
ഗാന്ധിനഗർ: കോട്ടയം മെഡിക്കല്‍ കോളജിന്‍റെ പഴയ കോളജ് കെട്ടിടം കാടുകയറി നശിക്കുന്നു. ദന്തല്‍ കോളജിന് സമീപത്തായാണ് പഴയ മെഡിക്കല്‍ കോളജ് കെട്ടിടം.
നിലവില്‍ കോളജ് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് കോളജിന്‍റെ പ്രവർത്തനം മാറ്റിയതോടെ വർഷങ്ങളായി പഴയ കോളജ് കെട്ടിടം കാടുകയറുകയാണ്.
കോളജ് പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു കെട്ടിടത്തില്‍ ലോക്കല്‍ ഒപി തുടങ്ങിയതിനാല്‍ പരിസരം വൃത്തിയായി കിടക്കുന്നുണ്ട്. ഇതിനടുത്തുള്ള കെട്ടിടമാണ് വർഷങ്ങളായി ഉപയോഗിക്കാതെ കാടുകയറി നശിക്കുന്നത്.
മെഡക്സ് നടക്കുമ്പോള്‍ ഇവിടത്തെ കാടു വെട്ടിത്തെളിച്ച് കെട്ടിടത്തിലെ ക്ലാസ് മുറികള്‍ മെഡക്സിനായി ഉപയോഗിക്കും. മെഡക്സ് കഴിയുന്നതോടെ വീണ്ടും കാടുകയറാൻ തുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉപയോഗിക്കാതെ കിടക്കുന്നതുകൊണ്ട് കോളജ് കെട്ടിടത്തിന്‍റെ വരാന്തകള്‍ തെരുവുനായ താവളമാക്കിയിരിക്കുകയാണ്. പ്രദേശമാകെ കാടുപിടിച്ചു കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്.
ദന്തല്‍ വിദ്യാർഥികളും ദന്തല്‍ കോളജില്‍ ചികിത്സ തേടുന്നവരും ഇതിലേയുള്ള വഴി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ തെരുവുനായ്ക്കളെയും ഇഴജന്തുക്കളെയും ഭയന്നുവേണം സഞ്ചരിക്കാൻ. കെട്ടിടത്തിന്‍റെ പല ഭാഗവും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. മരച്ചില്ലകള്‍ വീണ് മുകള്‍ഭാഗവും തകർന്നിട്ടുണ്ട്.
കാട് വെട്ടിത്തെളിച്ച് കെട്ടിടത്തിന്‍റെ ശോച്യാവസ്ഥ പരിഹരിച്ചാല്‍ ആരോഗ്യ വകുപ്പിന്‍റെ വിവിധ ഓഫീസുകള്‍ ഇവിടെ പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്ന് ആരോഗ്യമേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.