍ പെട്ടെന്ന് കണ്ടെത്തി ചികിത്സിക്കുന്നതിന് നിലവില്‍ വേണ്ട സൗകര്യങ്ങളില്ലെന്നു കര്‍ഷകര്‍ പറയുന്നു.