
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 28 വർഷത്തിലധികമായി ശുചീകരണ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വർധിപ്പിച്ച ശമ്പളം കുറച്ചാൽ അത് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് എൽഡിഎഫിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. യു ഡി എഫ് ഇത് തെരഞ്ഞെടുപ്പു പ്രചാരണമാക്കാൻ സാധ്യതയുണ്ട്. മാത്രമല്ല മെഡിക്കൽ കോളജിലെ കോൺഗ്രസ് അനുകൂല സംഘടനകൾ ദിവസ വേതനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ
കൂട്ടിയ ശമ്പളം കുറച്ചാൽ അത് സർക്കാരിനും തിരിച്ചടിയാകും.
ജീവനക്കാർക്കിടയിൽ വൻ പ്രതിഷേധത്തിനും ഇടയാക്കും. പാവങ്ങൾക്കു വേണ്ടി നിലകൊളളുന്ന സർക്കാർ പിച്ചചട്ടിയിൽ കൈയിട്ടു വാരി എന്ന പേരുദോഷമുണ്ടാകും.
തെരഞ്ഞെടുപ്പിൽ യു സി എഫ് കോട്ടയം ജില്ലയിൽ ഇതൊരു പ്രചരണായുധമാക്കും. അങ്ങനെ വന്നാൽ കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തെ ബാധിക്കാനിടയുണ്ട്.
ഇന്നലെ ആശുപത്രി സുപ്രണ്ടുമായി ദിവസ വേതനക്കാരുടെ യുണിയൻ നേതാക്കൾ ചർച്ച നടത്താനിരുന്നതാണ്. ഔദ്യോഗിക പരിപാടിയുടെ പേരിൽ ഇന്നലെ സൂപ്രണ്ട് ഒഴിഞ്ഞുമാറി. ചർച്ച ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്.
സർക്കാർ ഉത്തരവ് നടപ്പാക്കാതിരിക്കാൻ ആശുപത്രി സൂപ്രണ്ടിന് എന്ത് അധികാരം എന്ന ചോദ്യമുയരുന്നു. പിന്നെന്തിനാണ് ഒരു മാസം വർധിപ്പിച്ച ശമ്പളം നൽകിയത് എന്നതിനും മറുപടി നൽകേണ്ടി വരും.
ഇന്നത്തെ ചർച്ചയിൽ പുതുക്കിയ ശമ്പളം നൽകാൻ തീരുമാനമാകുന്നില്ലെങ്കിൽ ജീവനക്കാരുടെ ഭാഗത്തു നിന്ന് വൈകാരികമായ പ്രതിഷേധങ്ങൾ ഉയരാൻ സാധ്യതയുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനുവരി മാസം സർക്കാർ ശന്പളം വർധിപ്പിച്ചിരുന്നു.
പത്തു വർഷമായി 500 രൂപയായിരുന്ന ദിവസ വേതനത്തില്‍ നിരവധി നിവേദനങ്ങളുടെയും ഇടപെടലുകളുടെയും അടിസ്ഥാനത്തില്‍ സർക്കാർ കഴിഞ്ഞ ജനുവരിയില്‍ 210 രൂപയുടെ വർധനയാണ് വരുത്തിയത്. ജനുവരിമാസത്തെ ശന്പളം ഫെബ്രുവരിയില്‍ വർധിപ്പിച്ച 210 രൂപ കൂടി ചേർത്ത് 710 രൂപയായി വർധിപ്പിച്ചാണ് നല്‍കിയത്. എന്നാല്‍, സർക്കാർ വർധിപ്പിച്ച തുക വെട്ടിക്കുറച്ച് ഫെബ്രുവരിയിലെ ദിവസവേതനം 500 രൂപയാക്കി കുറയ്ക്കുമെന്നാണ് ആശുപത്രി അധികൃതർ ഇപ്പോള്‍ ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. ഇത് കടുത്ത അനീതിയും പ്രതിഷേധാർഹവുമാണെന്ന് ജീവനക്കാർ പറയുന്നു.
മെഡിക്കല്‍ കോളജിലെ സർക്കാർ ജീവനക്കാർക്കൊപ്പം സ്പാർക്കു മുഖേന ശന്പളം ലഭിക്കുന്ന താത്കാലിക ജീവനക്കാരാണിവർ. വർഷങ്ങള്‍ക്ക് മുമ്പ് ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് അതത് കാലത്തെ ആശുപത്രി സൂപ്രണ്ടുമാരാണ് ദിവസ വേതനാടിസ്ഥാനത്തില്‍ ഇവരെ ശുചീകരണ വിഭാഗത്തില്‍ നിയമിച്ചത്. 28 വർഷത്തിലധികമായി ജോലി ചെയ്യുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. കുടുംബശ്രീയില്‍ നിന്നും ജില്ലാ ആരോഗ്യമിഷനില്‍ നിന്നുമൊക്കെ ശുചീകരണ വിഭാഗത്തിലേക്കു നിയമനം നടക്കുന്നതിന് മുമ്പ് ജോലിയില്‍ പ്രവേശിച്ചവരാണിവർ.
ആശുപത്രിയില്‍ ആധുനിക മാലിന്യ സംസ്കരണ സംവിധാനങ്ങളൊക്കെ വരുന്നതിന് മുമ്പ് ആശുപത്രി വാർഡുകളും ബാത്ത്റൂമുകളും ആശുപത്രി പരിസരവും വൃത്തിയാക്കിയിരുന്നത് ഈ ജീവനക്കാരായിരുന്നു.
അക്കാലത്ത് ഇത്രയധികം ലിഫ്റ്റുകളും ആശുപത്രിയിലുണ്ടായിരുന്നില്ല.ആശുപത്രിക്കെട്ടിടത്തിന്റെ വിവിധ നിലകളില്‍ പ്രവർത്തിക്കുന്ന വാർഡുകളിലെയും ആശുപത്രിയുടെ മുക്കിലും മൂലയിലുംനിന്നുവരെ സ്റ്റെപ്പുകള്‍ കയറിയിറങ്ങിയാണ് ഇവർ മാലിന്യങ്ങള്‍ താഴെയെത്തിച്ചിരുന്നത്. അത്രയധികം കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ടെന്ന് ഈ വിഭാഗം ജീവനക്കാർ പറയുന്നു.
കൊറോണ കാലത്തു പോലും നിസ്വാർത്ഥ സേവനം അനുഷ്ഠിച്ചവരാണ് ഇവർ.
സർക്കാർ വർധിപ്പിച്ച വേതനം വെട്ടിക്കുറയ്ക്കാനുള്ള ആശുപത്രി അധികൃതരുടെ നീക്കം ആത്മഹൂതിയടക്കമുള്ള പ്രതിഷേധത്തിലേക്ക് തങ്ങളെ തള്ളിവിടുന്നതാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടി. ഈ നീക്കത്തിനെതിരേ പ്രതിഷേധത്തിനൊപ്പം നിയമനടപടികളും സ്വീകരിക്കുമെന്ന് കേരളാ സ്റ്റേറ്റ് ഹോസ്പിറ്റല്‍ വർക്കേഴ്സ് അസോസിയേഷൻ (ഐഎൻടിയുസി ) ജില്ലാ പ്രസിഡന്റ് തോമസ് കല്ലാടനും പറഞ്ഞു.
എട്ടു മാസം മുമ്പ് സംഘടന നല്‍കിയ നിവേദനത്തെത്തുടർന്നാണ് ശമ്പളം വർധിപ്പിച്ചത്. ശന്പളം വെട്ടിക്കുറയ്ക്കാൻ നടത്തുന്ന നീക്കത്തെക്കുറിച്ച് ആശുപത്രി സൂപ്രണ്ടുമായി സംസാരിച്ചപ്പോള്‍ സർക്കാർ ഉത്തരവില്‍ വ്യക്തതയില്ലെന്നു പറഞ്ഞതായും തോമസ് കല്ലാടൻ ആരോപിച്ചു. ഈ നീക്കത്തിനു പിന്നില്‍ ഭരണകക്ഷിയില്‍പ്പെട്ടവരുടെ ഇടപെടല്‍ ഉണ്ടായതായി സംശയിക്കുന്നതായി സൂചിപ്പിച്ച തോമസ് കല്ലാടൻ ഇന്നു വീണ്ടും സൂപ്രണ്ടുമായി ചർച്ച നടത്തുമെന്നു കൂട്ടിച്ചേർത്തു.



