പുതിയ ബാച്ച് വരുന്നതിന് മുമ്പേ കോട്ടയം മെഡിക്കല്‍ കോളജിലെ ശോച്യാവസ്ഥയിലായ മെന്‍സ് ഹോസ്റ്റലില്‍ അറ്റകുറ്റപ്പണി നടത്തും

Spread the love

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിലെ ശോച്യാവസ്ഥയിലായ മെന്‍സ് ഹോസ്റ്റലില്‍ അറ്റകുറ്റപ്പണി നടത്താന്‍ നടപടി.
രണ്ട് ലേഡീസ് ഹോസ്റ്റലും ഒരു മെന്‍സ് ഹോസ്റ്റലുമാണ് മെഡിക്കല്‍ കോളജിലുള്ളത്. 700ല്‍ പരം വിദ്യാര്‍ഥികളാണ് മൂന്നു ഹോസ്റ്റലിലുമായുള്ളത്.

ഇതില്‍ മെന്‍സ് ഹോസ്റ്റലിനാണ് കാലപ്പഴക്കത്തെത്തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്. ഇവിടെ 85 മുറികളിലായി 270 വിദ്യാര്‍ഥികളാണുള്ളത്. ഏഴു മുറികളാണ് തകരാറിലായിരിക്കുന്നത്. ഈ മുറികള്‍ ഉള്‍പ്പെടെ ഹോസ്റ്റലിന്‍റെ അറ്റകുറ്റപ്പണി നടത്തുന്നതിന് 40 ലക്ഷം രൂപയുടെ ടെന്‍ഡര്‍ നടന്നുകഴിഞ്ഞു.

ശോച്യാവസ്ഥയിലുള്ള മുറികളിലെ വിദ്യാര്‍ഥികളെ ഇവിടെനിന്നു മാറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടത്തും. ഈ റൂമുകളിലെ വിദ്യാര്‍ഥികളെ പാരാമെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലേക്കാണ് മാറ്റുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്റ്റംബര്‍ മാസത്തോടെ പുതിയ ബാച്ച്‌ വിദ്യാര്‍ഥികളെത്തുന്ന സാഹചര്യത്തില്‍ അതിനു മുമ്പേ മെന്‍സ് ഹോസ്റ്റലിന്‍റെ അറ്റകുറ്റപ്പണികള്‍ പൂർത്തീകരിക്കുമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇന്നലെ നടന്ന പിടിഎ എക്‌സിക്യൂട്ടീവ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു.

കൂടാതെ മെഡിക്കല്‍ കോളജിലെ തെരുവുനായ ശല്യം ഒഴിവാക്കുന്നതിനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ചയായി. ഇതിനായി ആശുപത്രിയിലെ ഭക്ഷണസാധനങ്ങളുടെ അവശിഷ്ടങ്ങള്‍ കുറ്റമറ്റ രീതിയില്‍ സംസ്‌കരിക്കുന്നതിന് നടപടിയെടുക്കുമെന്നും ഇതിന് പുറമെ ജില്ലാ മൃഗക്ഷേമ വകുപ്പുമായി സഹകരിച്ച്‌ നായ്ക്കള്‍ക്ക് താത്കാലിക സംരക്ഷണ കേന്ദ്രമൊരുക്കി നായ്ക്കളെ വന്ധ്യകരിക്കുന്നതിനും നടപടിയുണ്ടാകുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.